ചെങ്ങന്നൂർ: വർഷത്തിലൊരു കൃഷിയെ മാത്രം ആശ്രയിക്കുന്ന അപ്പർ കുട്ടനാടൻ കാർഷിക മേഖലയായ മാന്നാർ കുരട്ടി ശ്ശേരി, നാലുതോടു പാടശേഖരത്തിലെ മില്ലുകാർ നെല്ലെടുത്തത് 20 ശതമാനം കിഴിവിൽ. നേരത്തെയുണ്ടാക്കിയ ധാരണ 15 ശതമാനമായിരുന്നു. മഴ മുതലെടുത്ത് മില്ലുകാർ കർഷകരെ ചൂഷണം ചെയ്തു അഞ്ചു ശതമാനം കൂടികിഴിവുണ്ടെങ്കിലേ നെല്ലെടുക്കു എന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. ഇത് കർഷകർക്ക് കനത്ത തിരിച്ചടിയായി. 20,000 രൂപയുടെ ചാക്കുകൾ വരെ വാങ്ങി അതിൽ കൂലികൊടുത്ത് നിറപ്പിക്കേണ്ടിയും അവ ചെറുവാഹനങ്ങളിലും മറ്റുമായി ഇവിടെത്തന്നെയുള്ള വിവിധ സ്ഥലങ്ങളിലായി സൂക്ഷിച്ചുവെക്കേണ്ട ചിലവും താങ്ങേണ്ടതായും വന്നു.
നാലുതോട് പാടശേഖരത്തിലെ 252 ഏക്കറിലാണ് ഇക്കുറി നെൽകൃഷിയുണ്ടായിരുന്നത്. ഉഷ്ണതരംഗത്താൽവിളവു കുറവായിരുന്നു. ഈമാസം എട്ടിനാണ്കൊയ്ത്താരംഭിച്ചത്. അവസാനലോഡ് നെല്ല് ശനിയാഴ്ച രാത്രിയാണ് എടുത്തത്. വിളവെടുപ്പാരംഭിച്ച് പത്തുനാൾക്ക് ശേഷമാണ് സപ്ലൈകോക്കായി മില്ലുകാർ സംഭരണമാരംഭിച്ചത്. മുൻവർഷങ്ങളിൽ 50 ലോഡ് നെല്ലാണ് ഉണ്ടായിരുന്നത്. ഇത്തവണ കിട്ടിയതാകട്ടെ 10 ലോഡ് മാത്രവും. ഈമാസം 16ന് കിഴിവിന്റെ പേരിൽ കർഷകർ കൃഷി ഓഫിസറെയും പഞ്ചായത്ത് അംഗത്തെയും പാടത്ത് തടഞ്ഞതോടെയാണു കൃഷി, പാഡി ഉദ്യോഗസ്ഥർ നാലുതോട്ടിലെ പ്രശ്നത്തിലിട പെട്ടത്.18 മുതലാണ് നെല്ലെടുപ്പാരംഭിച്ചത്.
അന്ന് 10 ശതമാനം കിഴിവിൽ മൂന്നും പിന്നീട് 15 ആക്കി ഉയർത്തി മൂന്നും ലോഡ് വീതമെടുത്തു. അവസാനമായി 20 ശതമാനനം കിഴിവിലാണ് എടുത്തത്. മഴ കനത്താൽ ഒരു മണി നെല്ല് പോലും ലഭിക്കില്ലെന്ന് ബോധ്യമായതോടെയാണ് മില്ലുകാരുടെ പിടിവാശിക്കു മുന്നിൽ കർഷകർക്ക് വഴങ്ങേണ്ടിവന്നത്. ലക്ഷങ്ങൾ മുതലിറക്കിയ കർഷകർക്ക് കൊയ്ത്തുമെതിയന്ത്രത്തിന്റെയും ചുമട്ടുകൂലിയും മാത്രമാണു ലഭിച്ചത്. 10 ലോഡിൽ രണ്ടു ലോഡ് പൂർണമായും കിഴിവാക്കി മാറ്റി. ഇതിനുപിന്നിൽ ഉദ്യോഗസ്ഥ ലോബിയും മില്ലുകാരും തമ്മിലുള്ള ഒത്തുകളിയാണെന്നുള്ള ആരോപണമാണ് കൃഷിക്കാരുടെ ഇടയിൽ. മില്ലുകാരാകട്ടെ സർക്കാറിൽ നിന്നും എടുത്ത നെല്ലിന്റെ പണമുൾപ്പടെയുള്ള എല്ലാവിധ ചിലവുകളും പൂർണമായും വാങ്ങിയെടുക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.