കൽപറ്റ: മൺസൂൺ കാലത്ത് ജില്ലക്ക് ലഭിച്ചത് പകുതി മഴ മാത്രം. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള 1,362 മില്ലി മീറ്റർ മഴയാണ് ജില്ലയിൽ ലഭിക്കേണ്ടത്. എന്നാൽ ആഗസ്റ്റ് മാസം തീരാറായിട്ടും അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിലെ കണക്കു പ്രകാരം ജില്ലക്ക് ലഭിച്ചത് 777 മില്ലി മീറ്റർ മഴ മാത്രം. കഴിഞ്ഞ വർഷം 384 മില്ലി മീറ്റർ അധിക മഴ ലഭിച്ച സ്ഥാനത്താണ് ഇത്തവണ പകുതിയായി കുറഞ്ഞത്. കഴിഞ്ഞ മൺസൂണിൽ 1,746 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. മഴ ലഭിക്കാതായതോടെ വരൾച്ചയും കാർഷിക പ്രതിസന്ധിയും രൂക്ഷമാവുമെന്ന ആശങ്കയിലാണ് വയനാട്ടുകാർ. മൺസൂൺ കാലത്തെ മഴയെ ആശ്രയിച്ചാണ് ഭൂരിഭാഗം കൃഷിയും.
ആഗസ്റ്റിൽ 85 ശതമാനത്തോളം മഴക്കുറവാണ് ഉണ്ടായത്. 249 മില്ലീമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് ആകെ 38.08 മില്ലിമീറ്റർ മഴ മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ വർഷം ആഗസ്റ്റിൽ 222 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. ഇനിയുള്ള 10 ദിവസങ്ങളിൽ കാര്യമായ മഴ ലഭിക്കാനുള്ള സാധ്യത കുറവാണെന്നാണ് ബന്ധപ്പെട്ടവർ നൽകുന്ന സൂചന.
മഴയിലുണ്ടായ കുറവ് കാർഷിക മേഖലയെ കാര്യമായി ബാധിക്കും. കൂടാതെ വരൾച്ച രൂക്ഷമാവുമെന്ന ആശങ്കയുമുണ്ട്. മുൻകാലങ്ങളെ അപേക്ഷിച്ച് മൺസൂൺ സീസണിൽ താപനിലയിലും കാര്യമായ മാറ്റമുണ്ടായിട്ടുണ്ട്.
ആഗസ്റ്റിൽ മുമ്പത്തേതിനേക്കാൾ ചൂട് കൂടിയിട്ടുണ്ട്. മഴ കുറഞ്ഞത് നെൽകർഷകരെ അടക്കം കാര്യമായി ബാധിച്ചു. പലയിടങ്ങളിലും ആവശ്യമായി വെള്ളം ഇല്ലാതെയും കർഷകർ ബുദ്ധിമുട്ടുകയാണ്. ജില്ലയിൽ മഴയെ ആശ്രയിച്ച് മാത്രം കൃഷിയിറക്കുന്നവരാണ് ഭൂരിപക്ഷവും. ചില പാടശേഖരങ്ങളിൽ മാത്രമാണു ജലസേചന സൗകര്യമുള്ളത്. മഴ കിട്ടാത്തതിനാൽ പാടം എങ്ങനെ ഒരുക്കുമെന്ന ആശങ്കയിലാണ് കർഷകർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.