കായംകുളം: കച്ചവടപ്പെരുമയുടെ ഗതകാല സ്മൃതികളുണർത്തുന്ന വിപണികൾ വള്ളികുന്നം ഗ്രാമത്തിന്റെ സവിശേഷ കാഴ്ചയാണ്. വിശാലമായ നെൽപ്പാടങ്ങളും പച്ചക്കറി കൃഷിയും നാടിന്റെ പ്രകൃതിരമണീയതക്ക് മാറ്റ് കൂട്ടുന്നു. ഓണാട്ടുകരയുടെ കാർഷിക പാരമ്പര്യത്തിന്റെ വീണ്ടെടുപ്പാണ് ഓരോ വിപണികളും സമ്മാനിക്കുന്നത്. നാടിന്റെ ദശാബ്ദങ്ങൾ പഴക്കമുള്ള കച്ചവട സംസ്കൃതിയുടെ വർത്തമാനവുമായാണ് പഴമയുടെ അനുഭവങ്ങൾ പേറുന്ന കർഷകർ വിപണികളിൽ ഓരോ വട്ടവും ഒത്തുകൂടുന്നത്. ഇവരെ കേൾക്കാനായി പുതുതലമുറയും ചന്തയിൽ എത്തുന്നതോടെ വിജ്ഞാനവും പങ്കുവെക്കപ്പെടുന്നു. 'ബാർട്ടർ' കച്ചവടരീതിയുടെ അനുഭവങ്ങളുള്ള ചൂനാട് ചന്തയുടെ സമീപംതന്നെയാണ് വി.എഫ്.പി.സി.കെയുടെ കൂടി സഹകരണത്തോടെ നാട്ടിലെ പ്രധാന വിപണി പ്രവർത്തിക്കുന്നത്.
തേങ്ങയും നെല്ലും പായുമൊക്കെ ചന്തയിൽ വിറ്റഴിച്ച് അരിയും പലചരക്കും സാധനങ്ങളുമായി രാത്രിയോടെ മടങ്ങിയിരുന്ന കച്ചവടകാലവും ഇവിടെ ഓർത്തെടുക്കുന്നു. നാട്ടിൽ ഉൽപാദിപ്പിക്കുന്ന എല്ലാ വിഭവങ്ങളും കിട്ടുന്ന ഇടമായി വിപണി ഇന്ന് വികസിച്ചിരിക്കുന്നു. വള്ളികുന്നം സ്വാശ്രയ കർഷക സമിതിയാണ് വിപണിക്ക് മേൽനോട്ടം വഹിക്കുന്നത്. നാടൻ പച്ചക്കറികളുടെ പ്രധാന വിപണനകേന്ദ്രമാണ്. ഇതുകൂടാതെ കിഴങ്ങുവർഗങ്ങളും ചേന, ചേമ്പ് തുടങ്ങിയവയും ഇവിടെ ലഭിക്കും.
ആഴ്ചയിൽ ബുധനും ശനിയുമാണ് ചൂനാട്ടെ ചന്ത പ്രവർത്തിക്കുന്നത്. ചൂനാട് കൂടാതെ കൃഷിഭവന്റെ നേതൃത്വത്തിലുള്ള കാഞ്ഞിരത്തുംമൂട്ടിലും പ്രധാന വിപണിയുണ്ട്. പള്ളം, വാളാച്ചാൽ, മണക്കാട് എന്നിവിടങ്ങളിലും വിപണികൾ പ്രവർത്തിക്കുന്നു. ഇതിലൂടെ ആഴ്ചയിലെ എല്ലാ ദിവസവും ഉൽപന്നങ്ങൾ വിറ്റഴിക്കാനും വാങ്ങാനും കഴിയുന്നു. വിപണികളുടെ വരവ് കാർഷികരംഗത്ത് വൻ മുന്നേറ്റമാണ് സൃഷ്ടിക്കുന്നത്. ചെറുകിട കർഷകന് ഉൽപന്നങ്ങൾ വിറ്റഴിക്കാൻ നേരിട്ട് മാർഗമുള്ളതും നാടിനെ ഹരിതാഭമാക്കാൻ സഹായിച്ച ഘടകമാണ്. 25 കർഷകർ വരെയുള്ള ചെറുകിട ഗ്രൂപ്പുകളുടെ കൂട്ടായ്മയാണ് സ്വാശ്രയ കർഷക സമിതി.
500ലധികം കർഷകരാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്. 60 ലക്ഷത്തോളം രൂപയുടെ പച്ചക്കറി കച്ചവടവമാണ് ഒരുവർഷം ചൂനാട്ടെ വിപണിയിൽ നടക്കുന്നത്. പഞ്ചായത്തിൽ മൊത്തത്തിൽ മൂന്നുകോടിയോളം രൂപയുടെ പച്ചക്കറി വിറ്റഴിക്കപ്പെടുന്നു. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ നാടിന്റെ പരിസ്ഥിതിക്ക് വലിയ മുതൽക്കൂട്ടാകുന്നു. ശ്രീധരകുറുപ്പ് പ്രസിഡന്റം ശാലിനി സെക്രട്ടറിയും സുരേഷ് വൈസ് പ്രസിഡൻറുമായ സമിതിയാണ് വിപണിക്ക് മേൽനോട്ടം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.