തോട്ടം തൊഴിലാളികളുടെ പറുദീസയായിരുന്നു ഒരുകാലത്ത് പീരുമേട്. ടീ ഫാക്ടറികളാല് സമ്പന്നമായ മേഖല. എന്നാൽ, ഇന്ന് കടുത്ത പ്രതിസന്ധിയിലാണിവിടം. ഏകദേശം ഒമ്പത് തോട്ടങ്ങളാണ് വര്ഷങ്ങളായി അടഞ്ഞുകിടക്കുന്നത്. ഇവിടത്തെ തൊഴിലാളികളുടെ ജീവിതം കടന്നുപോകുന്നതാകട്ടെ വലിയ പ്രതിസന്ധികളിലൂടെയും. വാഗ്ദാനങ്ങളുമായി ജനപ്രതിനിധികളും പല തെരഞ്ഞെടുപ്പുകളും വന്നുപോയിട്ടും ലയങ്ങളിലെ ദുരിതജീവിതം തുടരുകയാണ്. ഇതേക്കുറിച്ച് 'മാധ്യമം' നടത്തുന്ന അന്വേഷണം ഇന്നുമുതൽ.
പൂട്ടിക്കിടക്കുന്ന തേയിലത്തോട്ടങ്ങളിലെ തൊഴിലാളികളുടെ ജീവിതം ഏതാണ്ട് നരകതുല്യം തന്നെയാണ്. ഒമ്പത് തേയിലത്തോട്ടങ്ങളാണ് പീരുമേട് മേഖലയിൽ മാത്രം പൂട്ടിക്കിടക്കുന്നത്. നാലായിരത്തിലേറെ തൊഴിലാളികൾ ഇതുമൂലം ദുരിതമനുഭവിക്കുന്നു. തുടർച്ചയായ മഴയും പ്രളയവുമടക്കം ഇവരുടെ ജീവിതത്തെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണ്. തകർന്ന ലയങ്ങളിൽ പ്ലാസ്റ്റിക് ഷീറ്റിനും താൽക്കാലിക മറകൾക്ക് കീഴിലുമാണ് ഇവർ കഴിഞ്ഞുകൂടുന്നത്. 21 വർഷമായി കിട്ടാനുള്ള ശമ്പള കുടിശ്ശികക്കും മറ്റ് അനുകൂല്യങ്ങൾക്കും കോടതിയിൽ പ്രതീക്ഷെവച്ച് കഴിയുകയാണ് ഇവർ. ചീന്തലാർ, ലോൺട്രി , നമ്പർ -1, നമ്പർ-2, നമ്പർ -3 ഡിവിഷനുകളാണ് 2000ൽ ഉടമ ഉപേക്ഷിച്ചുപോയത്. തൊട്ടുപിന്നാലെ എം.ജെ പ്ലാേൻറഷെൻറ കോട്ടമല, ബോണാമി, ആർ.ബി.ടി കമ്പനിയുടെ കോഴിക്കാനം, വുഡ് ലാൻഡ്, അബാൻ തോട്ടങ്ങളും അടച്ചിട്ടു. ഇതോടെ തേയിലത്തോട്ടത്തിൽ കൊളുന്ത് നുള്ളിയും മറ്റു പണികളുമായി ഉപജീവനം നടത്തിയിരുന്ന 2500 സ്ഥിരം തൊഴിലാളികളും അത്രതന്നെ താൽക്കാലിക തൊഴിലാളികളും പ്രതിസന്ധിയിലായി. തോട്ടങ്ങൾ തുറന്നു പ്രവർത്തിപ്പിക്കാൻ മാനേജ്മെൻറും ലേബർ കമീഷണറും ട്രേഡ് യൂനിയൻ പ്രതിനിധികളുമായി നിരന്തരം ചർച്ചകൾ നടത്തിയെങ്കിലും ഒന്നും വിജയിച്ചില്ല.
