ജി​ല്ല ആ​സൂ​ത്ര​ണ​ഭ​വ​നി​ല്‍ ചേ​ര്‍ന്ന കൃ​ഷി​വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​വ​ലോ​ക​ന​യോ​ഗ​ത്തി​ല്‍

കൃ​ഷി​മ​ന്ത്രി പി. ​പ്ര​സാ​ദ് സം​സാ​രി​ക്കു​ന്നു

സര്‍ഫാസി ജപ്തിഭീഷണി: ഗൗരവമായി ഇടപെടും -കൃഷിമന്ത്രി

കൽപറ്റ: സര്‍ഫാസി നിയമപ്രകാരം കര്‍ഷകര്‍ക്കെതിരെ ജപ്തി നടപടികള്‍ സ്വീകരിക്കുന്നതില്‍നിന്ന് ബാങ്കുകള്‍ വിട്ടുനില്‍ക്കണമെന്ന് കൃഷിമന്ത്രി പി. പ്രസാദ്. ജില്ല ആസൂത്രണഭവനില്‍ ചേര്‍ന്ന കൃഷിവകുപ്പുമായി ബന്ധപ്പെട്ട അവലോകനയോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് പശ്ചാത്തലത്തില്‍ എറെ പ്രയാസമനുഭവിക്കുന്ന ഇക്കാലത്ത് കര്‍ഷകരുടെ കിടപ്പാടം നഷ്ടപ്പെടുത്തുന്ന തരത്തിലുള്ള നടപടികള്‍ ബാങ്കുകള്‍ സ്വീകരിക്കരുത്.

വീടില്ലാത്തവര്‍ക്കെല്ലാം വീട് നിർമിച്ചുനല്‍കാനുള്ള പരിശ്രമങ്ങള്‍ ഒരുഭാഗത്ത് നടക്കുമ്പോള്‍ ഉള്ള വീട്ടില്‍നിന്ന് ഒരാളെ കുടിയിറക്കുന്നത് അങ്ങേയറ്റം ക്രൂരമാണ്. വിഷയത്തില്‍ ബാങ്കുകള്‍ ബദല്‍മാര്‍ഗങ്ങള്‍ ആലോചിക്കണമെന്നും മനുഷ്യത്വപരമായ സമീപനം ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.

വയനാട്ടിലെ കര്‍ഷകര്‍ക്കുണ്ടായ പ്രശ്‌നങ്ങള്‍ ബന്ധപ്പെട്ട ആളുകളുടെ ശ്രദ്ധയിൽപെടുത്തി അടിയന്തരമായി പരിഹരിക്കാനുള്ള എല്ലാ പരിശ്രമങ്ങളും കൃഷിവകുപ്പിന്‍റെ ഭാഗത്തുനിന്നുണ്ടാകും. മൊറട്ടോറിയം പ്രഖ്യാപിക്കുന്നകാര്യം പരിഗണിക്കാന്‍ നേരത്തെതന്നെ സംസ്ഥാനതല ബാങ്കിങ് കമ്മിറ്റിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇക്കാര്യത്തില്‍ അനുകൂല നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. അങ്ങേയറ്റം ജനദ്രോഹപരമായ സര്‍ഫാസി ആക്ട് പോലുള്ള നിയമങ്ങളില്‍ കാലോചിതമായ പൊളിച്ചെഴുത്ത് അത്യാവശ്യമാണെന്നും മന്ത്രി പറഞ്ഞു.

അന്തസ്സോടെ കൃഷി

കര്‍ഷകനെ എക്കാലവും കൃഷിയുമായി ചേര്‍ത്തുനിര്‍ത്താന്‍ സാധിക്കുന്നതരത്തിലുള്ള ഇടപെടലുകള്‍ കൃഷിവകുപ്പ് ഉദ്യോഗസ്ഥരില്‍നിന്നുണ്ടാകണമെന്ന് മന്ത്രി നിർദേശിച്ചു. കൃഷിയിലൂടെ കര്‍ഷകന് അന്തസ്സോടെ ജീവിക്കാന്‍ കഴിയുന്ന വരുമാനവും സാഹചര്യം ഉറപ്പാക്കാന്‍ ആവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതിന് ഉദ്യോഗസ്ഥര്‍ മുന്‍ഗണന നല്‍കണം.

കൃഷി ഉദ്യോഗസ്ഥര്‍ കൃഷിയിടത്തിലെത്തി കര്‍ഷകര്‍ക്ക് ആവശ്യമായ മാര്‍ഗനിർദേശങ്ങളും അറിവുകളും പകര്‍ന്നുനല്‍കണം. ഇതിലൂടെ കര്‍ഷകരുമായി ആത്മബന്ധം സ്ഥാപിക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

കൃഷി ഓഫിസുകള്‍ക്ക് ഗ്രേഡിങ്

കൃഷിവകുപ്പിനെ കൂടുതല്‍ ജനകീയമാക്കുന്നതിന്‍റെ ഭാഗമായി കര്‍ഷകക്ഷേമ ഇടപെടലുകളുടെ അടിസ്ഥാനത്തില്‍ കൃഷിഭവനുകള്‍ക്ക് ഗ്രേഡിങ് നല്‍കുമെന്ന് മന്ത്രി. പ്രദേശത്തെ കാര്‍ഷിക വികസനത്തിനും കര്‍ഷകക്ഷേമം മുന്‍നിര്‍ത്തി നടത്തിയ പ്രവര്‍ത്തനങ്ങളും വിലയിരുത്തിയാണ് ഗ്രേഡ് നല്‍കുക.

