സ​ലോ​മി കൃ​ഷി​യി​ട​ത്തി​ൽ

എട്ടേക്കറിൽ സലോമി വിളയിക്കുന്നു വൈവിധ്യങ്ങൾ

തൊടുപുഴ: അന്യംനിന്ന് പോകുന്ന ഫലവൃക്ഷങ്ങളും കിഴങ്ങുകളും പച്ചക്കറികളും ഔഷധ സസ്യങ്ങളും വരെ സംരക്ഷിച്ച് ത‍‍െൻറ വീടിന് ചുറ്റുമുള്ള കൃഷിയിടത്തെ മാതൃക കൃഷിത്തോട്ടമാക്കി തീർക്കുകയാണ് സലോമി എന്ന വീട്ടമ്മ. വണ്ണപ്പുറം തൊമ്മൻകുത്ത് പച്ചില ഭാഗത്ത് ചിറ്റേത്ത്ക്കുടിയിൽ സലോമി സാജുവി‍െൻറ വീട്ടുമുറ്റത്തും കൃഷിത്തോട്ടത്തിലുമായി 400ൽ അധികം വ്യത്യസ്ത വൃക്ഷ-സസ്യലതാതികളാണ് വളരുന്നത്. ഇവയെ കൂടാതെ ഏറെ പഴക്കമുള്ള ഔഷധ സസ്യങ്ങളും ഇവിടെ പരിപാലിച്ച് വരുന്നു.

സാധാരണ കാർഷിക വിളകൾക്കൊപ്പം നാട്ടിൻ പുറങ്ങളിൽനിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നവയും സലോമി വിവിധ ഇടങ്ങളിൽനിന്ന് എത്തിച്ച് നട്ടു വളർത്തുന്നു.വെള്ളക്കൂവ, കീഴാർനെല്ലി, മുയൽചെവിയൻ, മധുര അമ്പഴം, ചെറുനാരകം, ആകാശ മലേരി തുടങ്ങിയ 40 ഇനങ്ങളും തോട്ടത്തിലുണ്ട്. പരമ്പരാഗതമായി കാർഷിക കുടുംബമാണെങ്കിലും 2012 ൽ മുതലാണ് സലോമി കൃഷിയെ കാര്യമായി കണ്ട് തുടങ്ങിയത്. എട്ടേക്കറിൽ ജൈവ കൃഷി രീതിയാണ് പിന്തുടരുന്നത്.

കാട്ടുപാവൽ, കാട്ടുമഞ്ഞൾ, കാട്ട് ചേന, കാട്ട് ഇഞ്ചി, പാവൽ, മുള്ളാത്ത, വേലിപ്പടപ്പൻ മുളക്, നീലക്കാച്ചിൽ തുടങ്ങി മറ്റ് കൃഷിയിടങ്ങളിൽ അധികം കാണാത്ത സസ്യങ്ങളും തോട്ടത്തിലുണ്ട്. കസ്തൂരി മഞ്ഞൾ, ഊരാളി ചേമ്പ്, നിത്യ വഴുതന, ആളോരങ്ങ എന്നിവയും കാണാം.

ഈ കൃഷികൾക്കൊപ്പം പശുവളർത്തലും തേൻ കൃഷിയും കൊണ്ടുപോകുന്നു. മൂട്ടിപ്പഴം, ഓറഞ്ച് , ഡ്രാഗൺ ഫ്രൂട്ട്, മങ്കോസ്റ്റിൻ, സപ്പോർട്ട, ചാമ്പ, നെല്ലി, വാളംപുളി, കൊടംപുളി, അരിനെല്ലി, സ്റ്റാർഫ്രൂട്ട്, പലതരം ഫല വൃക്ഷങ്ങളും കായ്ച്ച് നിൽക്കുന്നുണ്ട്. ഇതിനിടക്ക് ഏലവും . ഡൽഹി, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലടക്കം കാർഷിക ഗ്രൂപ്പുകളുടെ കൂടെ സഞ്ചരിച്ച് കൃഷി അറിവുകൾ സലോമി കരസ്ഥമാക്കാറുണ്ട്.

വല്ല്യപ്പച്ചൻ പാരമ്പര്യ വൈദ്യനായിരുന്നു. അദ്ദേഹത്തിൽ നിന്നാണ് സസ്യങ്ങളുടെ പേരുകളും അതുവഴി കൃഷി അറിവുകളിലേക്കും എത്തുന്നത്. രാവിലെ ആറ് മണിമുതൽ വൈകീട്ട് ആറ് വരെ കൃഷി കാര്യങ്ങളിൽ നല്ല ശ്രദ്ധയും പരിചരണവും നൽകുന്നുണ്ട്. വരുമാനം എന്ത് കിട്ടുമെന്ന് നോക്കിയില്ല കൃഷി ചെയ്യുന്നത്.ഇന്ന് പലരും പറയുന്നത് കൃഷി കൊണ്ടൊന്നും ജീവിക്കാൻ കഴിയില്ലെന്നാണ്. എന്നാൽ, കൃഷിയിൽ എത്രത്തോളം ആത്മസമർപ്പണം നടത്തുന്നുവോ അത്രയും നേട്ടം കൈവരിക്കാൻ കഴിയുമെന്നാണ് സലോമിക്ക് പറയാനുള്ളത്.  

Tags:    
News Summary - varieties are grown on eight acres

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.