പട്ടാമ്പി: ജില്ലയിലെ നെൽപ്പാടങ്ങളിൽ തണ്ടുതുരപ്പനും ലക്ഷ്മിരോഗവും നാശം വിതക്കുന്നു. പട്ടിത്തറ, തൃത്താല ഭാഗങ്ങളിലാണ് കൂടുതലായും തണ്ടുതുരപ്പൻ കീടാക്രമണം കണ്ടുവരുന്നത്. നെല്ലിന്റെ എല്ലാ വളർച്ചാഘട്ടങ്ങളിലും ഈ കീടാക്രമണമുള്ളതായി കർഷകർ പറയുന്നു.
മഞ്ഞ, വെള്ള നിറങ്ങളിലുള്ള ശലഭങ്ങളാണിവ. നെല്ലോലകളുടെ മുകൾ ഭാഗത്ത് കൂട്ടമായി മുട്ടയിടുകയും മുട്ട വിരിഞ്ഞിറങ്ങുന്ന പുഴുക്കൾ നെൽച്ചെടിയുടെ തണ്ടു തുരന്ന് ഉള്ളിലെ കോശങ്ങൾ തിന്നുതീർക്കുകയും ചെയ്യുന്നു. നെല്ലിന്റെ ചിനപ്പ് പൊട്ടുന്ന ഘട്ടത്തിൽ ഇവയുടെ ആക്രമണം മൂലം നാമ്പോല വാടിപ്പോവുകയും നടുനാമ്പിൽ വാട്ടം എന്ന ലക്ഷണം കാണുകയും ചെയ്യും. കതിരുവരുന്ന ഘട്ടത്തിലാണ് തണ്ടുതുരപ്പൻ ആക്രമിക്കുന്നതെങ്കിൽ കതിരിലെ നെന്മണികൾ പതിരായി മാറുന്ന വെൺകതിർ എന്ന ലക്ഷണം കാണിക്കുന്നു.
തണ്ടുതുരപ്പനെ നിയന്ത്രിക്കുന്നതിനായി ട്രൈക്കോഗ്രമ്മ ജാപോണിക്കത്തിന്റെ മുട്ടക്കാർഡുകൾ ഒരു ഏക്കറിന് രണ്ട് സി.സി. എന്ന കണക്കിൽ ഞാറു പറിച്ചുനട്ട് ഒരാഴ്ചക്ക് ശേഷം സ്ഥാപിക്കുക (ട്രൈക്കോഗ്രമ്മ മുട്ടകാർഡ് ഏക്കറിന് രണ്ട് കാർഡ് 20 കഷ്ണം, അഞ്ച് സെൻറ്റിനു ഒരു കഷ്ണം). ശലഭത്തെ നെൽ ചെടിയിൽ കണ്ടുതുടങ്ങിയാൽ കാർടാപ് ഹൈഡ്രോക്ലോറൈഡ് എന്ന തരി രൂപത്തിലുള്ള കീടനാശിനി ഒരു ഏക്കറിന് അഞ്ച് കിലോ ഗ്രാം എന്ന തോതിൽ അല്ലെങ്കിൽ ക്ലോറാൻട്രാനിലിപ്രോൽ 0.4 ഗ്രാം ഒരു ഏക്കറിന് നാല് കിലോഗ്രാം എന്ന തോതിൽ അല്ലെങ്കിൽ ഫിപ്രോനിൽ 0.3 ഗ്രാം ഒരു ഏക്കറിന് ആറ് കി.ഗ്രാം എന്ന തോതിൽ ഇട്ടുകൊടുക്കണമെന്ന് പട്ടാമ്പി കൃഷി വിജ്ഞാനകേന്ദ്രം അധികൃതർ അറിയിച്ചു. കതിര് വരുന്ന സമയത്ത് നെൽച്ചെടികളെ ബാധിക്കുന്ന കുമിൾ രോഗമാണ് ലക്ഷ്മിരോഗം അഥവാ വാരിപ്പൂവ്. സാധാരണയായി മൂടിക്കെട്ടിയ അന്തരീക്ഷസ്ഥിതിയിലാണ് ഈ രോഗം കാണപ്പെടുന്നത്.
നിലവിൽ ചൂടുകൂടിയ അന്തരീക്ഷസ്ഥിതി ഉണ്ടെങ്കിലും രണ്ട് മുതൽ മൂന്ന് ദിവസം വരെ മൂടിക്കെട്ടിയ അന്തരീക്ഷസ്ഥിതി നിലനിൽക്കുന്ന ഇടങ്ങളിൽ ലക്ഷ്മി രോഗം വരാനുള്ള സാധ്യത കൂടുതലാണ്. വിളഞ്ഞുവരുന്ന കതിരുകളിലെ ചില നെന്മണികൾ മഞ്ഞ നിറത്തിൽ ഉരുണ്ട് പഞ്ഞിപോലെയാകുന്നതാണ് രോഗലക്ഷണം. കതിരുവരാത്ത പാടങ്ങളിൽ ലക്ഷ്മി രോഗം വരുന്നതിനു മുൻകരുതലായി പുട്ടിൽ പരുവത്തിൽ എത്തുമ്പോൾ തന്നെ പ്രൊപികൊണസോൾ 1 എം.എൽ ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി തളിക്കാനും വിജ്ഞാനകേന്ദ്രം നിർദേശിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.