കേളകം: മലയോരത്ത് കാലം തെറ്റിപ്പെയ്യുന്ന മഴയില്‍ താളം തെറ്റി കാർഷിക മേഖല. മൂന്നുദിവസമായി മലയോരത്ത് പെയ്യുന്ന കനത്ത മഴ കാര്‍ഷികമേഖലക്ക് ഉണ്ടാക്കിയത് അപ്രതീക്ഷിത നഷ്ടമാണ്.
പച്ചക്കറി തൊട്ട് റബര്‍ വരെയുള്ള വിളകള്‍ക്ക് കനത്ത തിരിച്ചടിയാണ് ജനുവരിയുടെ തുടക്കത്തില്‍ പതിവ് തെറ്റിയെത്തിയ മഴയുണ്ടാക്കിയത്. നവംബര്‍, ഡിസംബർ മാസങ്ങളിലുണ്ടായ മഴ പച്ചക്കറികൃഷിയെ ബാധിച്ചിരുന്നു. ഈ മാസങ്ങളിലെ തണുപ്പിലാണ് കശുമാവും മാവുമെല്ലാം പൂക്കുന്നത്. എന്നാല്‍, ഈ വര്‍ഷം ഇടക്കിടെ പെയ്ത മഴമൂലം കാര്യമായ തണുപ്പ് ഉണ്ടായില്ല. ഇതുകാരണം കശുമാവും മാവും പൂക്കാൻ ഇനിയും വൈകും.
കൂടാതെ തേയിലക്കൊതുകിന്റെ വ്യാപനംമൂലം കശുമാവിന് കരിച്ചിലും വ്യാപകമാണ്. മഴ മാറാൻ വൈകിയതിനാല്‍ ഇക്കുറി തോട്ടങ്ങളില്‍ റബര്‍ ടാപ്പിങ് ഏറെ വൈകിയിരുന്നു.
ഇത് റബർ കർഷകർക്ക് കനത്ത പ്രഹരമായി. ഇലപൊഴിയല്‍ തുടങ്ങുകകൂടി ചെയ്തതോടെ പാലുൽപാദനം കുറഞ്ഞ തോതിലായിരുന്നു. ഈര്‍പ്പം കൂടിയ അന്തരീക്ഷവും മഴയും കൂടിയായതോടെ ടാപ്പിങ് വീണ്ടും മുടങ്ങി.
മുൻവര്‍ഷങ്ങളില്‍ ലഭിച്ചതിന്റെ പാതി പോലും റബര്‍ ഉൽപാദനം ഇക്കുറിയുണ്ടാകില്ലെന്നാണ് ഈ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ പരിതപിക്കുന്നത്. വിലത്തകര്‍ച്ചയും തൊഴിലാളി ക്ഷാമവും മൂലം നട്ടംതിരിയുന്ന കര്‍ഷകര്‍ കാലാവസ്ഥ കൂടി വില്ലനാകുന്നതോടെ എങ്ങനെ അതിജീവിക്കുമെന്ന ആശങ്കയിലാണ്. ഇതിനിടെ കർഷകർക്ക് ഉത്തേജകമാകേണ്ട റബർ വിലസ്ഥിരതപദ്ധതി പ്രകാരമുളള സബ്സിഡിയും കിട്ടാക്കനിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.