നിലമ്പൂർ: സംസ്ഥാന സർക്കാറിന്റെ ഒന്നാം വാർഷികവുമായി ബന്ധപ്പെട്ട് പ്രാഥമിക സഹകരണ സംഘങ്ങൾ മുഖേന സംസ്ഥാനത്ത് 500 ഏക്കർ സ്ഥലത്ത് പച്ചക്കറി തോട്ടങ്ങൾ നിർമിക്കും. ഭക്ഷ്യ കാർഷിക മേഖലയിൽ സ്വയംപര്യാപ്തമാകുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി. 14 ജില്ലകളിലും പച്ചക്കറി തോട്ടങ്ങൾ നിർമിക്കും.
സഹകരണ സംഘങ്ങളുടെ നിലവിലെ കൃഷിക്ക് പുറമെയാണിത്. പദ്ധതി നടത്തിപ്പിന് സഹകരണ സംഘങ്ങൾക്ക് കീഴിൽ സ്വാശ്രയ ഗ്രൂപ്പുകൾ, ജോയന്റ് ലയബിലിറ്റി എന്നിവ രൂപവത്കരിക്കും. സംഘം അടിസ്ഥാനത്തിൽ കാർഷിക ഉൽപന്ന ചന്തകൾ ആരംഭിക്കും. പദ്ധതി നടത്തിപ്പിന് സംഘങ്ങളുടെ പൊതുഫണ്ടിൽനിന്ന് പരമാവധി 50,000 രൂപ വരെ അനുവദിക്കും.
മാതൃക കൃഷിത്തോട്ടങ്ങൾ സജ്ജീകരിക്കാൻ സംഘത്തിനോ അംഗങ്ങൾക്കോ സ്വന്തം സ്ഥലമോ തരിശ് ഭൂമിയോ പാടശേഖരങ്ങളോ തിരഞ്ഞെടുക്കാം. കാർഷിക ഉൽപന്നങ്ങൾ ഗ്രാമീണ ചന്തകൾ വഴിയോ കാർഷിക വിപണന കേന്ദ്രങ്ങൾ വഴിയോ വിൽക്കാം. ഓരോ ജില്ലയിലും നടത്തേണ്ട കൃഷിയുടെ വ്യാപ്തിയും നിശ്ചയിച്ചു.
കണ്ണൂർ ജില്ലയിലാണ് കൂടുതൽ കൃഷിക്ക് നിർദേശം നൽകിയിട്ടുള്ളത്. 20 സംഘങ്ങളുടെ സഹകരണത്തോടെ 75 ഏക്കറിൽ ഇവിടെ കൃഷി ചെയ്യണം. ഇടുക്കി ജില്ലയിലാണ് കുറവ്. 15 സംഘങ്ങളുടെ സഹകരണത്തോടെ പത്ത് ഏക്കറിൽ കൃഷി ചെയ്യാനാണ് നിർദേശം. തിരുവനന്തപുരം 40, കൊല്ലം 40, പത്തനംതിട്ട 35, ആലപ്പുഴ 20, കോട്ടയം 25, എറണാകുളം 25, തൃശൂർ 60, പാലക്കാട് 20, മലപ്പുറം 40, കോഴിക്കോട് 40, വയനാട് 20, കാസർകോട് 50 ഏക്കർ എന്നിങ്ങനെയാണ് നിർദേശം.
പദ്ധതി നടത്തിപ്പിന് ജില്ല തലത്തിൽ ഡെപ്യൂട്ടി രജിസ്ട്രാറെയും താലൂക്ക് തലത്തിൽ യൂനിറ്റ് ഇൻസ്പെക്ടർമാരെയും നോഡൽ ഓഫിസർമാരായി നിയമിക്കും. ഫെബ്രുവരി ഒന്ന് മുതൽ ഓരോ സംഘങ്ങളും എത്ര സ്ഥലത്ത്, എന്തെല്ലാം വിളകൾ കൃഷി ഇറക്കി എന്നും എത്ര മാതൃക കൃഷിത്തോട്ടം സജ്ജമാക്കി എന്നത് മാർച്ച് അവസാനത്തോടെയും സഹകരണ സംഘം രജിസ്ട്രാർ ഓഫിസിൽ റിപ്പോർട്ട് നൽകണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.