ജ​യ്​​സ​ൻ കൃ​ഷി​യി​ട​ത്തി​ലെ സൂ​ര്യ​കാ​ന്തി ചെ​ടി​ക​ൾ​ക്കൊ​പ്പം

മണ്ണറിഞ്ഞാൽ വിളയും സൂര്യകാന്തിയും

തൊടുപുഴ: മലയാളികള്‍ക്ക് പരിചിതമല്ലാത്ത പലതും കൃഷിയിടത്തിൽ വിളയിക്കുകയാണ് ഉടുമ്പന്നൂരിലെ ഗ്രാമീണ കർഷകൻ. ആലക്കല്‍ ജയ്‌സണ്‍ വര്‍ഗീസിന്റെ ഒരേക്കര്‍ കൃഷിയിടം വിളകളുടെ പരീക്ഷണശാലയെന്ന് പറയുന്നതിൽ ഒരു തെറ്റുമില്ല. സൂര്യകാന്തി, ചോളം, ഉഴുന്ന്, ചാമ, എള്ള് എന്നിങ്ങനെയുള്ള കൃഷികളോടാണ് ജയ്സണ് പ്രിയം. പരീക്ഷണമായി കൃഷിയിറക്കി നേട്ടംകൊയ്ത ഈ കര്‍ഷകന്റെ കൃഷിയിടം കാണാനും കാര്‍ഷിക വിളകള്‍ തൊട്ടറിയാനും നിരവധിപ്പേരാണ് എത്തുന്നത്. ഇരിപ്പൂകൃഷി കഴിഞ്ഞുള്ള ഇടവേളയിലാണ് പാടത്ത് സൂര്യകാന്തികൃഷിയും മറ്റു വിളകളും പരീക്ഷിക്കാന്‍ ഇദ്ദേഹം ആലോചിക്കുന്നത്. നമ്മുടെ മണ്ണിൽ ഇവയെങ്ങനെ പ്രതികരിക്കുന്നു എന്നറിയുക മാത്രമായിരുന്നു ഉദ്ദേശമെന്ന് ജയ്സൺ പറഞ്ഞു. തമിഴ്‌നാട്ടിലെ ചിന്നമന്നൂരിലെത്തി സൂര്യകാന്തിയുടെ വിത്ത് ശേഖരിച്ചു. കിലോക്ക് 1500 രൂപയായിരുന്നു വില. 14 സെന്‍റ് സ്ഥലത്തായി വിത്ത് വിതച്ചത്. വിതക്കുശേഷം ട്രാക്ടര്‍ ഉപയോഗിച്ച് പാടം ഉഴുതു.

45ആം ദിവസം പൂവിട്ട് സൂര്യകാന്തി ഇപ്പോള്‍ വിളവെടുപ്പിന് പാകമായി. മുളച്ചുവളര്‍ന്നുനില്‍ക്കുന്ന സൂര്യകാന്തിപ്പാടം കണ്ടാല്‍ ആരുടെയും മുഖത്ത് കൗതുകം വിരിയും. സൂര്യകാന്തിക്ക് സമീപം വിവിധതരം ചോളം, ചാമ, ഉഴുന്ന്, എള്ള് എന്നിവയും കൃഷി ചെയ്തിട്ടുണ്ട്. ഉഴുന്നിന്റെ വിളവെടുപ്പ് കഴിഞ്ഞ ദിവസം നടത്തി. മികച്ച വിളവാണ് ലഭിച്ചതെന്നും നമ്മുടെ മണ്ണിലും കൃത്യമായ പരിപാലനത്തിലൂടെ ഇവയെല്ലാം വിളയുമെന്നും ഈ കർഷകൻ പറയുന്നു. മാലിദ്വീപിലായിരുന്ന ജയ്സൺ 2017ലാണ് നാട്ടിലെത്തിയത്. പിതൃസ്വത്തായി ലഭിച്ച ഒരേക്കർ വരുന്ന നെൽപാടം പ്രവാസജീവിതം നയിക്കുമ്പോഴും പരിപാലിച്ചിരുന്നു. ആറുമാസം മുമ്പ് ജയ്സ‍ന്‍റെ പാടത്ത് വിതച്ച ബസുമതി നെല്ല് കൊയ്തതും മികച്ച വിജയമായിരുന്നു. നാലുകിലോ വിത്ത് വിതച്ചപ്പോൾ 80 കിലോ നെല്ലാണ് ലഭിച്ചത്. ബസ്മതി നെല്ലുകുത്തി അരിയാക്കാൻ പറ്റിയ മില്ല് ജില്ലയിൽ വിരളമായതിനാൽ പാലക്കാട് പോകാനിരിക്കുകയാണ് ഇപ്പോൾ. കൃഷിയോടൊപ്പം മുട്ടക്കോഴി, താറാവ്, മീൻകൃഷി എന്നിവയും ഒരു കൈ നോക്കുന്നുണ്ട്. 

Tags:    
News Summary - The rural farmer in Udumbannur is a role model

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.