കട്ടപ്പന: ഉത്തരേന്ത്യൻ ഡിമാൻഡ് ഇടിഞ്ഞ് ഏലക്ക വിപണരംഗത്ത് വൻപ്രതിസന്ധി. ഏലക്ക വില 700 - 850 ലേക്ക് കൂപ്പുകുത്തി. കേരളത്തിലെ ഏലം കർഷകർ ഒരു കാലത്തും നേരിടാത്ത പ്രതിസന്ധിയാണ് ഇപ്പോൾ നേരിടുന്നത്. വാങ്ങാൻ ആളില്ലെന്നതാണ് പ്രശ്നം. ഈ വർഷത്തെ ഉല്പാദന സീസൺ അവസാനിക്കാറായ ഘട്ടത്തിലാണ് കർഷകരെയും വ്യാപാരികളെയും പ്രതിസന്ധിയിലാക്കി ഏലത്തിന്റെ ഉത്തരേന്ത്യൻ ഡിമാൻഡ് ഇടിഞ്ഞത്. ഉത്തരേന്ത്യൻ വ്യാപാരികളുടെ പക്കൽ ആവശ്യത്തിൽ കൂടുതൽ ഏലക്ക സ്റ്റോക്കുണ്ട്. അതിനാൽ പുതിയ ഓർഡറുകൾ അവർ സ്വീകരിക്കുന്നില്ല.
ഇതേതുടർന്ന് ഉത്തരേന്ത്യൻ വ്യാപാരികളുമായി നേരിട്ട് കച്ചവടം നടത്തുന്ന വൻകിട വ്യാപാരികളും ഏജൻസികളും ചെറുകിട കച്ചവടക്കാരിൽ ഇന്ന് ഏലക്കവാങ്ങുന്നില്ല.
ഇതോടെ കർഷകരിൽനിന്ന് ഏലക്ക നേരിട്ട് വാങ്ങുന്ന ചെറുകിട കച്ചവടക്കാരും കൈവിലക്കാരും ഏലക്ക വാങ്ങുന്നത് നിർത്തിെവച്ചതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ഏലകൃഷിയുടെ ചരിത്രത്തിലാദ്യമാണ് ഏലക്ക വിൽക്കാനാവാത്ത സാഹചര്യം നേരിടുന്നതെന്ന് കർഷകർ പറയുന്നു.
ലേല കേന്ദ്രങ്ങളിൽ പതിയുന്ന ഏലക്കയുടെ അളവിലും കുറവ് വന്നിട്ടുണ്ട്. പുറ്റടി സ്പൈസസ് പാർക്കിൽ ശനിയാഴ്ച നടന്ന സൗത്ത് ഇന്ത്യൻ ഗ്രീൻ കാർഡമം കമ്പനിയുടെ ഓൺലൈൻ ലേലത്തിൽ 87377.2 കിലോ ഏലക്ക വില്പനക്കായി വന്നു. എന്നാൽ 71757.5 കിലോ ഏലക്ക മാത്രമാണ് വിറ്റഴിഞ്ഞത്.
ഏറ്റവും മുന്തിയ ഇനം ഏലക്ക 1605 രൂപയും ശരാശരി വില 934.24 യും ലഭിച്ചു. എന്നാൽ, വെള്ളിയാഴ്ച നടന്ന സുഗന്ധഗിരി സ്പൈസസ് പ്രമോഷൻ ആൻഡ് േട്രഡേഴ്സ് കമ്പനിയുടെ ലേലത്തിൽ 41115.6 കിലോ പതിഞ്ഞു. എന്നാൽ, ഇതിൽ 33958.5 കിലോ മാത്രമാണ് വിറ്റഴിഞ്ഞത്.
കൂടിയ വില 1335 രൂപയും ശരാശരി വില 857.1 രൂപയുമായിരുന്നു. ലേലത്തിന് എത്തുന്ന വ്യാപാരികളുടെ എണ്ണത്തിലും കുറവ് വന്നു. സ്പൈസസ് ബോർഡിന്റെ കീഴിൽ നടക്കുന്ന ഓൺലൈൻ ലേലകേന്ദ്രത്തിലെ വില്പന ഈ രീതിയിൽ ആയിരുന്നെങ്കിൽ ഹൈറേഞ്ചിലെ വൻകിട, ചെറുകിട ഏലക്ക വ്യാപാരികൾ ഏലക്ക വാങ്ങാൻ തയാറായിരുന്നില്ല.
നിറം ചേർക്കലും റീ- പൂളിങ്ങും വിനയായി
ഏലക്ക വില ഇടിഞ്ഞതിന് പിന്നിലെ കാരണങ്ങളിൽ ഒന്ന് നിറം ചേർക്കലും മറ്റൊന്ന് വ്യാപാരികളുടെ ഏലക്ക റീ- പുളിങ്ങുമാണ്. ഏലക്കയുടെ ഗുണനിലവാരം ഉയർത്താൻ കർഷകർ സ്വീകരിക്കുന്ന കൃത്രിമ നിറം ചേർക്കൽ ഇപ്പോൾ അവർക്ക് തന്നെ വിനയായി മാറി. നല്ല പച്ച നിറം ഉണ്ടാകാൻ ഏലക്ക ഉണക്കുന്ന ഘട്ടത്തിൽ കർഷകർ സ്വീകരിക്കുന്ന മാർഗമാണ് കൃത്രിമ നിറം ചേർക്കൽ. ഇതാണ് ഏലത്തിന്റെ കയറ്റുമതിയെ പ്രതികൂലമായി ബാധിച്ചത്. ലേലകേന്ദ്രങ്ങളിൽ വ്യാപാരികൾ വാങ്ങുന്ന ഏലക്ക വിറ്റഴിക്കാതെ വീണ്ടും അടുത്ത ലേലത്തിന് ബിനാമികൾ മുഖേന പതിക്കുന്ന നടപടിയാണ് റീ പുളിങ്. ഇതു മൂലം കൂടുതൽ ഏലക്ക ലേലത്തിനു പതിയുന്നു. ഇത് വിലയിടിയാൻ കാരണമാകുന്നു.
സ്പൈസസ് ബോർഡ് പ്രശനത്തിൽ ഇടപെടണമെന്നും കർഷകരുടെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നുമാണ് കർഷകരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.