ഷൊർണൂർ: നെല്ലിന്റെ ഓലക്കും വിത്തിനും നിറവ്യത്യാസമുള്ള വിവിധയിനം വിത്തുകൾ പാകി കൃഷിയിറക്കി യുവകർഷകൻ ചേലക്കാട്ട്തൊടി ബിജു ശ്രദ്ധേയനാകുന്നു. ‘പാഡി ആർട്ട്’എന്നറിയപ്പെടുന്ന കൃഷിരീതിയാണ് ബിജു നടപ്പാക്കുന്നത്. വളർന്ന് വരുമ്പോൾ വയലറ്റ് നിറമുള്ള ഓലയുള്ള കല്യാണി വയലറ്റ്, ഓലയും തണ്ടും പച്ച നിറമാണെങ്കിലും നെല്ല് കറുപ്പ് നിറത്തിലുള്ള കൃഷ്ണ കാമോദ്, ജീരകശാല, ഡാബറശാല എന്നിങ്ങനെ പച്ച, ഇളം പച്ച, വയലറ്റ്, കറുപ്പ്, മണ്ണ് നിറത്തിലുള്ള വ്യത്യസ്ത നിറം പ്രദാനം ചെയ്യുന്ന നെല്ലുകൾ കൃഷി ചെയ്താണ് പുതുമ വിളയിച്ചത്.
മുകളിൽനിന്നുള്ള കാഴ്ച അതിമനോഹരമാണ്. കവളപ്പാറ ആറാണി റോഡിലൂടെ യാത്ര ചെയ്യുന്നവർക്ക് ഈ കൗതുക കാഴ്ച കാണാനാകും. റോഡിൽ കൂടെ പോകുന്നവർക്ക് ബിരിയാണിയുടെ സുഗന്ധവും അനുഭവവേദ്യമാകും. ഗന്ധകശാല, ജീരകശാല, കൃഷ്ണകാമോദ് എന്നിവയാണ് കൃഷി ചെയ്യുന്നത്. വൈവിധ്യങ്ങളായ ഭക്ഷണത്തിനും, ആയുർവേദ ചികിത്സക്കുമുള്ള വിത്തിനങ്ങളും കൃഷി ചെയ്യുന്നുണ്ട്. ഉമ, ജ്യോതി, കാഞ്ചന, പൊൻമണി, വെള്ളരി, മനുരത്ന, മട്ടത്രിവേണി, സിഗപ്പി, പൗർണമി, നവര, രക്തശാല, കലാമല്ലി, അസാം ബ്ലാക്ക്, അടുക്കൻ മട്ട, സിന്ധു, കുഞ്ഞ് കുഞ്ഞ് എന്നിങ്ങനെ ആരും പരീക്ഷിക്കാത്ത വഴിയിലൂടെയും നിരീക്ഷണങ്ങളിലൂടെയുമാണ് ഈ യുവാവ് സഞ്ചരിക്കുന്നത്.
അച്ഛനും അച്ചച്ഛനും പരമ്പരാഗതമായി കൈമാറിയ കൃഷിപ്പണി വരും തലമുറയിലേക്ക് പടർത്താനുള്ള അക്ഷീണ പ്രയത്നവും നടത്തുന്നു. പ്രമേഹം, രക്തസമ്മർദം, അർബുദം, കുട്ടികളുടെ ബുദ്ധിവികാസം, ശാരീരിക വളർച്ച, രക്തവാതം, വാത ചികിത്സ, എന്നിവക്കുള്ള മരുന്നുകളായി ഉപയോഗിക്കുന്ന നെല്ലുകളും കൃഷി ചെയ്യുന്നുണ്ട്. വിവിധ സ്ഥലങ്ങളിൽ നിന്നായാണ് വിത്തുകൾ സംഘടിപ്പിച്ചത്. ജപ്പാനിലെ പാഡി ആർട്ടിനെക്കുറിച്ച് സുഹൃത്തും, കവളപ്പാറ ഐക്കോൺസ് ആശുപത്രിയിലെ ഡോക്ടറുമായ തൻസ്ലിം ഇസ്മായിലാണ് വിവരങ്ങൾ നൽകിയത്. വയനാട്ടിലെ കർഷകൻ പ്രസീതിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു.
അരനൂറ്റാണ്ടായി തരിശായി കിടന്ന നെൽപ്പാടങ്ങൾ പാട്ടത്തിനെടുത്ത് കൃഷിയോഗ്യമാക്കുകയും, ഭൂഗർഭ ജലം സംരക്ഷിക്കലും, പുതുതലമുറയെ കൃഷിയിലേക്ക് അടുപ്പിക്കുകയാണ് ലക്ഷ്യമെന്ന് പരിസ്ഥിതി -സാമൂഹ്യ-സാംസ്കാരിക പ്രവർത്തകൻ കൂടിയായ ബിജു വ്യക്തമാക്കുന്നു. കവളപ്പാറ ഫ്രണ്ട്സ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് സെക്രട്ടറിയും മുൻ നഗരസഭാംഗവുമാണ്. പച്ചക്കറി, വാഴ, തെങ്ങ് കൃഷികളും ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.