പന്തളം: ചൂടുകനക്കുന്നത് കാർഷിക മേഖലയിൽ വിളവ് കുറയാൻ കാരണമാകുമെന്ന് കർഷകർ. നെൽച്ചെടികൾക്ക് സാധാരണ 32 മുതൽ 35 ഡിഗ്രിവരെ ചൂട് താങ്ങാൻ കഴിയും. ഇപ്പോൾ പലസ്ഥലത്തും 37 ഡിഗ്രിവരെ രേഖപ്പെടുത്തുന്നതാണ് കർഷകരെ ആശങ്കയിലാക്കുന്നത്.
ചൂടുകൂടിയാൽ വിളവ് എത്തേണ്ട സമയത്തിനു മുമ്പ് നെൽച്ചെടികൾ കതിരിടുകയും വിളയുകയും ചെയ്യും. സാധാരണ ഗതിയിൽ 85 ദിവസംകൊണ്ടാണ് നെൽച്ചെടികൾ പൂക്കുന്നത്. ചൂടുകൂടിയതോടെ 75 ദിവസം കൊണ്ടുതന്നെ കതിരിടും. ഉമപോലുള്ള നെല്ല് സാധാരണ 120 മുതൽ 125 ദിവസംകൊണ്ടാണ് വിളവ് എത്തുന്നത്. അത് 10 ദിവസം മുമ്പുതന്നെ വിളയുകയാണ് ചെയ്യുന്നത്. നെല്ലിന്റെ ഓലകൾ കരിഞ്ഞുണങ്ങുകയും ചെയ്യും.
ഇത് ക്ഷീരകർഷകരെയും ബാധിക്കും. ഒരേക്കർ പാടത്തുനിന്ന് കൃത്യസമയത്ത് വിളവെത്തിയാൽ ശരാശരി 25 ക്വിന്റൽ നെല്ല് ലഭിക്കും. കാലാവധി എത്തുന്നതിനു മുമ്പ് വിളഞ്ഞാൽ അത് 20 ക്വിന്റലായി കുറയും.
കാഴ്ചയിൽ നെൽച്ചെടികളിൽ മാറ്റം കാണുകയില്ല എങ്കിലും പതിര് അളവ് കൂടുതലാകും. ഇത് സംഭരണവേളയിൽ കരാറുകാർ കിഴിവ് ആവശ്യപ്പെടാൻ വഴിവെക്കും. ചൂടുകൂടിയെങ്കിലും നദികളിൽ ജലനിരപ്പ് കുറയാത്തതിനാൽ നെല്ലിന്റെ ചുവട്ടിൽ ഈർപ്പം ലഭിക്കുന്നുണ്ട് എന്നതു മാത്രമാണ് കർഷകർക്ക് ആശ്വാസം. ചൂടുകൂടുന്നത് കരകൃഷിക്കും പ്രതിസന്ധിയാണ്. പാവൽ, പടവലം, വെള്ളരി എന്നിവയുടെ ഉൽപാദനം കുറഞ്ഞു. ചൂടുകൂടിയ സമയത്ത് ലഭിക്കുന്ന വിളവിന് വലുപ്പം കുറവായതിനാൽ മാർക്കറ്റിൽ വേണ്ടത്ര വില ലഭിക്കുന്നില്ലെന്നും കർഷകർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.