കോട്ടയം: നാടൻവിത്തുകളുടെ ക്ഷാമം നേരിട്ടതോടെ തമിഴ്നാട്ടിൽ നിന്നുള്ള ഗുണനിലവാരമില്ലാത്ത വിത്തുകളുടെ വരവ് വ്യാപകമായതായി ആക്ഷേപം. ഗുണനിലവാരമില്ലാത്ത വിത്തുകൾ ഉപയോഗിക്കുന്നതിനാൽ പ്രതിസന്ധിയിലായിരിക്കുകയാണ് ജില്ലയിലെ കർഷകർ. വിത്തുകളുടെയും വളങ്ങളുടെയും ജലലഭ്യതയുടെയും പേരിൽ പരാതികൾ വ്യാപകമാണെങ്കിലും കൃഷിവകുപ്പ് മതിയായ നടപടിയെടുക്കുന്നില്ലെന്നാണ് കർഷകരുടെ ആക്ഷേപം.
ഹൈബ്രിഡ് കൃഷി പ്രോത്സാഹിപ്പിക്കാനായി ഹൈബ്രിഡ് വിത്തുകൾ ജില്ലയിൽ വ്യാപകമായി വിതരണം ചെയ്തിരുന്നു. മുളക്, വെണ്ട തുടങ്ങിയ തൈകളാണ് വിതരണം ചെയ്തത്. തമിഴ്നാട്ടിൽ നിന്നാണ് ഇവ ജില്ലയിലേക്ക് എത്തിച്ചത്. തമിഴ്നാടിനെ അപേക്ഷിച്ച് കേരളത്തിൽ അന്തരീക്ഷ ഊഷ്മാവ് കൂടുതലാണ്. ഇതോടെ മറുസംസ്ഥാനത്തെ കാലാവസ്ഥക്ക് അനുയോജ്യമായ വിത്തുകൾ നാട്ടിൽ പ്രതീക്ഷിച്ച വിളവ് നൽകാത്തത് കർഷകർക്ക് തിരിച്ചടിയായി.
വാഴക്കൃഷി അധികമായി ചെയ്യുന്ന മധ്യകേരളത്തിലെ ഭൂരിഭാഗം പ്രദേശത്തെയും കർഷകർ ആശങ്കയിലാണ്. നാടൻവിത്തുകളിറക്കിയാണ് മുമ്പ് കർഷകർ കൃഷിചെയ്തിരുന്നത്. അതിനിടെ തമിഴ്നാട്ടിൽ വാഴക്കൃഷി പ്രോത്സഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇവിടെനിന്ന് വൻതോതിൽ വിത്തുകൾ കയറ്റുമതി ചെയ്തു.
കൂടാതെ വിത്ത് പിരിച്ചെടുക്കുന്നതിനുള്ള കൂലി വർധിപ്പിക്കുക കൂടി ചെയ്തതോടെ നാടൻവിത്തുകളുടെ ലഭ്യത ഇടിയുകയായിരുന്നു. ഇതോടെയാണ് നാടൻവിത്തുകൾക്ക് ക്ഷാമം നേരിടുകയും അത് പരിഹരിക്കാനെന്നോണം തമിഴ്നാട്ടിൽ നിന്ന് വിത്തുകൾ എത്തിക്കാനും തുടങ്ങിയത്. തുടക്കത്തിൽ മികച്ചയിനം വിത്തുകൾ ലഭിച്ചെങ്കിലും കാലക്രമേണ ഗുണനിലവാരം കുറയുകയായിരുന്നു.
മുൻകാലങ്ങളിൽ സൗജന്യമായോ തുച്ഛ വിലക്കോ ലഭിച്ച വിത്തുകൾ കൂടിയ തുക കൊടുത്തുവാങ്ങേണ്ട അവസ്ഥയിലാണ് കർഷകർ. ഏത്തവാഴ വിത്തിന് 15 രൂപ, പൂവന് 30 രൂപ, ഞാലിപ്പൂവന് 25 രൂപ, പാളയംകോടന് 15 രൂപ, റോബസ്റ്റക്ക് 15 - 20രൂപ എന്നിങ്ങനെയാണ് നിലവിലെ വില. ഇത്തരത്തിൽ പണം കൊടുത്ത് വാങ്ങുന്ന വിത്തുകൾ ഉപയോഗിച്ചുള്ള കൃഷി ഗുണകരമല്ലെന്നാണ് കർഷകർ പറയുന്നത്.
