കേരളത്തിൽ നവംബർമുതൽ ആരംഭിക്കുന്ന തണുപ്പുകാലത്ത് കൃഷിചെയ്യാൻ പറ്റിയ വിളകളാണ് കാബേജ്, ക്വാളിഫ്ലവർ, കാരറ്റ്, ബീറ്റുറൂട്ട് തുടങ്ങിയവ. പകൽ നല്ല വെയിലും രാത്രികാലത്ത് തണുപ്പും ലഭിക്കുന്ന കാലാവസ്ഥയാണ് ആവശ്യമെന്നതിനാൽ തണലുള്ള ഭാഗങ്ങളിൽ ഇവ ഒരിക്കലും കൃഷിചെയ്യാൻ പാടില്ല.
വിത്തുപാകി മുളപ്പിച്ചും ചെടികൾ വാങ്ങി നട്ടും കൃഷി ചെയ്യാമെങ്കിലും മുളച്ചുകിട്ടാനുള്ള കാലതാമസവും രോഗകീടാക്രമണങ്ങളുടെ സാധ്യതകളും കുറയുമെന്നതിനാൽ ചെടികൾ വാങ്ങി നടുന്നതായിരിക്കും നല്ലത്. ചില്ലകൾ പൊട്ടിമുളക്കാത്തതിനാൽ ബാഗുകളിലും ചട്ടികളിലും പാത്രങ്ങളിലും മറ്റും ഇവ അനായാസം കൃഷിചെയ്യാം.
ഒക്ടോബറിൽ നടാനുള്ള സ്ഥലം ഒരുക്കാവുന്നതാണ്. പരിശോധന നടത്തി മണ്ണിന്റെ പി.എച്ച് കണക്കാക്കുന്നത് നല്ലതാണ്. പുളിരസം കൂടുതലായാൽ ചെടികൾക്ക് ആവശ്യമായ വളാംശങ്ങൾ മണ്ണിൽനിന്ന് വലിച്ചെടുക്കാൻ കഴിയില്ലെന്ന് മാത്രമല്ല, രോഗകീടങ്ങൾ എളുപ്പത്തിൽ പിടിപെടുകയും ചെയ്യും.
രണ്ടടി ആഴത്തിൽ നല്ലപോലെ കിളച്ചുമറിച്ച സ്ഥലത്ത് ഒരു സെന്റിനു ഏകദേശം രണ്ടു കിലോവീതം നീറ്റുകക്കപ്പൊടി വിതറണം. 10 ദിവസത്തിനുശേഷം സെന്റിനു ഏറ്റവും കുറഞ്ഞത് 20 കിലോ എന്നതോതിൽ ചാണകപ്പൊടിയോ ആട്ടിൻകാഷ്ഠമോ കോഴിവളമോ കമ്പോസ്റ്റോ അല്ലെങ്കിൽ ഇവയെല്ലാം സമ്മിശ്രമായോ ചേർത്തു മണ്ണു ഫലഭൂയിഷ്ഠമാക്കണം. സെന്റിന് ഒരു കിലോവീതം വേപ്പിൻ പിണ്ണാക്കുകൂടി ഇടുന്നത് വേരുവഴിയുള്ള രോഗകീടങ്ങളെ തടയും.
തുടർന്ന് പുതിയ ചാണക തെളിവെള്ളത്തിലോ സ്യൂഡോമോണാസ് കലക്കിയതിലോ ചെടികളുടെ വേരുകൾ രാവിലെ മുക്കിവെച്ചു വൈകുന്നേരം വെയിലാറിയശേഷം രണ്ടടി അകലത്തിൽ തടങ്ങളെടുത്തു നടാവുന്നതാണ്. വേരുപിടിക്കുന്നതുവരെ തണൽനൽകി ചെടികൾ വാടാതെ നോക്കണം. പത്തു ദിവസം കൂടുമ്പോൾ നേർപ്പിച്ച ചാണകവെള്ളമോ ഗോമൂത്രമോ സ്യൂഡോമോണാസ് കലക്കിയ വെള്ളമോ ചെടികളിലും തടങ്ങളിലും ഒഴിച്ചുകൊടുക്കുന്നത് ഭാവിയിൽ പിടിപെടാൻ സാധ്യതയുള്ള രോഗകീടങ്ങളിൽനിന്ന് ചെടികളെ വലിയൊരളവിൽ സംരക്ഷിക്കും.
ചെടികളുടെ വളർച്ചക്ക് സഹായിക്കുന്ന ഫിഷ് അമിനോ ആസിഡ്, എഗ്ഗ് അമിനോ ആസിഡ് മുതലായ ജൈവ വളർച്ചാ പ്രേരകങ്ങളും ഇങ്ങനെ ആഴ്ചയിടവിട്ട് തളിച്ചുകൊടുക്കാവുന്നതാണ്. അതോടൊപ്പം തടങ്ങളിൽ ആവശ്യത്തിന് മണ്ണിട്ടുകൊടുത്തുകൊണ്ട് നല്ലപോലെ വേരോട്ടമുണ്ടാക്കാനും ചെടികൾ മറിഞ്ഞുവീഴാതിരിക്കാനും ശ്രദ്ധിക്കണം.
കീടങ്ങളുടെ ആക്രമണം കുറഞ്ഞ വിളകളാണ് ഇവയെങ്കിലും ദിവസവും ചെടികളെ നിരീക്ഷിക്കുകയും കാണപ്പെടുന്ന പുഴുക്കളെയും മറ്റും അപ്പപ്പോൾ നശിപ്പിക്കുകയും വേണം. കീടങ്ങളെ പ്രതിരോധിക്കാൻ വേപ്പെണ്ണ എമൽഷൻ അല്ലെങ്കിൽ കാന്താരിമുളകിൽ വെളുത്തുള്ളി, സോപ്പ് തുടങ്ങിയവ ചേർത്തരച്ച ലായനി ആഴ്ചയിലൊരിക്കൽ തളിക്കുന്നത് കീടങ്ങളെ അകറ്റിനിർത്താൻ സഹായിക്കും.
എന്നിട്ടും ചീച്ചിലും മറ്റും കാണപ്പെടുന്നുവെങ്കിൽ മാങ്കോസെബ് നാലുഗ്രാം അല്ലെങ്കിൽ ഓക്സിക്ളോറൈഡ് രണ്ടരഗ്രാം ഒരു ലിറ്റർ വെള്ളത്തിലും കൂടുകെട്ടിപ്പുഴു, കാബേജ് തുരപ്പൻ തുടങ്ങിയവക്കെതിരെ ബുവേറിയ ഒരു ലിറ്റർ വെള്ളത്തിൽ 20 ഗ്രാം എന്ന തോതിലും കലക്കി തളിക്കണം.
രാവിലെയും വൈകുന്നേരവും തണുത്തവെള്ളം തടങ്ങളിൽ ഒഴിച്ചുകൊടുക്കുന്നത് അതിവേഗം ഫലം ലഭിക്കാൻ നല്ലതാണെന്ന അനുഭവം പലരും പങ്കുവെച്ചുകാണുന്നുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് കൃഷിഭവനുമായി ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.