പാലക്കാട്: കൃഷിയിടങ്ങളിൽ അനിയന്ത്രിതവും അശാസ്ത്രീയവുമായ മാരക കീടനാശിനി പ്രയോഗം വ്യാപകം. ജില്ലയിലെ പാടശേഖരങ്ങളിൽ ഓലകരിച്ചിലും മഞ്ഞളിപ്പും വ്യാപകമായതോടെയാണ് പ്രതിരോധത്തിനായി മരുന്നുതളി നടത്തുന്നത്. കീടനാശിനികളുടെ ഉപയോഗ രീതിയെക്കുറിച്ചും ഭവിഷ്യത്തുകളെക്കുറിച്ചും കർഷകർക്കും വ്യക്തതയില്ല. കടകളിൽ ലഭിക്കുന്ന കീടനാശിനികൾ കച്ചവടക്കാരുടെ നിർദേശപ്രകാരമാണ് പലരും ഉപയോഗിക്കുന്നത്. ഭക്ഷ്യധാന്യങ്ങളിൽ കീടനാശിനി പ്രയോഗത്തിന് വ്യക്തമായ മാർഗനിർദേശം നിലവിലുണ്ട്. എന്നാൽ അവ പാലിക്കാതെ കീടനാശിനി പ്രയോഗിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്.
കീടനാശിനി നിയമം നടപ്പാക്കുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്തം കൃഷി വകുപ്പിനാണ്. കൃഷി ഓഫിസിലെ ജീവനക്കാർ വന്ന് പരിശോധന നടത്തി നിർദേശിച്ചാൽ മാത്രമേ പാടശേഖരത്ത് കീടനാശിനി പ്രയോഗം നടത്താൻ അനുമതിയുള്ളൂ. എന്നാൽ ഇത് തീരെ പാലിക്കാറില്ല. ജില്ലയിലെ അസുഖം ബാധിച്ച പാടശേഖരങ്ങളുടെ വിവരം പോലും കൃഷിവകുപ്പിന്റെ കൈവശമില്ല.
കീടനാശിനി ഉൽപാദനത്തിനോ വിതരണത്തിനോ വില്പനക്കോ തയാറെടുക്കുന്നവര്‍ നിര്‍ബന്ധമായും കൃഷിവകുപ്പില്‍ നിന്നും ലൈസന്‍സ് നേടിയിരിക്കണം. കൃഷി ഓഫിസറുടെ ശിപാര്‍ശ പ്രകാരം കര്‍ഷകര്‍ക്ക് വില്‍ക്കുന്ന നിയന്ത്രിത കീടനാശിനികളുടെ വിവരങ്ങള്‍ ഡിപ്പോകളില്‍ പ്രത്യേക രജിസ്റ്ററില്‍ സൂക്ഷിക്കണം. അനധികൃത വില്പന കണ്ടെത്തിയാല്‍ ലൈസന്‍സ് റദ്ദാക്കും. ഇത്തരം കീടനാശിനികള്‍ വലിയ തോതില്‍ ഡിപ്പോകളില്‍ സ്റ്റോക്ക് ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്.
നിരോധിക്കപ്പെട്ട കീടനാശിനികള്‍ കൃഷിയിടങ്ങളില്‍ പ്രയോഗിക്കുന്നത് ശ്രദ്ധയിൽപെടുന്ന പക്ഷം, മേലില്‍ അത്തരം കീടനാശിനികള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് നിർദേശിച്ച് കൃഷി ഓഫിസര്‍ കര്‍ഷകര്‍ക്ക് നോട്ടീസ് നല്‍കണം. തുടര്‍ന്നും നിരോധിത കീടനാശിനി പ്രയോഗം ആവര്‍ത്തിക്കുകയാണെങ്കിൽ വൈദ്യുതി സൗജന്യം ഉള്‍പ്പെടെ കൃഷിവകുപ്പില്‍ നിന്നുള്ള എല്ലാ ആനുകൂല്യങ്ങളും നഷ്ടമാകുമെന്ന് കാട്ടി കര്‍ശന താക്കീത് നല്‍കണം. ഇതും വകവെക്കാതെ ഉപയോഗം തുടര്‍ന്നാല്‍, അത്തരം കര്‍ഷകരെ കൃഷി വകുപ്പിന്റെ പദ്ധതികളില്‍നിന്ന് ഒഴിവാക്കുകയും അയോഗ്യരാക്കുകയും ചെയ്യാം.
