അടിമാലി: വിളവെടുപ്പ് സീസണില്‍ വില ഇടിയുന്നത് കുരുമുളക് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. രണ്ടുമാസം മുമ്പ് 550 രൂപയോളം വിലവന്ന കുരുമുളകിന് ഇപ്പോഴത്തെ വില 460 നും താഴെയാണ്. ഇതിനു പുറമെ ഉൽപാദനക്കുറവും കര്‍ഷകരെ വലക്കുന്നു. രണ്ട് പ്രളയത്തിലും കുടിയേറ്റമേഖലയില്‍ ഏറ്റവുമധികം നാശം നേരിട്ടത് കുരുമുളക് കൃഷിക്കാണ്. 2018ലെ പ്രളയത്തില്മാത്രം 100 കോടിയിലേറെ രൂപയുടെ കൃഷിനാശമുണ്ടായെന്നാണ് അനൗദ്യോഗിക കണക്കുകള്‍. ഏക്കറുകണക്കിന് കൃഷിഭൂമിയിലെ കൊടികളാണ് പ്രളയത്തെ തുടര്‍ന്നു ദ്രുതവാട്ടത്തില്‍ നശിച്ചത്. കനത്തമഴയില്‍ തോട്ടങ്ങളില്‍ വെള്ളം കെട്ടിനിന്ന് വേര് ചീഞ്ഞ് കൊടികള്‍ നശിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം മഴ നീണ്ടുനിന്നതാണ് കൃഷിക്ക് തിരിച്ചടിയായത്. 350ഉം 400ഉം വില ലഭിച്ചിരുന്ന സ്ഥാനത്ത് 450ന് മുകളില്‍ വിലയുണ്ട്. 2020ലും 2021ലും കാലവര്‍ഷം നീണ്ടതാണ് കുരുമുളക് കൃഷിയെ സാരമായി ബാധിച്ചത്. ഈ കാലയളവില്‍ ഏറ്റവും കൂടുതല്‍ നാശം നേരിട്ടത് മാങ്കുളം, കൊന്നത്തടി, വാത്തിക്കുടി, കഞ്ഞിക്കുഴി, അടിമാലി വെള്ളത്തൂവല്‍ പഞ്ചായത്ത് പരിധികളിലാണ്.
കുരുമുളക് തോട്ടങ്ങള്‍ സന്ദര്‍ശിച്ച് നഷ്ടപരിഹാര നടപടി സ്വീകരിക്കുമെന്ന് കൃഷി വകുപ്പ് അധികൃതര്‍ പറഞ്ഞിരുന്നെങ്കിലും തിരിഞ്ഞുനോക്കിയില്ലെന്ന് കര്‍ഷകര്‍ പറയുന്നു.
മിക്ക കര്‍ഷകരും കുരുമുളക് കൃഷി ഉപേക്ഷിച്ച സ്ഥിതിയാണ്. പരമ്പരാഗതമായി കുരുമുളക് കൃഷി ചെയ്യുന്ന കുടിയേറ്റക്കര്‍ഷകര്‍ മാത്രമാണ് കൃഷി ഉപേക്ഷിക്കാന്‍ മനസ്സില്ലാതെ തുടരുന്നത്. മാന്ദ്യത്തിലായ കര്‍ഷകരെ സംരക്ഷിക്കാന്‍ പ്രത്യേക പാക്കേജ് ആവശ്യമാണെന്ന് കാണിച്ച് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ കൃഷിവകുപ്പ് അധികൃതരെ സമീപിക്കാനുള്ള ഒരുക്കത്തിലാണ്.
ജില്ലയില്‍ ഏലകൃഷി കഴിഞ്ഞാല്‍ കുരുമുളക് കൃഷിയാണ് കൂടുതല്‍. സര്‍ക്കാറിന്റെ തെറ്റായ ഇറക്കുമതിനയം അടക്കമുള്ളവയാണ് കുരുമുളക് കര്‍ഷകരുടെ പ്രതിസന്ധിക്ക് കാരണമെന്ന പരാതിയും വ്യാപകമാണ്. ഏലത്തിന്റെ ഉൽപാദനം വർധിച്ചതാണ് വില കുറയാന്‍ കാരണമെന്നും പറയുന്നുണ്ട്. കുരുമുളകിന് പുറമെ ഏലം, കൊക്കോ, ഏത്തവാഴ കൃഷിക്കാരും വലിയ പ്രതിസന്ധിയിലാണ്. ചരിത്രത്തിലെ ഏറ്റവും മോശമായ വിലയാണ് ഈ കൃഷികള്‍ക്കും ഉളളത്.