ആശുപത്രികൾ പൂട്ടി; യഥാസമയം ചികിത്സയില്ല
വർഷങ്ങളുടെ കാത്തിരിപ്പിന് ഫലമില്ലെന്ന് ഉറപ്പായതോടെ പലരും പട്ടിണി മാറ്റാൻ മറ്റു തൊഴിലുകൾ അന്വേഷിച്ചുപോയി. തോട്ടം അടച്ചിട്ടതോടെ ഇതോടനുബന്ധിച്ച് പ്രവർത്തിച്ചിരുന്ന ആശുപത്രികളും പൂട്ടി. ഗുരുതര രോഗം ബാധിച്ച് യഥാസമയം ചികിത്സ കിട്ടാതെ ലയങ്ങളിൽ കഴിയുന്നവർ നിരവധിയാണ്. വർഷങ്ങൾ തോട്ടത്തിൽ പണിയെടുത്ത വകയിൽ ശമ്പളകുടിശ്ശിക, പി.എഫ്, ഗ്രാറ്റ്വിറ്റി, ബോണസ്, ചികിത്സ സഹായം, കമ്പിളി കാശ് തുടങ്ങിയ ഇനത്തിൽ ഓരോ തൊഴിലാളിക്കും ശരാശരി ഒന്നരലക്ഷം മുതൽ രണ്ടരലക്ഷം രൂപവരെ കിട്ടാനുണ്ട്. ഈ തുക ലഭിക്കാൻ ഇവർ കയറിയിറങ്ങാത്ത വാതിലുകളില്ല. മരിച്ചുപോയ തൊഴിലാളികളുടെ ആശ്രിതരാകട്ടെ പകരം ജോലി എന്നെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ലയങ്ങളിൽതന്നെ കഴിയുന്നത്. തുടർച്ചയായി തൊഴിലാളികൾ നടത്തിയ പ്രതിഷേധങ്ങളും സമരങ്ങളും കൊണ്ട് ഫലമില്ലെന്ന് വന്നതോടെ പീരുമേട് ടീ കമ്പനിയിലെ തൊഴിലാളികൾ തോട്ടം ഭാഗിച്ചെടുത്ത് കൊളുന്ത് നുള്ളി വിറ്റ് ഉപജീവനം നടത്താൻ തീരുമാനിച്ചു. ഇതിന് യൂനിയനുകൾതന്നെ നേതൃത്വം നൽകി. അങ്ങനെ പീരുമേട് ടീ കമ്പനിയുടെ എല്ലാ ഡിവിഷനുകളും യൂനിയനുകൾ തൊഴിലാളികൾക്ക് വീതംെവച്ച് നൽകി. ഓരോ തൊഴിലാളികൾക്കും 500 തേയില ചെടികൾ അല്ലെങ്കിൽ രണ്ടരയേക്കർ എന്ന കണക്കിനായിരുന്നു വീതംവെപ്പ്. ഇതിലെ കൊളുന്ത് നുള്ളി വിറ്റാണ് തൊഴിലാളികൾ പട്ടിണി മാറ്റിയത്. ഇങ്ങനെയിരിക്കെ 2013ൽ പാട്ടക്കരാറിെൻറ അടിസ്ഥാനത്തിൽ ഒരാൾ തോട്ടം തുറന്നു. എന്നാൽ, തൊഴിലാളികൾക്ക് ലഭിക്കേണ്ട അനുകൂല്യങ്ങളൊന്നും നൽകാതെയായിരുന്നു തോട്ടം തുറന്നത്. ദിവസം 50 രൂപ ആഴ്ചയിൽ 300 രൂപ ചെലവ് കാശ് മാത്രമാണ് തൊഴിലാളികൾക്ക് നൽകിയത്. തോട്ടം ഉടമ ഉപേക്ഷിച്ചുപോകുമ്പോൾ എട്ടുമാസത്തെ ശമ്പളം തൊഴിലാളികൾക്ക് ലഭിക്കാനുണ്ടായിരുന്നു. എന്നാൽ 2016ൽ തൊഴിലാളികൾക്ക് ശമ്പളവും അനുകൂല്യങ്ങളും നൽകാതെ പാട്ടക്കാരനും തോട്ടം ഉപേക്ഷിച്ചു പോയി. മറ്റു തോട്ടങ്ങൾ ഒന്നും ഇക്കാലത്ത് തുറന്ന് കാര്യക്ഷമമായി പ്രവർത്തിച്ചില്ല. പാട്ടക്കാരനും കൈയൊഴിഞ്ഞതോടെ തൊഴിലാളികൾ വീണ്ടും തോട്ടം വിഭജിച്ച് കൊളുന്ത് നുള്ളി ഉപജീവനം തുടർന്നു. എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്ന ഉടനെ പൂട്ടിയ തോട്ടങ്ങൾ മുഴുവൻ തുറക്കുമെന്ന് പ്രഖാപിച്ചെങ്കിലും ഇതുവരെ നടപടി ഉണ്ടായില്ല.
