നെടുമങ്ങാട്: കാര്‍ഷിക പ്രവര്‍ത്തനത്തില്‍ യുവതയുടെ കഠിനാധ്വാനത്തിന് പത്തരമാറ്റ് തിളക്കം. ജില്ലയിലെ മികച്ച കൃഷിക്കൂട്ടത്തിനുള്ള കൃഷി വകുപ്പിന്റെ പുരസ്കാരം പേരയം നന്മ സാംസ്കാരികവേദി ആന്‍ഡ് ഗ്രന്ഥശാല കരസ്ഥമാക്കി. രണ്ടുവര്‍ഷം മുമ്പാണ് ഗ്രന്ഥശാലയിലെ യുവാക്കളുടെ നേതൃത്വത്തില്‍ പച്ചക്കറി കൃഷി ആരംഭിച്ചത്.
രണ്ട് ഘട്ടങ്ങളായുള്ള കൃഷിയിലൂടെ കഴിഞ്ഞവര്‍ഷം പനവൂര്‍ പഞ്ചായത്തിലെ മികച്ച കാര്‍ഷിക ക്ലബിനുള്ള പുരസ്കാരം തേടിയിരുന്നു. പനവൂര്‍ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹായത്തോടെ പേരയം ആയിരവില്ലി ക്ഷേത്രത്തിന് കീഴിലുള്ള ഒരേക്കര്‍ പാട്ടത്തിനെടുത്ത് കൃഷി ആരംഭിച്ചു.
അവധി ദിവസങ്ങളില്‍ മുഴുവനായും പ്രവൃത്തിദിവസങ്ങളില്‍ രാവിലെയും വൈകീട്ടും ഗ്രന്ഥശാല പ്രവര്‍ത്തകര്‍ കൃഷിഭൂമിയില്‍ നിറസാന്നിധ്യമാണ്. 30 പേരടങ്ങുന്ന കൂട്ടായ്മയില്‍ യുവാക്കളാണ് അധികവും.
നിലമൊരുക്കല്‍, നടീല്‍ തുടങ്ങിയ ജോലികളെല്ലാം കൂട്ടായ്മ അംഗങ്ങളാണ് ചെയ്യുന്നത്. അത്യാവശ്യം സന്ദര്‍ഭങ്ങളില്‍ മാത്രമാണ് പുറത്തുനിന്നുള്ള തൊഴിലാളികളെ വിളിക്കുന്നത്. കൃഷി ഓഫിസര്‍ പി.കെ. സൗമ്യ, കൃഷി അസിസ്റ്റന്റ് പ്രിയ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കൃഷിപാഠം.
പയറും ചീരയും മുളകും കത്തിരിയും ഉള്‍പ്പെടെ നൂറുമേനി വിളവുണ്ടായി. കാര്ഷികോൽപന്നങ്ങള് പ്രദേശത്തുതന്നെ വിറ്റഴിച്ചു. സംസ്ഥാന കൃഷി വകുപ്പിന്റെ കൃഷിദര്ശന് പരിപാടിയുടെ സമാപനത്തോടനുബന്ധിച്ച് നെടുമങ്ങാട് നടന്ന പൊതുസമ്മേളനത്തില്‍ കൃഷിമന്ത്രി പി. പ്രസാദ്, ഭക്ഷ്യമന്ത്രി ജി.ആര്. അനില്‍ എന്നിവരില്‍നിന്ന് ഗ്രന്ഥശാല പ്രസിഡന്റ് എം. സ്വരൂപും സെക്രട്ടറി ഹരിമോഹനും ചേര്‍ന്ന് പുരസ്കാരം ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.