പയ്യന്നൂർ: എരമം കുറ്റൂർ ഗ്രാമപഞ്ചായത്തിലെ ചെങ്കല്ലുകൾ കൊത്തിയെടുത്ത ശേഷം ഉപേക്ഷിക്കുന്ന പണകൾ ഇനി വെറും കുഴികളല്ല. അവയെല്ലാം നന്മയുടെ ഹരിത കവചമാവും. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഉപേക്ഷിച്ച ചെങ്കൽ പണകളിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്ന പദ്ധതി യാഥാർഥ്യമാവുകയാണ്.
പഞ്ചായത്ത് ഉടമസ്ഥർക്ക് സൗജന്യമായി തൈകൾ വിതരണം ചെയ്യും. പഞ്ചായത്ത് തന്നെയാണ് തൈകൾ തയ്യാറാക്കിയത്. പാറ പ്രദേശങ്ങളിൽനിന്ന് ചെങ്കല്ലുകൾ കൊത്തിയെടുത്ത ശേഷം അവ മൂടണമെന്നാണ് നിയമം. എന്നാൽ പല സ്ഥലങ്ങളിലും അങ്ങനെ ചെയ്യാറില്ല. ഇവ വെള്ളക്കെട്ടാവുകയാണ് പതിവ്. ഇത് തടയുകയാണ് പഞ്ചായത്തിന്റെ ലക്ഷ്യം.
ഉപേക്ഷിച്ചുപോകുന്ന ചെങ്കൽ പണകളിൽ ഫലവൃക്ഷങ്ങളും നാണ്യവിളകളും കൃഷിചെയ്യുന്നതിനുള്ള പദ്ധതിയാണ് പഞ്ചായത്ത് മുൻകൈയ്യെടുത്ത് നടപ്പാക്കുന്നത്. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ സ്ഥിതിചെയ്യുന്ന ചെങ്കൽപണ ഉടമകളുടെയും ഭൂവുടമകളുടെയും യോഗം പഞ്ചായത്ത് ഓഫിസിൽ വിളിച്ചുചേർത്തു. കല്ല് കൊത്തിയെടുത്ത ശേഷം ഉപേക്ഷിച്ച് പോകുന്ന ചെങ്കൽപണകൾ മൂടുകയും മൂടിയതിനു ശേഷം ആ സ്ഥലങ്ങളിൽ ഫലവൃക്ഷ തൈകൾ നട്ട് പിടിപ്പിക്കുന്നതിനുമുള്ള പദ്ധതിയാണ് പഞ്ചായത്ത് ഇവരുമായി ചർച്ച ആസൂത്രണം ചെയ്തിരിക്കുന്നത്.
ഇതിനായി തൈകളും തയ്യാറായി കഴിഞ്ഞതായി പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. രാമചന്ദ്രൻ പറഞ്ഞു. ജൈവവൈവിധ്യ കമ്മിറ്റിയുംകൂടി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. കശുമാവിൻ തൈ, പ്ലാവ്, മാവ്, മുള തുടങ്ങിയ തൈകൾ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയും കൃഷി ഭവൻ മുഖേനയും തയ്യാറാക്കിയിട്ടുണ്ട്. ചെങ്കൽപണ ഉടമകൾക്ക് ഇവ സൗജന്യമായി നൽകും. ഉപേക്ഷിച്ച ചെങ്കൽ പണകൾ ജൂൺ മാസത്തോടുകൂടി മൂടാനാവശ്യമായ നിർദേശവും പഞ്ചായത്ത് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.