ഷാർജ: മലീഹയിലെ മരുഭൂമിയിൽ പച്ചവിരിച്ച് ഗോതമ്പുപാടങ്ങൾ. നവംബറിൽ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽഖാസിമി വിത്തിറക്കിയ ഗോതമ്പുപാടങ്ങളാണ് മലീഹയുടെ സൗന്ദര്യമായി പച്ചവിരിച്ചു നിൽക്കുന്നത്. അന്ന് വിത്തുവിതച്ച ശൈഖ് സുൽത്താൻ വീണ്ടും ഗോതമ്പുപാടങ്ങൾ വീക്ഷിക്കാൻ മലീഹയിലെത്തി.
ഭക്ഷ്യസുരക്ഷ വർധിപ്പിക്കാൻ ലക്ഷ്യമിട്ട് 2025ഓടെ 1400 ഹെക്ടർ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിക്കാനാണ് ഷാർജ സർക്കാറിന്റെ ലക്ഷ്യം. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് കഴിഞ്ഞ നവംബറിൽ 400 ഹെക്ടർ സ്ഥലത്ത് ഗോതമ്പ് വിത്തിറക്കിയത്. അടുത്ത വർഷം 880 ഹെക്ടർ കൃഷി വ്യാപിപ്പിക്കാനാണ് പദ്ധതി. നിർമിത ബുദ്ധിയുടെ സഹായത്തോടെ കാലാവസ്ഥക്ക് യോജിക്കുന്ന രീതിയിൽ വെള്ളമെത്തിക്കുന്ന ജലസേചന സംവിധാനമാണ് ഇവിടെ ഉപയോഗിക്കുന്നത്.
ദിവസവും 60,000 ക്യുബിക് മീറ്റർ വെള്ളം വരെ പമ്പുചെയ്യാൻ ശേഷിയുള്ള ആറ് വലിയ സക്ഷൻ പമ്പുകൾ വഴിയാണ് ഗോതമ്പ് പാടത്തേക്ക് വെള്ളം എത്തിക്കുന്നത്. ഹംദ സ്റ്റേഷനിൽനിന്ന് 13 കിലോമീറ്റർ കൺവെയർ ലൈൻ വഴിയാണ് ഫാമിലേക്ക് വെള്ളം കൊണ്ടുപോകുന്നത്. അടുത്ത മാസത്തോടെ വിളവെടുക്കാനാകുമെന്നാണ് പ്രതീക്ഷ.
കഴിഞ്ഞ ദിവസം ഇവിടെയെത്തിയ ശൈഖ് സുൽത്താൻ ഗോതമ്പുചെടി, ജലസേചനം, ശുചീകരണം, മറ്റു നടപടിക്രമങ്ങൾ തുടങ്ങിയവ നോക്കിക്കണ്ടു. വരും വർഷങ്ങളിൽ വിവിധ മേഖലകളിലേക്ക് ഗോതമ്പുകൃഷി വ്യാപിപ്പിക്കാനുള്ള പദ്ധതികളെക്കുറിച്ചും പരീക്ഷണങ്ങളെക്കുറിച്ചും ശൈഖ് സുൽത്താൻ വിശദീകരിച്ചു.
ഷാർജയിലേക്ക് ആവശ്യമായി വരുന്ന ഗോതമ്പ് ഇറക്കുമതിയുടെ തോത് കുറക്കാനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുമാണ് ഗോതമ്പ് കൃഷി ചെയ്യുന്നത്. വർഷം 1.7 ദശലക്ഷം മെട്രിക് ടൺ ഗോതമ്പാണ് യു.എ.ഇയിലേക്ക് ഇറക്കുമതി ചെയ്യുന്നത്. ഇതിൽ 3.3 ലക്ഷം മെട്രിക് ടൺ ഷാർജയിലേക്കു മാത്രമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.