മാവൂർ: കൃഷിവൈവിധ്യങ്ങൾ പരീക്ഷിക്കുന്ന മാവൂരിലെ കെ.വി. ഷംസുദ്ദീൻ ഹാജി വിളയിച്ച കൈതച്ചക്കക്ക് തൂക്കം എട്ടു കിലോയോളം! മാവൂർ പനങ്ങോടുള്ള തോട്ടത്തിലാണ് ഭീമൻ കൈതച്ചക്ക വിളയിച്ചത്. മാവൂർ ഗ്രാസിം ഫാക്ടറി മുൻ ജീവനക്കാരന്റെ മകനാണ് ഷംസുദ്ദീൻ ഹാജിക്ക് ഏതാണ്ട് അഞ്ചുവർഷംമുമ്പ് ഇതിന്റെ തൈ നൽകിയത്. അന്നുമുതൽ സ്വന്തം പറമ്പിലും പാടത്തുമെല്ലാം കൃഷിചെയ്തെങ്കിലും ഇതുവരെ അഞ്ചുകിലോ വരെ തൂക്കമുള്ളതാണ് ലഭിച്ചത്. ഇതിൽ പത്തോളം തൈകൾ പരീക്ഷണാർഥം മാവൂർ പനങ്ങോട് കുന്നിൻമുകളിൽ പാറയുള്ള ഭാഗത്ത് കൃഷി ചെയ്യുകയായിരുന്നു.
നല്ലനിലയിൽ സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്ത് ഇളകിയ ചെമ്മണ്ണിൽ നട്ട് പരീക്ഷിച്ചപ്പോഴാണ് ഏഴും എട്ടും കിലോ തൂക്കമുള്ള കൈതച്ചക്കകൾ വിളഞ്ഞത്. മഴക്കാലത്ത് ചക്കയിൽ ജലാംശം കുറച്ച് കൂടുമെങ്കിലും വേനൽക്കാലത്ത് വളരെ സ്വാദിഷ്ടമാണെന്ന് ഷംസുദ്ദീൻ ഹാജി പറയുന്നു. ചെടിയുടെ ഇലകളിൽ തീരെ മുള്ള് ഇല്ലാത്തതാണ് മറ്റൊരു പ്രത്യേകത. ഏത് ഇനമാണെന്ന് അറിയാത്തതുകൊണ്ട് കെ.വി 2 എന്ന പേരിട്ടാണ് വിളിക്കുന്നത്. ഒരു വളവും ചേർക്കാതെയാണ് വിളവുണ്ടാക്കിയത്. ഇത്രയും ഭാരമേറിയ കൈതച്ചക്ക ഇതുവരെ ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും കാലാവസ്ഥയും മണ്ണും ഏറ്റവും അനുകൂലമായതാണ് ഇത്രയും തൂക്കമുള്ളത് വിളയിച്ചെടുക്കാൻ സാധിച്ചതെന്നും മാവൂർ കൃഷി ഓഫിസർ ഡോ. ദർശന ദിലീപ് പറഞ്ഞു.
മാവൂർ കൽച്ചിറ ഭാഗത്തും മാമ്പറ്റയിലുമുള്ള തോട്ടങ്ങളിലും മാവൂർ ടൗൺ പരിസരത്തെ വീട്ടുവളപ്പിലും വൈവിധ്യമാർന്ന ഇനങ്ങൾ ഇദ്ദേഹം കൃഷിചെയ്തിട്ടുണ്ട്. ഡ്രാഗൺ ഫ്രൂട്ട്, അബിയു, റൊളേനിയ, റമ്പൂട്ടാൻ, വിവിധയിനം മാവുകൾ, പ്ലാവുകൾ, പേര തുടങ്ങി നിരവധി പഴവർഗങ്ങൾ ഇദ്ദേഹത്തിന്റെ തോട്ടത്തിലുണ്ട്. പ്രമുഖ വ്യാപാരിയായിരുന്ന ഇദ്ദേഹം കൃഷി ഒരു പാഷനായി കൊണ്ടുനടക്കുകയാണ്. വിളയിക്കുന്ന പഴങ്ങൾ കൂട്ടുകാർക്കും പരിചയക്കാർക്കും ബന്ധുക്കൾക്കും മറ്റും നൽകുകയാണ് പതിവ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.