ആറ്റിങ്ങൽ: വെള്ളപ്പൊക്കത്തിൽ മുങ്ങിത്താഴ്ന്ന പിരപ്പമൺകാട് പാടശേഖരത്തിലെ കൃഷി വിളവെടുപ്പ് ആരംഭിച്ചു. രണ്ടുദിവസം മഴ മാറിനിന്നതോടെ വെള്ളം ഇറങ്ങിയ പാടത്ത് കൊയ്ത്ത് ഉത്സവത്തിന് തുടക്കം കുറിക്കാൻ കൃഷി മന്ത്രി തന്നെയെത്തി. ഒരു ഉയിർത്തെഴുന്നേൽപ്പിന്റെ ആവേശത്തിൽ കർഷകരും നാട്ടുകാരും ഒന്നാകെ കൃഷിയിടത്തിലേക്കിറങ്ങി. 50 ഏക്കറോളം വരുന്ന കൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചു.
ഒന്നര പതിറ്റാണ്ടായി തരിശിട്ടിരുന്ന പാടശേഖരമാണിത്. പാടശേഖര സമിതി, സൗഹൃദ കൂട്ടായ്മ എന്നിവരുടെ ആഭിമുഖ്യത്തിലാണ് കൃഷി നടത്തിയത്. ഇടയ്ക്കോട് സർവിസ് സഹകരണ ബാങ്ക് പത്തേക്കറിൽ കൃഷി ചെയ്തിട്ടുണ്ട്. അവനവൻചേരി ഗവ. ഹൈസ്കൂളിലെ എസ്.പി.സി യൂനിറ്റ്, നിറവ് പൂർവ വിദ്യാർഥി കൂട്ടായ്മ, കർഷക സംഘം കോരാണി യൂനിറ്റ്, കുടുംബശ്രീ എന്നിവയും ഇവിടെ കൃഷിയിറക്കി.
തരിശു കിടന്ന പാടശേഖരങ്ങളിലാണ് കൂട്ടായ്മയുടെ പിൻബലത്തിൽ കൃഷിയിറക്കിയത്. മികച്ച വിളവാണ് ലഭിച്ചത്. എന്നാൽ, ശനിയാഴ്ചത്തെ മഴയിൽ കൊയ്ത്ത് ആരംഭിക്കാനിരുന്ന വയലുകൾ പൂർണമായും വെള്ളത്തിനടിയിലായിരുന്നു. വയലിൽ അഞ്ചടി ഉയരത്തിൽ വെള്ളം നിറഞ്ഞുനിന്നു.
ഒഴുക്കുള്ളതിനാൽ കൃഷി പൂർണമായും നശിക്കുമെന്ന ആശങ്കയുണ്ടായിരുന്നു. രണ്ടുദിവസം മഴ മാറി നിന്നതോടെ വെള്ളം ഇറങ്ങി. ഇതോടെയാണ് കൊയ്ത്ത് ഉത്സവത്തിന് അരങ്ങ് ഒരുങ്ങിയത്. ഏലാ തോടുകൾ വരുന്ന ഭാഗങ്ങളിലുള്ള കൃഷിക്ക് നാശം ഉണ്ടായിട്ടുണ്ട്. എങ്കിലും 80 ശതമാനം വിളവും നഷ്ടപ്പെടാതെ കർഷകർക്ക് ലഭിച്ചിട്ടുണ്ട്.
കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ കൃഷി മന്ത്രി പി. പ്രസാദ് പാടശേഖരത്തിൽ കർഷകർ ഒരുക്കിയ ഏറുമാടം സന്ദർശിച്ച ശേഷമാണ് വയലിലിറങ്ങിയത്. കൊയ്ത്തുപാട്ടും കൈത്താളവുമായി നാട്ടുകാർ ആവേശം പകർന്നു. ഈ നെല്ല് പിരപ്പമൺകാട് ബ്രാൻഡിൽ അരിയാക്കി വിപണിയിൽ എത്തിക്കണമെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ മിൽ സ്ഥാപിക്കണം. അതിനു സർക്കാർ സബ്സിഡി നൽകുമെന്നും അദ്ദേഹം പറഞ്ഞു. മുതിർന്ന കർഷകരെ മന്ത്രി ആദരിച്ചു. വി. ശശി എം.എൽ.എ, ഒ.എസ്. അംബിക എം.എൽ.എ, പഞ്ചായത്ത് പ്രസിഡൻറ് എ. ചന്ദ്രബാബു, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി. ജയശ്രീ, വിഷ്ണു രവീന്ദ്രൻ.
വി.ആർ. സാബു, രതീഷ് രവീന്ദ്രൻ, ഷൈനി, ബിജു, മോഹൻദാസ്, അർച്ചന, കോരാണി വിജു, ബി. രാജീവ്, ശരൺ കുമാർ, ജാസ്മിൻ, ശിവപ്രസാദ്, ശ്രീധരൻ നായർ, എസ്.പി.സി കോഓഡിനേറ്റർ എൻ. സാബു, ഇടയ്ക്കോട് എൽ.പി.എസ് എച്ച്.എം ജയകുമാർ, എം.ജി.എം സ്കൂൾ എച്ച്.എം അരുൺ എന്നിവർ പങ്കെടുത്തു.
വയലിൽ വെള്ളം പൂർണമായും വറ്റാത്തതിനാൽ കൊയ്ത്ത് യന്ത്രം ഇറക്കാൻ കഴിയാത്ത അവസ്ഥയാണ്. ഒരു ദിവസം കൂടി മഴ മാറി നിന്നാൽ യന്ത്രസഹായത്തോടെ വേഗത്തിൽ കൊയ്ത്ത് പൂർത്തിയാക്കാൻ കഴിയും. നിലവിൽ കർഷകത്തൊഴിലാളികളും കൂട്ടായ്മ പ്രവർത്തകരും ഒന്നിച്ച് വിളവെടുപ്പിന് ഇറങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.