മണ്ണിനടിയിലെ സ്വർണമാണ് മഞ്ഞൾ. ഭക്ഷ്യവസ്തുവായും ഔഷധത്തിനും ചർമ സംരക്ഷണത്തിനുമെല്ലാം മഞ്ഞൾ ഉപയോഗിച്ചുപോരുന്നു. കടുംമഞ്ഞ നിറത്തിലുള്ള കിഴങ്ങുകളോട് കൂടിയവയാണ് സാധാരണയായി നമ്മൾ ഉപയോഗിച്ചുപോരുന്ന മഞ്ഞൾ. സാദാ മഞ്ഞളിനെ കൂടാതെ കസ്തൂരി മഞ്ഞളും കരിമഞ്ഞളുമെല്ലാം മഞ്ഞളിന്റെ കൂട്ടത്തിലുണ്ട്. പലവിധത്തിലുള്ള ഉപയോഗങ്ങളാണ് ഇവക്കെല്ലാം.
ഭക്ഷ്യവസ്തുവായി ഉപയോഗിക്കുന്നവയാണ് സാദാ മഞ്ഞൾ. പണ്ട് വ്യാപകമായി വീടുകളിലും പറമ്പുകളിലും ഇവ കൃഷി ചെയ്തിരുന്നു. മഞ്ഞൾ മാത്രമായോ ഇടവിളയായോ കൃഷിചെയ്യാം. ജൈവവളങ്ങൾ ഉപയോഗിച്ചാൽതന്നെ നല്ല വിളവ് ലഭിക്കും. കീടരോഗബാധയില്ലാത്ത വിത്തായിരിക്കണം നടാനായി തിരഞ്ഞെടുക്കേണ്ടത്. ഗ്രോബാഗിലോ മണ്ണിൽ തടമൊരുക്കിയോ ഇവ കൃഷിചെയ്തെടുക്കാം.
ചൂടുള്ളതും അന്തരീക്ഷ ഈർപ്പവും മഴയും ലഭിക്കുന്ന കാലാവസ്ഥയാണ് മഞ്ഞൾ കൃഷിക്ക് ഉത്തമം. നടുന്ന സമയത്ത് മിതമായും വളരുന്ന സമയത്ത് സമൃദ്ധമായും മഴ ആവശ്യമാണ്. എന്നാൽ, വെള്ളം കെട്ടി നിൽക്കാൻ പാടില്ല. വിത്ത് നടുന്നതിനുമുമ്പ് സ്യൂഡോമോണസ് ലായനിയിലോ ചാണകവെള്ളത്തിലോ മുക്കി തണലത്തു സൂക്ഷിക്കണം. തടമൊരുക്കിയാണ് കൃഷി ചെയ്യുന്നതെങ്കിൽ അഞ്ചു മുതൽ 10 സെന്റിമീറ്റർ താഴ്ചയിൽ ചെടികൾ തമ്മിൽ 15 സെന്റിമീറ്റർ അകലത്തിൽ കുഴിയുണ്ടാക്കി വിത്തു നടാം.
ചാണകപ്പൊടിയോ ആട്ടിൻകാഷ്ഠമോ ചേർത്ത് തടമൊരുക്കുന്നത് നല്ല വിളവ് നൽകാൻ സഹായിക്കും. അല്ലെങ്കിൽ വിത്തുവെച്ചശേഷം ഓരോ കുഴിയുടെയും മുകളിലായി ചാണകപ്പൊടി ഇട്ടുനൽകുന്നതും മഞ്ഞൾ നന്നായി വളരാൻ സഹായിക്കും. ഇതിനുശേഷം പച്ചിലയോ കരിയിലയോ ഉപയോഗിച്ച് പുതയിട്ടു നൽകാം. 15 ദിവസത്തിനുള്ളിൽത്തന്നെ ചെടി നന്നായി വളർന്നിട്ടുണ്ടാകും. മൂന്നുനാലു മാസത്തിനിടയിൽ ചെടിയുടെ തടത്തിൽ ഇടക്കിടെ പുതയിട്ടു നൽകാം. അതിനുശേഷം പച്ചച്ചാണകം കലക്കി ഒഴിക്കുന്നതും ചാരം തടത്തിൽ വിതറുന്നതും പച്ചില കമ്പോസ്റ്റ് നൽകുന്നതും വളർച്ച വേഗത്തിലാക്കും.
പൊതുവേ രോഗബാധ കുറവാണ് മഞ്ഞളിന്. ഏഴുമുതൽ പത്തുമാസം വരെയാണ് മഞ്ഞൾ വളരുക. ജനുവരി, മാർച്ച് മാസങ്ങളിൽ വിളവെടുക്കാം. ഇലകളും തണ്ടുകളും ഉണങ്ങിയ ശേഷം മഞ്ഞൾ പറിച്ചെടുക്കാം. ഭക്ഷ്യ ആവശ്യത്തിനായി മഞ്ഞൾ പുഴുങ്ങിയ ശേഷം ഉണക്കിപ്പൊടിച്ചെടുക്കുകയാണ് ചെയ്യുക.
