സി​നു ജോ​ർ​ജ് പ​ശു ഫാ​മി​ൽ

ഇന്ന് ക്ഷീരകർഷക ദിനം: പശുവളർത്തലിൽ വിജയഗാഥ തീർത്ത് സിനു ജോർജ്

മൂവാറ്റുപുഴ: പശുവളർത്തലിൽ വിജയഗാഥ തീർക്കുകയാണ് വീട്ടമ്മയായ സിനു ജോർജ്. തിരുമാറാടി പേങ്ങാട്ട് ജോർജിന്‍റെ ഭാര്യ സിനുവിന് 60 കറവപ്പശുക്കളും ഏഴു കിടാരികളുമാണുള്ളത്. പുലർച്ച ഒരു മണിക്ക് തുടങ്ങുന്ന കന്നുകാലി പരിപാലനം അവസാനിക്കുന്നത് വൈകീട്ട് അഞ്ചോടെയാണ്. പ്രതിദിനം 550 ലിറ്ററിലധികം പാൽ ഔട്ട്ലറ്റുകൾ വഴിയും സഹകരണസംഘം വഴിയും വിൽപന നടത്തുന്നുണ്ട്.

തിരുമാറാടി ക്ഷീരസംഘം പ്രസിഡൻറാണ്. 60- പശുക്കളുള്ള ഫാമിനൊപ്പം മരട്, തോപ്പുംപടി, പള്ളുരുത്തി എന്നിവിടങ്ങളിൽ മൂന്ന് ഔട്ട് ലെറ്റുകളും നടത്തുന്നു. ചാണകം ഉണക്കിപ്പൊടിച്ച് വിൽക്കാനായി മാത്രം തിരുമാറാടിയിൽ ഒരു ഔട്ട് ലെറ്റ് സ്വന്തമായുള്ള സിനു രണ്ട് പശുക്കളുമായാണ് ഈ രംഗത്ത് എത്തിയത്. പിന്നീട് 60 പശുക്കളിലേക്ക് ഫാം വളരുകയായിരുന്നു.

പകൽ മുഴുവൻ പണിക്കാരോടൊപ്പം ഫാമിൽ തന്നെ. തീറ്റ, കറവ, പാൽ കുപ്പിയിലാക്കൽ എല്ലാം സിനുവിന്‍റെ നേതൃത്വത്തിൽ തന്നെയാണ് നടക്കുന്നത്. ഭർത്താവ് ജോർജിന് ഔട്ട്ലെറ്റുകളുടെ മേൽനോട്ടമാണ്.

വർഷങ്ങൾക്ക് മുമ്പ് ഡോ. ഈപ്പൻ ജോർജിന്‍റെ നേതൃത്വത്തിൽ പണി തീർത്ത അത്യാധുനിക സൗകര്യങ്ങളോട് കൂടിയ പശു ഫാമിൽ ചൂടു കുറച്ച് നിർത്താനുള്ള എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മേൽക്കൂരക്ക് മുകളിലൂടെയുള്ള തുള്ളി നന, ഫാമിന് ചുറ്റും രണ്ടര ഏക്കർ പുൽതോട്ടം, അത്യാധുനിക വേസ്റ്റ് മാനേജ്മെൻറ് സിസ്റ്റം, ബയോഗ്യാസ് പ്ലാന്‍റ്, ചാണകം ഉണക്കിപ്പൊടിക്കുന്ന ഇറ്റാലിയൻ യന്ത്രം എന്നീ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ക്ഷീരകർഷക മേഖലയിൽ നിരവധി അവാർഡുകൾ വാരിക്കൂട്ടിയ സിനു പാരമ്പര്യ കർഷകകുടുംബത്തിലെ അംഗമാണ്. ഡോ. നേഹ മറിയം ജോർജ്, എം.ബി.ബി.എസ് വിദ്യാർഥി ക്രസ്റ്റ മറിയം ജോർജ് എന്നിവർ മക്കളാണ്.

Tags:    
News Summary - Today is Dairy Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.