പാലക്കാട്: സപ്ലൈകോ നെല്ല് സംഭരണം തുടങ്ങി മാസങ്ങൾ പിന്നിട്ടിട്ടും താങ്ങുവില നൽകിത്തുടങ്ങിയില്ല. പി.ആർ.എസ് വായ്പപദ്ധതി അവസാനിപ്പിച്ച് ഈ വർഷം മുതൽ പണം കർഷകരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് നൽകുമെന്ന് പ്രഖ്യാപിച്ചെങ്കിലും അതും എങ്ങുമെത്തിയില്ല.
നെല്ലുവില നൽകുന്നതിനായി സർക്കാർ മുൻകൈയെടുത്ത് ബാങ്കുകളുടെ കൺസോർട്യം രൂപവത്കരിച്ച് സപ്ലൈകോ ഇതിൽനിന്ന് 2,500 കോടി രൂപ വായ്പയെടുത്തു. ഈ തുക ഉപയോഗിച്ച് നെല്ല് വില നൽകുമെന്ന് പറഞ്ഞ അധികൃതർ ഇപ്പോൾ കൈയൊഴിഞ്ഞു. ഈ സംഖ്യ സപ്ലൈകോയുടെ കുടിശ്ശികയിലേക്ക് വരവ് വെച്ചു. ഇനി കേരള ബാങ്കിൽ നിന്നും 2300 കോടി രൂപ പി.ആർ.എസ് വായ്പയെടുത്ത് കർഷകരുടെ പണം നൽകുന്നതിനാണ് ശ്രമം. ഈ പദ്ധതി പ്രകാരം കർഷകർ വായ്പക്കാരാകുകയോ അവരുടെ സിബിൽ സ്കോറിനെ ബാധിക്കുകയോ ചെയ്യില്ല. വായ്പ സംബന്ധിച്ച് മന്ത്രി ജി. അനിലിന്റെ നേതൃത്വത്തിൽ ഏകദേശം ധാരണയായി. ചൊവ്വാഴ്ച ഇതുമായി ബന്ധപ്പെട്ട വിശദ ചർച്ച തിരുവനന്തപുരത്ത് നടത്തും. ജില്ലയിൽ ഇതുവരെ 55,000 മെട്രിക് ടൺ നെല്ല് സപ്ലൈകോ സംഭരിച്ചു. എന്നാൽ പണം കിട്ടാനുള്ള കാലതാമസം കർഷകരെ വെട്ടിലാക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.