ഏറെ ഔഷധഗുണമുള്ളവയാണ് കസ്തൂരിമഞ്ഞൾ. കസ്തൂരിമഞ്ഞളിനോട് ഏറെ സാമ്യമുള്ളവയാണ് മഞ്ഞക്കൂവ. കസ്തൂരി മഞ്ഞളാണെന്ന് തെറ്റിദ്ധരിച്ച് മഞ്ഞക്കൂവ ഉപയോഗിച്ചാൽ ചർമത്തിൽ ചൊറിച്ചിലും മറ്റും അനുഭവപ്പെടും. ആയുർവേദ ഔഷധങ്ങളിലും സൗന്ദര്യവർധക വസ്തുക്കളിലുമാണ് കസ്തൂരി മഞ്ഞൾ ഉപയോഗിക്കുക. തണൽ ഇഷ്ടപ്പെടുന്ന ഒരു ചെടിയാണ് കസ്തൂരി മഞ്ഞൾ. തോട്ടങ്ങളിൽ ഇടവിളയായി ഇവ കൃഷിചെയ്യാം.
ഗ്രോബാഗിലോ മണ്ണിൽ തടമെടുത്തോ കസ്തൂരി മഞ്ഞൾ കൃഷി ചെയ്യാം. മണ്ണിൽ കൃഷി ചെയ്യുമ്പോൾ ആട്ടിൻകാഷ്ഠം, ചാണകപ്പൊടി, ചകിരിച്ചോറ്, കരിയിലപ്പൊടി തുടങ്ങിയവയിൽ ഏതെങ്കിലും മണ്ണുമായി കൂട്ടിയിളക്കി ഒരുക്കിയെടുക്കുന്നത് നന്നാകും. ഇവയിലേതെങ്കിലും മണ്ണുമായി ചേർത്ത് ഗ്രോബാഗ് നിറക്കുന്നത് കൂടുതൽ വിളവ് നൽകാൻ സഹായിക്കും.
മണ്ണിൽ തടമെടുത്താണെങ്കിൽ സാദാ മഞ്ഞൾ നടുന്നതുപോലെ കസ്തൂരി മഞ്ഞൾനടാം. ഗ്രോബാഗിന്റെ നടുവിൽ ഒരു ചെറിയ കുഴിയെടുത്ത് വിത്തുനടാം. കുഴി മൂടിയശേഷം ചാണകപ്പൊടി ഇട്ടുനൽകാം. അതിനുശേഷം പുതയിട്ടു നൽകാം. 20 ദിവസംകൊണ്ടുതന്നെ ചെടി നന്നായി വളരും. കസ്തൂരിമഞ്ഞൾ പച്ചക്കും ഉണക്കിയതിനും നല്ല ഡിമാൻഡാണ്. കിലോക്ക് നൂറു രൂപയിലധികമാണ് വില. പ്രത്യേകിച്ച് രോഗങ്ങളൊന്നും കസ്തൂരി മഞ്ഞളിന് വരാറില്ല. മാത്രമല്ല, അധികം വളപ്രയോഗവും വേണ്ട.
വെറൈറ്റി കൃഷികൾ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഒരു കൈ നോക്കാവുന്നതാണ് കരിമഞ്ഞൾ. നിറത്തിലൂടെ തിരിച്ചറിയാം. പുറത്ത് വെളുത്ത നിറവും അകം നീലയുമായിരിക്കും കരിമഞ്ഞളിന്. എണ്ണയുടെ സാന്നിധ്യം കൂടിയവയാണ് കരിമഞ്ഞൾ. ഔഷധ ആവശ്യങ്ങൾക്കാണ് ഉപയോഗിക്കുക. സാധാരണ മഞ്ഞൾ കൃഷിചെയ്യുന്ന രീതി തന്നെയാണ്. കൂവയോട് സമാനമായവയാണ് കരിമഞ്ഞളിന്റെ ഇലകൾ. ഇലകളുടെ നടുവിൽ ബ്രൗൺ വരകൾ ഉണ്ടായിരിക്കും.
കേരളത്തിൽ വളരെ വിപുലമായ രീതിയിലൊന്നും കരിമഞ്ഞൾ കൃഷി ചെയ്യാറില്ല. ജൈവവളമാണ് ഇവക്കും ഉത്തമം. കരിമഞ്ഞൾ ഭക്ഷ്യയോഗ്യമല്ല. മഴ പെയ്തു തുടങ്ങിയതിനുശേഷം കരിമഞ്ഞൾ വിത്തിടാം. മഴ കനക്കുമ്പോൾ തടത്തിൽനിന്ന് വെള്ളക്കെട്ട് ഒഴിവാക്കണം. വെള്ളം കെട്ടിനിന്നാൽ തണ്ട് ചീഞ്ഞുപോകാൻ സാധ്യതയുണ്ട്.
മറ്റു അസുഖങ്ങളൊന്നും കാര്യമായി ഇവയെ ബാധിക്കാറില്ല. മൂന്ന് നാലുമാസം കഴിയുമ്പോൾ ചാണകപ്പൊടിയും കോഴിവളവും നൽകുന്നത് ഇവയുടെ വളർച്ച വേഗത്തിലാക്കും. ആയുർവേദ മരുന്ന് നിർമാണ കമ്പനികളാണ് വ്യാപക രീതിയിൽ കൃഷിചെയ്യുന്നവരുടെ പ്രധാന വിപണന മേഖല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.