'ഞങ്ങളും കൃഷിയിലേക്ക്' ഓരോ വീടിന്‍റെയും മുദ്രാവാക്യം

കൃഷിവകുപ്പിന്‍റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതി ഓരോ വീടിന്‍റെയും മുദ്രാവാക്യമായി മാറുമെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു. ഓരോ കുടുംബത്തേയും മുറ്റത്തേക്കിറക്കി പച്ചക്കറികൃഷിയില്‍ സ്വയംപര്യാപ്തത കൈവരിക്കുകയും സുരക്ഷിത ഭക്ഷണം ഉറപ്പാക്കുകയുമാണ് ലക്ഷ്യം. വ്യക്തികള്‍ക്ക് പുറമെ രാഷ്ട്രീയ, സന്നദ്ധ സംഘടനകള്‍, മത, സാംസ്‌കാരിക സംഘടനകള്‍, കോളജുകള്‍, സ്‌കൂളുകള്‍ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും പങ്കാളികളാക്കും. സംസ്ഥാനത്ത് പുതുതായി ചുരുങ്ങിയത് 10,000 കര്‍ഷക ഗ്രൂപ്പുകള്‍ സ്ഥാപിക്കുക, എല്ലാ വീടുകളിലും പോഷകത്തോട്ടം നിര്‍മിക്കുക എന്നിവയും ലക്ഷ്യമിടുന്നു. 'ഞങ്ങളും കൃഷിയിലേക്ക്' കാമ്പയിന്‍ പൊതുസമൂഹം നിറഞ്ഞ മനസ്സോടെ എറ്റെടുക്കുമെന്നും മന്ത്രി പറഞ്ഞു.

യോഗത്തില്‍ ജില്ലയിലെ കൃഷിവകുപ്പിന്‍റെ പദ്ധതിനിർവഹണ പുരോഗതിയും മന്ത്രി വിലയിരുത്തി. ഇതുവരെ 72 ശതമാനം പുരോഗതി കൈവരിച്ചതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ എ.എഫ്. ഷെര്‍ളി അറിയിച്ചു.

കൃഷിവകുപ്പ് ഡയറക്ടര്‍ ടി.വി. സുഭാഷ്, അഡീഷനൽ സെക്രട്ടറി സാബിര്‍ ഹുസൈന്‍, ഡോ. പി. രാജശേഖരന്‍, പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ജോര്‍ജ് സെബാസ്റ്റ്യന്‍, ആത്മ പ്രോജക്ട് ഡയറക്ടര്‍ വി.കെ. സജിമോള്‍, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കര്‍ഷകപ്രതിനിധികളുമായി മന്ത്രിയുടെ ചർച്ച

കൽപറ്റ: ജില്ലയിലെ കര്‍ഷകപ്രശ്‌നങ്ങള്‍ നേരിട്ടറിയാന്‍ മന്ത്രി പി. പ്രസാദ് കര്‍ഷകപ്രതിനിധികളുമായി ആശയവിനിമയം നടത്തി. ശനിയാഴ്ച ഉച്ചക്ക് ജില്ല ആസൂത്രണഭവനിലായിരുന്നു കൂടിക്കാഴ്ച. കാര്‍ഷികമേഖല നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും നടപ്പാക്കേണ്ട പദ്ധതികളെക്കുറിച്ചും മന്ത്രി പ്രതിനിധികളില്‍നിന്ന് ചോദിച്ചറിഞ്ഞു. കാര്‍ഷികമേഖലയിലും തൊഴിലുറപ്പ് പദ്ധതി നടപ്പാക്കിയാല്‍ കര്‍ഷകര്‍ക്ക് സഹായകരമാകുമെന്ന് പ്രതിനിധികള്‍ മന്ത്രിയെ അറിയിച്ചു. ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

വിലത്തകര്‍ച്ചയും രോഗബാധയുംമൂലം പ്രയാസം അനുഭവിക്കുന്ന കര്‍ഷകര്‍ക്ക് വന്യമൃഗങ്ങളുടെ ആക്രമണവും വെല്ലുവിളിയാകുന്നു. കൃത്യസമയത്ത് കാര്‍ഷികയന്ത്രങ്ങളുടെ ലഭ്യതക്കുറവുമൂലം വിളവെടുപ്പ് നടത്താന്‍ സാധിക്കുന്നില്ലെന്നും അവര്‍ മന്ത്രിയെ അറിയിച്ചു. വിദ്യാലയങ്ങള്‍, ജയില്‍, ആശുപത്രികള്‍, മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പ്രാദേശിക കര്‍ഷകരില്‍നിന്ന് ശേഖരിക്കുന്ന പച്ചക്കറികളും മറ്റ് ഉല്‍പന്നങ്ങളും ഉപയോഗിക്കണം, കര്‍ഷകസമിതികളുടെ പ്രവര്‍ത്തനം സുതാര്യമാക്കണം, ജലസേചന സൗകര്യം, ജില്ല വികസനസമിതി അംഗങ്ങള്‍ക്ക് പഞ്ചായത്ത്തല കര്‍ഷകസമിതിയില്‍ പങ്കെടുക്കാനുള്ള അനുമതി, രാസവള ലഭ്യത തുടങ്ങിയ വിഷയങ്ങളും കര്‍ഷകര്‍ മന്ത്രിയെ അറിയിച്ചു. ഇക്കാര്യങ്ങള്‍ ഗൗരവമായി പരിഗണിക്കുമെന്ന് മന്ത്രി കര്‍ഷകപ്രതിനിധികളെ അറിയിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സംഷാദ് മരക്കാറും ഒപ്പമുണ്ടായിരുന്നു.

Tags:    
News Summary - Threat of foreclosure Will take serious action - Agriculture Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.