പാലക്കാട്: നെൽപാടങ്ങളിൽ ഓലകരിച്ചിലും മഞ്ഞളിപ്പും പുഴുക്കേടും ഇലപ്പേനും വ്യാപകമായതിനൊപ്പം കീടനാശിനികളുടെ വില വർധിച്ചത് കർഷകർക്ക് തിരിച്ചടിയാകുന്നു. നടീലും വിതയും കഴിഞ്ഞ നെൽപാടങ്ങളിൽ പുതിയ ഓലകൾ വന്ന് തുടങ്ങിയതോടെയാണ് ചില പാടശേഖരങ്ങളിൽ കീടബാധ വന്നത്. ഇലപ്പേനുകൾ നെല്ലോലയുടെ അടിയിലിരുന്ന് നീരൂറ്റിക്കുടിച്ച് പുറമെയുള്ള ഓലകൾ വെള്ളത്തിൽ വീണ് നശിക്കുന്നതോടെ ചെടികൾ ശോഷിക്കും. ഇത് വിളവെടുപ്പിനെ ബാധിക്കും. ഇവയെ പ്രതിരോധിക്കാനുള്ള കീടനാശിനികൾക്ക് 800 മുതൽ 1300 രൂപ വരെയാണ് വില. നേരത്തെ 500 മുതൽ 800 രൂപ വരെയായിരുന്നു വില.
ഇത് അധിക സാമ്പത്തിക ചെലവുണ്ടാക്കുന്നതായി കർഷകർ പറയുന്നു. ചുമലിൽ ഭാരം തൂക്കി നെൽപാടങ്ങളിലൂടെ നടക്കേണ്ടതിനാലും കീടനാശിനികൾക്ക് രൂക്ഷ ഗന്ധമുള്ളതിനാലും കീടനാശിനി തളിക്കാൻ തൊഴിലാളികളെ കിട്ടാനും ക്ഷാമം നേരിടുന്നുണ്ട്. കൈകൊണ്ടും ബാറ്ററിയിലും പെട്രോളിലും പ്രവർത്തിക്കുന്ന കീടനാശിനി സ്പ്രയറുകൾ ലഭ്യമാണെങ്കിലും മറ്റു കാർഷികവൃത്തികളിൽനിന്ന് വത്യസ്തമായി ആവശ്യത്തിന് സമയബന്ധിതമായി കീടനാശിനി തളിക്കാൻ ഉയർന്ന കൂലി നൽകിയാലും ആളെ കിട്ടുന്നില്ല. എല്ലാ കൃഷിയിടങ്ങളിലും ഒരുമിച്ച് കീടനാശിനി തളിച്ചില്ലെങ്കിൽ കീടങ്ങൾ അടുത്ത കൃഷിയിടങ്ങളിൽ എത്തി കീടബാധ നിയന്ത്രണവിധേയമാക്കാൻ കഴിയാത്ത സ്ഥിതിയുണ്ട്.
മഴക്കുറവുമൂലം വെള്ളം കുറഞ്ഞ നെൽപാടങ്ങളിൽ കളകൾ മുളച്ചുവരാൻ തുടങ്ങിയതോടെ കീടനാശിനിക്കൊപ്പം കളനാശിനിയും കൂട്ടിക്കലർത്തിയാണ് തളിക്കുന്നത്. നെല്ലിന്റെ ജനുസിൽപെടാത്ത മങ്ങ്, പൊള്ളക്കള തുടങ്ങിയ കളകളെ കളനാശിനി മുഖേന നിയന്ത്രിക്കാൻ കഴിയും. നെല്ലിന്റെ ജനുസിൽപെട്ട മറ്റു കളകൾ പറിച്ചുമാറ്റുക തന്നെ വേണന്ന് കർഷകർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.