മൂവാറ്റുപുഴ: ജീവിതസായാഹ്നത്തിലും മണ്ണിൽ പണിയെടുത്ത് പൊന്നുവിളയിക്കുകയാണ് വർക്കിച്ചേട്ടൻ. തിങ്കളാഴ്ച 90 വയസ്സ് തികഞ്ഞ വർക്കിച്ചേട്ടന് പിറന്നാൾദിനം മറ്റൊരു വാർഷികാഘോഷം കൂടിയാണ്. 20ാം വയസ്സിൽ തുടങ്ങി 70 വർഷം പൂർത്തിയായ ഒരു കാർഷിക ജീവിതത്തിെൻറ വാർഷികം. പിറന്നാൾ ദിനത്തിലും പതിവുപോലെ കൃഷിയിടത്തിലിറങ്ങിയ വർക്കി, തുടർന്ന് റബർ ടാപ്പിങ്ങും നടത്തി. ഏഴുപതിറ്റാണ്ടായി കാർഷിക മേഖലയിൽ സജീവമാണ്.
നെല്ല്, കശുമാവ്, കാപ്പി, കൊക്കോ, കമുക്, കുരുമുളക്, മരച്ചീനി, വാഴ തുടങ്ങിയവക്കുപുറമെ ചേമ്പ്, ചേന, കാച്ചിൽ, ചെറുകിഴങ്ങ്, നനക്കിഴങ്ങ്, ഇഞ്ചി, മഞ്ഞൾ, കൂവ എന്നുവേണ്ട, എല്ലാ കൃഷിയും ഇദ്ദേഹം ചെയ്തിട്ടുണ്ട്. കൃഷിയുടെ നൂതനപാഠങ്ങൾ ഇപ്പോഴും കേട്ടറിയുന്നതിന് തൽപരനായ ഇദ്ദേഹം പ്രദേശത്തെ എല്ലാ കാർഷിക സെമിനാറുകളിലും ക്ലാസുകളിലും പങ്കെടുക്കാറുമുണ്ട്. പുരയിടത്തിന് നടുവിലൂടെ വീട്ടിലേക്കുള്ള നീണ്ട വഴിയുടെ ഇരുവശങ്ങളിലും പന്തൽകെട്ടി അതിൽ പാഷൻഫ്രൂട്ടും വിളയിച്ചിരുന്നു അടുത്തിടെ.
വാഴക്കുളം പൊലീസ് സ്റ്റേഷനിലും ഇദ്ദേഹത്തിെൻറ മേൽനോട്ടത്തിൽ പാഷൻഫ്രൂട്ട് നട്ടുവളർത്തി പരിപാലിച്ചിരുന്നു. ഇദ്ദേഹത്തെക്കുറിച്ച് ആകാശവാണി കൃഷിപാഠം പരമ്പരയിൽ അവതരിപ്പിച്ചിട്ടുണ്ട്. കൗമാരകാലത്ത് കൈവെച്ച റബർ ടാപ്പിങ് അന്നും ഇന്നും ഹരമാണീ വയോധികന്. റബർകൃഷി സംബന്ധിച്ച് സ്വയം ആർജിച്ച കുറെ അറിവുകളുണ്ട് വർക്കിച്ചേട്ടന്. 12ലേറെ ഇനം റബർ വളർത്തി ടാപ്പിങ് നടത്തിയിട്ടുണ്ട്. 100 മരത്തിന് ഒരുഷീറ്റ് മാത്രം ലഭിച്ചിരുന്ന രാജഭരണകാലത്തെ റബർകൃഷിയും ഇദ്ദേഹം ഓർമിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.