ടവർ ഫാമിങ് അഥവാ ഗോപുര കൃഷി

പിവിസി പൈപ്പിൽ പച്ചക്കറി കൃഷിചെയ്തു വിളവെടുക്കാം എന്ന് പറഞ്ഞാൽ അത്ഭുതപ്പെടുമോ? എന്നാൽ അത്ഭുതപ്പെടേണ്ട! സ്വന്തമായി കൃഷിചെയ്യാൻ ആഗ്രഹിക്കുന്ന നഗരവാസികൾക്കും സ്ഥലപരിമിതിയുള്ളവർക്കും ചെറിയ അധ്വാനത്തിൽ വലിയ പരിചരണങ്ങൾ ഇല്ലാതെ തന്നെ ലളിതമായി ചെയ്യാവുന്ന മികച്ച കൃഷിരീതിയാണ് ടവർ ഫാമിങ് അഥവാ ഗോപുരക്കൃഷി. ഫ്ലാറ്റുകളിലും ബാൽക്കണികളിലും വരെ ഇത് ചെയ്യാം. വിദേശ രാജ്യങ്ങളിൽ വീട്ടുവളപ്പിലെ കൃഷികളിൽ പ്രത്യേകിച്ചും നഗരങ്ങളിൽ വളരെ പ്രചാരമുള്ള കൃഷിരീതിയാണ്. ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് മാറ്റാനും കൊണ്ടുപോകാനും വളരെക്കാലം ഉപയോഗിക്കാനും കഴിയുന്നതാണ് ഇത്.

ഒരുചുവടിൽ തന്നെ 20 മുതൽ 25 വരെ ചെടികൾ നട്ടുവളർത്താനാകും. കീടങ്ങളോ കളകളോ ശല്യമാകാറില്ല. അതുകൊണ്ടു കീടനാശിനികളോ കളനാശിനികളോ ഉപയോഗിക്കേണ്ടിവരുന്നില്ല. മിതമായ ജലോപയോഗവും അസംസ്കൃത വസ്തുക്കളുടെ കുറവും കുറഞ്ഞ ചെലവിൽ കൃഷി സാധ്യമാക്കുന്നു.

ഗോപുരകൃഷിക്കായി പല രീതികളും അവലംബിക്കാറുണ്ട്. പ്രധാനപ്പെട്ട രണ്ടുരീതികളാണ് പിവിസി പൈപ്പ് ഉപയോഗിച്ചുകൊണ്ടുള്ളതും വലക്കൂട് കൃഷിയും.

പിവിസി പൈപ്പ് കൊണ്ട് എങ്ങനെ കൃഷിചെയ്യാം

ഇതിനായി അഞ്ചു മുതൽ ആറു ഇഞ്ചു വ്യാസവും നാലു മുതൽ അഞ്ച് അടിവരെ നീളവും ഉള്ള ഒരു പിവിസി പൈപ്പ്, അര ഇഞ്ചു കനമുള്ള മറ്റൊരു ചെറിയ പൈപ്പ്, അതുറപ്പിക്കാനായി ചെറിയ തകരപ്പത്രമോ പ്ലാസ്റ്റിക് പത്രമോ എന്നിവ വേണം. ചെറിയ തുളകൾ ഇട്ട വലിയ കുഴലിനുള്ളിൽ നടാനുള്ള മാധ്യമം (മണ്ണോ ചകിരിച്ചോറോ ജൈവവളങ്ങളോ) നിറച്ച്, നടുവിലായി ചെറിയ തുളകളുള്ള ചെറിയ പൈപ്പ് (ഡ്രിപ് / ഫീഡിങ് പൈപ്പ്) കുത്തനെ സ്ഥാപിക്കുക.

ചുവട്ടിലായി ചെറിയ തകരപത്രമോ പ്ലാസ്റ്റിക് പത്രമോ ഉപയോഗിച്ച് കൂടുതൽ ഉണ്ടാകുന്ന വെള്ളവും വളവും പുറത്തേക്ക് ഒഴുകാതെ സൂക്ഷിക്കുക. നടുവിലുള്ള ചെറിയ പൈപ്പിനുള്ളിലൂടെ വെള്ളവും പോഷകങ്ങളും ദ്രാവകരൂപത്തിൽ നൽകാം. വലിയ പൈപ്പിലെ തുളകളിൽ ചെടികൾ നടാൻ കഴിയും.

വെള്ളവും വളവും സമൃദ്ധമായി ലഭിക്കുന്നതിനാൽ വിളകൾ വളർന്നു പുറത്തേക്കുവരും. പൊതുവെ കുറ്റിച്ചെടികളായി വളരുന്ന തക്കാളി, വെണ്ട , വഴുതന, മുളക്, ചീര എന്നിവയാണ് കൃഷിക്ക് അഭികാമ്യം. എങ്കിലും ചുറ്റും കമ്പിവേലികൾ നിർമിച്ച് വള്ളിച്ചെടികളെയും പടർത്താം.

അടുക്കള മാലിന്യങ്ങൾ, പുളിപ്പിച്ച കഞ്ഞിവെള്ളം എന്നിവ കൊണ്ട് പോഷകദ്രാവകം ഉണ്ടാക്കാം. വളർച്ചക്കാവശ്യമായ സൂക്ഷ്മമൂലകങ്ങളും അമ്ലക്ഷാരവസ്ഥയും സന്തുലിതമായി നിലനിർത്തി ചെടികളുടെ വളർച്ചയെ പരിപോഷിപ്പിക്കാം.

വലക്കൂട് കൃഷി 

ഗോപുര കൃഷിയിൽ വ്യാപകമായി ഉപയോഗിക്കുന്ന രീതിയാണ് വലക്കൂട് കൃഷി. രണ്ട് ഇഞ്ച് കള്ളികളുള്ള വെൽഡ് മെഷ് ഉപയോഗിച്ച് ഇത് നിർമിക്കാം. നാലു മുതൽ അഞ്ച് അടിവരെ ഉയരത്തിൽ കമ്പി മെഷ് മുറിച്ചെടുത്തു ഉള്ളിൽ നെറ്റ് ഉപയോഗിച്ച് അതിനുള്ളിൽ നടൽ മാധ്യമം നിറക്കുക. നടുവിലായി പിവിസി ടവറിൽ ചെയ്തതുപോലെ തന്നെ ഫീഡിങ് / ഡ്രിപ് പൈപ്പ് സ്ഥാപിച്ചു ജലവും പോഷകങ്ങളും നൽകുക.

കമ്പിവലയിലെ കള്ളികളിലൂടെ ഉള്ളിലുള്ള നെറ്റ്, ചെടിനടാൻ പാകത്തിൽ മുറിച്ചു സുഷിരങ്ങളുണ്ടാക്കി അതിൽ ചെടികൾ നടാം. 15 വർഷം വരെ ഒരു വലക്കൂട് ഉപയോഗിക്കാനാകും. ഒന്നിൽതന്നെ 21 മുതൽ 25 ചെടികൾവരെ വളർത്താനാകും. ഒരു ഗ്രോബാഗ് വെക്കുന്ന സ്ഥലത്തുതന്നെ 24 ഇനം പച്ചക്കറികൾ വിളയിക്കാം.

Tags:    
News Summary - Tower farming

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.