പന്തളം: കടുത്ത ചൂടിൽ ജലനിരപ്പ് താഴ്ന്നതോടെ പാടശേഖരങ്ങൾ വിണ്ടുകീറുന്നു. പലപാടശേഖരത്തിലും ജലനിരപ്പ് രണ്ടും മൂന്നും അടി താഴെയായതിനാൽ വെള്ളം പാടത്തേക്കു കയറ്റാൻ കഴിയില്ല. പെട്ടിയും പറയും തിരിച്ചുവെച്ച് വെള്ളം കയറ്റാമെന്നു വച്ചാൽ സമീപ തോടുകളിലും ജലനിരപ്പ് താഴ്ന്ന നിലയിലാണ്. വലിയ പാടശേഖരത്തിന്റെ ഒരു വശത്ത് വെള്ളം എത്തുമ്പോൾ മറുവശത്ത് വെള്ളമെത്താത്ത സംഭവവുമുണ്ട്.
പന്തളത്തെ മാവര, കരിങ്ങാലി പാടശേഖരങ്ങളിലായി പാടത്ത് മൂന്ന് മോട്ടോർവെച്ച് വെള്ളം തോട്ടിൽ നിന്ന് അടിച്ചു കയറ്റിയാണ് നെൽച്ചെടികൾക്ക് വെള്ളം എത്തിക്കുന്നത്. കൂടാതെ വിശാലമായ കരിങ്ങാലിപാടശേഖരങ്ങളാണ് വെള്ളം കയറ്റാൻ കഴിയാതെ ബുദ്ധിമുട്ടുന്നത്. 50 ദിവസം മുതൽ 100 ദിവസം വരെ പ്രായമായ നെൽച്ചെടികളാണ് ഇവയെല്ലാം. വെള്ളം ഏറ്റവും കൂടുതൽ ആവശ്യമായ സമയമാണിത്.
നെൽച്ചെടികൾ നിരക്കുന്ന സമയത്തും വിളവെടുപ്പ് ആകാറായ സമയത്തും ആവശ്യത്തിനു വെള്ളം ലഭിച്ചില്ലെങ്കിൽ നെല്ലിന്റെ തൂക്കം കുറയുകയും കർഷകർക്ക് നഷ്ടം സംഭവിക്കുകയും ചെയ്യും. ജലനിരപ്പ് കുറഞ്ഞാൽ നെൽച്ചെടികൾ കരിയാൻ സാധ്യതയുമുണ്ട്. കൊയ്യുന്ന പാടശേഖരങ്ങൾക്ക് മഴ ഭീഷണി ആണെങ്കിലും വെള്ളത്തിനായി കഷ്ടപ്പെടുന്ന കർഷകർക്ക് അനുഗ്രഹമായിരിക്കും. ഒരാഴ്ച കൂടി കഴിഞ്ഞാൽ കൊയ്ത്ത് വ്യാപകമാകും ഇപ്പോൾതന്നെ 500 ഹെക്ടറിൽ കൂടുതൽ നെല്ല് കൊയ്തു കഴിഞ്ഞു.
സാധാരണ മാർച്ച് അവസാനത്തോടെ മാത്രമേ ഇത്രയും ചൂട് അനുഭവപ്പെടാറുള്ളൂ. വിളവെടുക്കാറാകുമ്പോൾ പാടശേഖരം ഉണങ്ങിക്കിടന്നാൽ കുഴപ്പമില്ല. നെൽച്ചെടികൾക്ക് ഏറ്റവും കൂടുതൽ വെള്ളം വേണ്ട സമയമാണ്. തോടുകളുടെ ആഴം കൂട്ടുകയും വലിയ നദികളിൽനിന്നും വെള്ളം ഇടത്തോട്ടിലേക്കു എത്തിക്കാൻ സംവിധാനം ഒരുക്കുകയും ചെയ്താൽ ഉണക്ക് സമയങ്ങളിൽ കർഷകർക്ക് ആവശ്യത്തിനു വെള്ളം ലഭിക്കും. ഇടത്തോടുകളുടെ ഇരുവശവും സംരക്ഷണ ഭിത്തി നിർമിച്ച് സുരക്ഷിതം ഒരുക്കുകയും ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.