സന്ദർശനങ്ങളും പ്രഖ്യാപനങ്ങളും മാത്രം; നടപടി അകലെ
തൊഴിലാളികൾ അനുഭവിക്കുന്ന ദുരിതം നേരിട്ട് മനസ്സിലാക്കാൻ ചീഫ് ഇൻസ്പെക്ടർ ഓഫ് പ്ലാേൻറഷൻ ആർ. പ്രമോദിെൻറ നേതൃത്വത്തിൽ 2017ൽ പീരുമേട് ടീ കമ്പനിയിൽ സന്ദർശനം നടത്തി. തുടർന്ന് തൊഴിലാളികളുടെ ദുരിതജീവിതം സംബന്ധിച്ച വിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് സർക്കാറിനും മനുഷ്യാവകാശ കമീഷനും സമർപ്പിച്ചു.എന്നാൽ, പിന്നീട് ഇക്കാര്യത്തിൽ തുടർനടപടികൾ ഉണ്ടായില്ല. 2018 നവംബർ 22ന് അന്നത്തെ തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണെൻറ അധ്യക്ഷതയിൽ സെക്രേട്ടറിയറ്റ് സൗത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ തോട്ടങ്ങൾ തുറക്കാൻ തീരുമാനമെടുത്തു. തുടർന്ന് 2019 ജനുവരിയിൽ പൂട്ടിയ തോട്ടങ്ങൾ മുഴുവൻ തുറക്കാൻ സർക്കാർ നടപടി തുടങ്ങിയെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ നടപ്പാക്കാനായില്ല.
ഡിസംബർ ഏഴുവരെ കമീഷന് പരാതി നൽകാം
തേയില തോട്ടം തൊഴിലാളികളുടെ ദുരിതാവസ്ഥയും ശമ്പളം ഉൾപ്പെടെയുള്ള അനുകൂല്യങ്ങൾ ലഭിക്കാത്തത് സംബന്ധിച്ച് സുപ്രീംകോടതിൽ നൽകിയ ഹരജിയുടെ അടിസ്ഥാനത്തിൽ കോടതി ഒരു റിട്ട. ജഡ്ജിയെ കമീഷനായി നിയമിച്ച് തോട്ടങ്ങളിലെ പ്രശ്നങ്ങൾ പരിശോധിച്ച് വരുകയാണ്. റിട്ട. ജഡ്ജ് ജസ്റ്റിസ് അഭയ് സാബ്രയെയാണ് കോടതി നിയമിച്ചിരിക്കുന്നത്. ഇദ്ദേഹം ഇതിനകം തിരുവനന്തപുരം, എറണാകുളം, കുമളി എന്നിവടങ്ങളിൽ സിറ്റിങ് നടത്തി തൊഴിലാളികളുടെ പരാതികൾ സ്വീകരിച്ചു. ഇതൊടൊപ്പം മാനേജ്മെൻറ്, തൊഴിലാളി യൂനിയനുകൾ, ലേബർ ഡിപ്പാർട്മെൻറ്, ഇതുമായി ബന്ധപ്പെട്ട വിവിധ വകുപ്പ് മേധാവികൾ എന്നിവരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചുവരുകയാണ്. അടുത്ത സിറ്റിങ് ജനുവരി 11ന് തിരുവനന്തപുരത്ത് നടക്കും. അതിനുമുമ്പ് തൊഴിലാളികൾക്ക് അവർക്ക് കിട്ടാനുള്ള അനുകൂല്യങ്ങൾ സംബന്ധിച്ച പരാതി ഡിസംബർ ഏഴിനുമുമ്പ് കമീഷന് സമർപ്പിക്കാം. (തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.