നേരത്തേ അഞ്ച് പടല വരെ കായ്ഫലം ഉണ്ടായിരുന്നിടത്ത് തമിഴ്നാട് വിത്ത് ഉപയോഗിച്ചതോടെ രണ്ടു പടല വരെ കായ്ഫലമേ ലഭിക്കുന്നുള്ളൂ എന്നാണ് പരാതി. പ്രതിസന്ധിയെ തുടർന്ന് ഓണം വിപണിയിൽ പ്രതീക്ഷയർപ്പിച്ച കർഷകർ ആശങ്കയിലാണ്. ഇത്തരം വിത്തുകളുടെ ഉപയോഗം കായ്ഫലത്തെ കൂടാതെ വളപ്രയോഗവും പ്രതിസന്ധിയിലാക്കുന്നുണ്ട്. കൂട്ടുവളങ്ങളിൽ ക്രമക്കേട് വ്യാപകമാണ്.
അനുപാതം കൃത്യമായി പാലിക്കാതെ കൂട്ടുവളങ്ങൾ ഉപയോഗിച്ച് കൃഷിചെയ്യുമ്പോൾ ഉത്പാദനം വലിയതോതിൽ കുറയാനിടയാകുന്നു. കൂട്ടുവളങ്ങളെ സംബന്ധിച്ചുള്ള ആക്ഷേപങ്ങൾ വ്യാപകമാണെങ്കിലും പരിശോധന നടത്താനോ നടപടി സ്വീകരിക്കാനോ കൃഷിവകുപ്പ് തയാറാകുന്നില്ല. തമിഴ്നാടിനെ അപേക്ഷിച്ച് കേരളത്തിൽ തുടരുന്നത് പരമ്പരാഗത കൃഷി രീതിയാണ്.
മറ്റു സംസ്ഥാനങ്ങളിലേത് പോലെ നവീന കൃഷിരീതിയിലേക്ക് തിരിയുന്നതിന് കർഷകർക്കായി വകുപ്പിൽ നിന്നോ അധികൃതരിൽ നിന്നോ മതിയായ പ്രോത്സാഹനം ലഭിക്കുന്നില്ല. കൃഷിക്ക് അനുയോജ്യമായ അന്തരീക്ഷം അന്യ സംസ്ഥാനങ്ങളിലെ സർക്കാറിന്റെ പിന്തുണയോടെ ഒരുക്കുന്നതിനാൽ കർഷകർക്ക് പലായനം ചെയ്യേണ്ടിവരികയാണെന്നും കർഷകർ ആരോപിക്കുന്നു.
കാലാവസ്ഥാവ്യതിയാനത്തെ തുടർന്ന് മറു സംസ്ഥാനത്തെ കിഴങ്ങുവർഗങ്ങളുടെ ഉത്പാദനം ഗണ്യമായി കുറഞ്ഞിരുന്നു. ഇതോടെ വിത്തുകൾക്കും വില കുത്തനെ ഉയർന്നു. വിത്തുകൾക്ക് വില കൂടിയതിനാൽ കിഴങ്ങുവിളകൾക്ക് വരുന്ന വർഷവും വില കൂടുമെന്നാണ് കണക്കുകൂട്ടൽ.
വില ഉയർന്നതോടെ കർഷകർ കിഴങ്ങുവിളകളുടെ ഉത്പാദനം ഗണ്യമായി കുറച്ചിട്ടുണ്ട്. ഒരു കിലോ ചേനക്ക് 100 രൂപയാണ് പൊതുവിപണിയിൽ വില. കപ്പക്ക് 20 മുതൽ 25 വരെയും ചേമ്പിന് 80 രൂപയുമാണ്. ഓണം സീസണിൽ കിഴങ്ങുവിളകളിൽ കൂടുതൽ ഡിമാൻഡ് ഏറുന്നത് ചേനക്കാണ്. കരിക്ക് രോഗത്തിന്റെ ഭീഷണിയും ചേന, ചേമ്പ് കർഷകരിൽ വെല്ലുവിളിയുയർത്തുന്നു.
കിഴങ്ങുഗവേഷണകേന്ദ്രം ഉണ്ടെങ്കിലും കർഷകർക്ക് സേവനം ലഭിക്കുന്നില്ലെന്നും വിളകൾക്കുണ്ടായ പ്രതിസന്ധി കണ്ടെത്താനോ ഗവേഷണം നടത്താനോ ആരും മുതിരുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. നല്ല വിലയുണ്ടെങ്കിലും ഇഞ്ചിയുടെ വിത്ത് കർഷകന്റെ കൈവശമില്ല. 350 രൂപയോളമാണ് ഇഞ്ചിയുടെ വിത്തിന് വില. കഴിഞ്ഞ മഴക്കാലത്ത് വിത്തുകൾ സുലഭമായിരുന്നെങ്കിൽ ഇത്തവണ നാടൻ വിത്തുകൾക്ക് ക്ഷാമം നേരിടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.