വിലയിടിവിൽ നട്ടംതിരിഞ്ഞ് ഇഞ്ചികർഷകർ
കട്ടപ്പന: ഹൈറേഞ്ചിലെ കർഷകരുടെ സ്വപ്നവിളയായിരുന്നു ഒരുകാലത്തു ഇഞ്ചികൃഷി. എന്നാൽ, ഇന്ന് സ്ഥിതി മാറി. ഇഞ്ചി കൃഷിയിൽനിന്ന് കർഷകർ ഓരോരുത്തരായി പിന്തിരിയുന്ന കാഴ്ചയാണ് മലയോരത്ത്. കിലോഗ്രാമിന് 120 രൂപ വരെ വില ലഭിച്ചിരുന്ന പച്ച ഇഞ്ചിക്ക് ഇന്ന് കിലോക്ക് 30 രൂപയാണ്. പലപ്പോഴും വാങ്ങാൻ ആളില്ലാത്ത സ്ഥിതിയും. ചുക്ക് വില കിലോഗ്രാമിന് 135 രൂപയായാണ് ഇടിഞ്ഞത്. മുമ്പ് കിലോഗ്രാമിന് 300 രൂപവരെ ലഭിച്ചിരുന്നു.
ഇഞ്ചികൃഷിയില്‍ ഉണ്ടായിരിക്കുന്ന വിലത്തകര്‍ച്ച കര്‍ഷകരെ വല്ലാതെ തളര്‍ത്തുകയാണ് . കാലാവസ്ഥ വ്യതിയാനം പ്രതികൂലമായതിന് പിന്നാലെ ഉല്പാദനത്തകർച്ചകൂടി വന്നതോടെയാണ് കര്‍ഷകരുടെ ജീവിതം വഴിമുട്ടിയത്. വായ്പയെടുത്തും കടം വാങ്ങിയും കൃഷിയിറക്കിയ കര്‍ഷകര്‍ക്ക് പ്രതീക്ഷിച്ച ഉല്പാദനത്തിന്റെ പകുതിപോലും ലഭിക്കാതെ വന്നതും വിളകള്‍ക്ക് മതിയായ വില ലഭിക്കാത്തതും കനത്ത തിരിച്ചടിയായി.
പ്രധാന നാണ്യവിളകളുടെ വിലത്തകര്‍ച്ചയില്‍ നട്ടംതിരിയുന്ന കര്‍ഷകര്‍ക്ക് ഇഞ്ചി, മാലി മുളക്, മഞ്ഞൾ തുടങ്ങിയ ഇടവിള കൃഷികളായിരുന്നു ഒരുകാലത്ത് ആശ്രയം.
ഇപ്പോൾ പച്ച ഇഞ്ചി വ്യാപാരികൾക്ക് വേണ്ടാത്ത അവസ്ഥയാണ്. വിളവെടുപ്പ് കഴിഞ്ഞ ഉല്പന്നങ്ങള്ക്ക് പ്രതീക്ഷിച്ചതിന്റെ പകുതിപോലും വില ലഭിക്കാത്തതിനാല്‍ വിറ്റഴിക്കാനാകാതെ ഗോഡൗണിൽ സൂക്ഷിച്ചിരിക്കുകയാണ്. വില ഉയരുമെന്ന് പ്രതീക്ഷിച്ച് സൂക്ഷിച്ചുവെച്ച ചുക്കിന് മഴയെത്തുടർന്ന് പൂപ്പൽ ബാധിച്ചതും കര്‍ഷകര്‍ക്ക് വിനയായി.
മേയ്, ജൂണ്‍ മാസങ്ങളിലാണ് ഇഞ്ചി പ്രധാനമായും നടുന്നത്. തുടക്കത്തില്‍ നല്ല മഴ ലഭിച്ചെങ്കില്‍ മാത്രമേ വിള മെച്ചമാകൂ. എന്നാല്‍, കഴിഞ്ഞ സീസണില്‍ കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ ശക്തമായ മഴ ലഭിക്കാതിരുന്നത് ഇഞ്ചികൃഷിയെ ദോഷകരമായി ബാധിച്ചു. വളങ്ങള്‍ക്കും കീടനാശിനികള്‍ക്കും വില അനിയന്ത്രിതമായി ഉയര്‍ന്നതും തൊഴിലാളികളുടെ കൂലിയില്‍ ഉണ്ടായ വര്‍ധനവും കണക്കിലെടുത്താല്‍ കര്‍ഷകര്‍ക്ക് മുടക്കുമുതല്‍ പോലും ലഭിക്കാതായി.
ഈ സ്ഥിതി തുടരുന്നതിനാല്‍ പലരും കടക്കെണി ഭയന്ന് കൃഷി ഉപേക്ഷിക്കുകയാണ്. ഏറെ ഗുണമേന്മയുള്ള നാടന്‍ ഇഞ്ചിയിനങ്ങളാണ് ഇതോടെ ഇല്ലാതാകുന്നത്. കോവിഡ് കേസുകൾ ഉയർന്നതോടെ ആയുർവേദ മരുന്ന് കമ്പനികൾ ചുക്ക് ആവശ്യപ്പെട്ടുതുടങ്ങിയെങ്കിലും വില മാത്രം കാര്യമായി ഉയർന്നില്ല. മൂല്യവർധിത ഉൽപന്നങ്ങളാക്കി മാറ്റി ചുക്കിന് പുതിയ വിപണി കണ്ടെത്തിയാലേ ഇതിന്റെ വിലയിടിവ് ഒരു പരിധിവരെ തടയാനാകൂവെന്ന് കർഷകർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.