എലവഞ്ചേരി: കൊടുംവേനലിനൊപ്പം കർഷകരെ വലച്ച് കൃഷിയിടങ്ങളിൽ പന്നിശല്യം രൂക്ഷം. എലവഞ്ചേരി, കൊല്ലങ്കോട്, വടവന്നൂർ എന്നീ പ്രദേശങ്ങളിലെ പച്ചക്കറി കൃഷിയാണ് കാട്ടുപന്നികൾ വ്യാപകമായി നശിപ്പിക്കുന്നത്. പരമ്പരാഗത മാർഗങ്ങളിലൂടെ പ്രതിരോധിച്ചിട്ടും രക്ഷയില്ലെന്ന് കർഷകർ പറയുന്നു. പാടവരമ്പുകളിലൂടെ സാരികൾ ചുറ്റിയും, മുണ്ടുകളും വർണക്കടലാസുകളും കെട്ടി പ്രതിരോധിച്ചിട്ടും പരിഹാരമില്ല. കൊടി തോരണങ്ങൾ, ശബ്ദമുണ്ടാക്കുന്ന വസ്തുക്കൾ, വെളിച്ചം പ്രതിഫലിപ്പിക്കുന്ന വസ്തുക്കൾ, കമ്പികൾ, കയറുകൾ, പ്ലാസ്റ്റിക് ചാക്കുകൾ തുടങ്ങീ ലഭ്യമാകുന്ന എല്ലാ വസ്തുക്കളും പാടവരമ്പുകളിൽ കെട്ടിത്തൂക്കിയും വലിച്ചുകെട്ടിയും വിള സംരക്ഷിക്കാനുള്ള അവസാന ശ്രമത്തിലാണ് കർഷകർ.
പന്നിയെ വെടിവെച്ചു കൊല്ലാൻ അനുമതിയുള്ളവർ ആവശ്യത്തിന് ഇല്ലാത്തതും, പുതിയ തോക്ക് ലൈസൻസ് നൽകാത്തതും, തോക്കും ലൈസൻസ് ഉള്ളവരുടെ തോക്കുകൾ സറണ്ടർ ചെയ്തതും ലൈസൻസ് പുതുക്കി നൽകാത്തതും പ്രശ്നം സൃഷ്ടിക്കുന്നതായി കർഷകർ പറയുന്നു. പഞ്ചായത്ത് അനുമതിയുള്ള ഷൂട്ടർമാരെ ലഭിക്കണമെങ്കിൽ അവരുടെ വാഹന യാത്രക്കും തോക്കിൽ ഉപയോഗിക്കാനുള്ള തോട്ടക്കുമായി 1000 മുതൽ 2000 രൂപ വരെ ചെലവ് വരും. ഇത് കർഷകർക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തും. ഷൂട്ടർമാർ വന്നാലും മഴ പെയ്താലോ ആൾപെരുമാറ്റം കണ്ട് പന്നികൾ വഴിമാറി പോകുകയോ ചെയ്താൽ വെടിവെക്കാൻ സാധിക്കില്ല.
പന്നിക്കൂട്ടത്തിലെ ഒന്നോ രണ്ടെണ്ണത്തിനൊ വെടിയേറ്റാൽ രണ്ടുദിവസത്തിന് മറ്റൊരു പ്രദേശത്തേക്ക് പന്നികൾ ചുവടു മാറുകയാണ്. ആവശ്യത്തിന് ഷൂട്ടർമാരെ നിയോഗിച്ച് പ്രശ്നത്തിന് ഉടൻ പരിഹാരം കാണണമെന്നാണ് പൊതുജനാവശ്യം.
മണ്ണാര്‍ക്കാട്: കാട്ടുപന്നിയിടിച്ച് സ്കൂട്ടര്‍ മറിഞ്ഞ് ഭിന്നശേഷിക്കാരനായ യുവാവിന് പരിക്ക്. പൊമ്പ്ര കാരക്കാട് പുളിഞ്ചോണി വീട്ടില്‍ മൊയ്തുവിന്റെ മകന് ഇബ്രാഹിമിനാണ് (45) പരിക്കേറ്റത്. ഇയാളെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്വാധീനക്കുറവുള്ള വലതുകാലിന്റെ തുടയെല്ലിന് പൊട്ടലും ശരീരത്തില്‍ മുറിവുകളുമുണ്ടായി.
തിങ്കളാഴ്ച രാത്രി 10ന് ചങ്ങലീരി-പൊമ്പ്ര റോഡിലെ പള്ളിപ്പടിയില്വെച്ചാണ് സംഭവം. മണ്ണാര്‍ക്കാട് ആശുപത്രിപ്പടി ജങ്ഷനില്‍ ഇന്റര്‍നെറ്റ് കഫേ നടത്തിവരികയാണ് ഇബ്രാഹിം. പതിവുപോലെ രാത്രി കടയടച്ച് മുച്ചക്രവാഹനത്തില്‍ വീട്ടിലേക്ക് പോകുന്നതിനിടെ പള്ളിപ്പടി ഭാഗത്തുവച്ച് കാട്ടുപന്നി റോഡിന് കുറുകെ ഓടുകയും വാഹനത്തില്‍ ഇടിക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.