സമ്മിശ്ര കൃഷിയിൽ വിജയഗാഥ തീർത്ത് യുവ കർഷകൻ

കോഴിക്കോട് ജില്ലയിലെ നന്മണ്ട പന്ത്രണ്ടിലെ കൊല്ലിക്കുഴിയിൽ പ്രജിത്ത് കുമാറിന് കൃഷി വെറുമൊരു നേരമ്പോക്കല്ല. മറിച്ച് ജീവിതം തന്നെയാണ്. വീട്ടുവളപ്പിലും പറമ്പിലും വയലിലും പാട്ടത്തിനെടുത്ത സ്ഥലത്തുമെല്ലാം സമ്മിശ്ര കൃഷിയാണ് ഈ യുവകർഷകൻ നടത്തുന്നത്. വെള്ളരി, മത്തൻ, ഇളവൻ, ചീര, കക്കിരി,വഴുതിന, പയർ, കോളിഫ്ലവർ, കാബേജ് തുടങ്ങിയ വിവിധയിനം പച്ചക്കറികളും നേന്ത്രൻ, ഞാലിപ്പൂവൻ,ചങ്ങാലിക്കോടൻ, പച്ചക്കദളി, കുന്നൻ തുടങ്ങിയ വാഴകളും കരുണ, ഉമ തുടങ്ങിയ നെല്ലിനങ്ങളും മഞ്ഞൾ, ഇഞ്ചി, കിഴങ്ങ് തുടങ്ങിയ ഇടവിളകളും പാഷൻ ഫ്രൂട്ട് തുടങ്ങിയവയുമെല്ലാം ജൈവരീതിയിൽ കൃഷിചെയ്യുന്നുണ്ട്. പ്രജിത്തിന്റെ കൃഷിപരിപാലനത്തിലൂടെ ഇവയിലെല്ലാം നൂറുമേനി വിളവും ലഭിക്കുന്നുണ്ട്.

വീടിനോടുചേർന്ന് ഒരേക്കർ സ്ഥലത്തും പാട്ടത്തിനെടുത്ത അരയേക്കർ പാടത്തും ഗ്രോബാഗുകളിലുമെല്ലാം വിവിധയിനം പച്ചക്കറികൾ നൂറുമേനി വിളയുന്നത് പ്രജിത്ത് കുമാറിന്റെ കഠിനാധ്വാനവും അർപ്പണബോധവും കൊണ്ടുതന്നെയാണ്. വർഷങ്ങളായി തരിശ്ശിട്ട ചീക്കിലോട്ടുള്ള ഒരേക്കർ സ്ഥലം പാട്ടത്തിനെടുത്ത് വിവിധയിനം പച്ചക്കറികളും കൃഷിയിറക്കിയിട്ടുണ്ട്. ഇതോടൊപ്പം ആട്, നാടൻ കോഴി, താറാവു വളർത്തൽ, ചകിരിച്ചോർ ജൈവവള നിർമാണം എന്നിവയും നടത്തുന്നുണ്ട്. പരമ്പരാഗത കർഷക കുടുംബാംഗമായ പ്രജിത്ത് കുമാറിന് കുറെ വർഷമായി കൃഷി ജീവിത വ്രതം പോലെയാണ്. പച്ചക്കറി കൃഷിയിലാണ് തുടക്കം. പിന്നീട് വാഴയും നെല്ലും ഉൾപ്പെടെ കൃഷിചെയ്യാൻ ആരംഭിക്കുകയായിരുന്നു. വീട്ടുമുറ്റത്ത് നൂറിലേറെ ഗ്രോബാഗുകളിൽ പച്ചമുളക്, തക്കാളി, ഇഞ്ചി എന്നിവ കൃഷി ചെയ്യുന്നുണ്ട്. കൂടാതെ മഴമറയിലും വ്യത്യസ്തയിനം പച്ചക്കറികൾ കൃഷി ചെയ്യുന്നുണ്ട്. ജൈവരീതിയിലുള്ള കൃഷിയായതിനാൽ പച്ചക്കറികൾക്ക് ആവശ്യക്കാരുമുണ്ട്.

കുറച്ചുവർഷമായി ചകിരിച്ചോർ ജൈവവളം നിർമിക്കുന്നുണ്ട്. ചകിരിച്ചോറ് കൊണ്ടുവന്ന് പിത്ത് പ്ലസ് (ചിപ്പിക്കൂൺ വിത്ത്) ഫംഗസായി ഉപയോഗിച്ച് ഡീ കമ്പോസ്റ്റ് ചെയ്ത് വളമാക്കി മാറ്റുകയാണ്. കൃഷിക്കുള്ള ഹരിത കഷായവും കർഷകർക്ക് സൗജന്യമായി നൽകുന്നു. പെരിയില, ശീമക്കൊന്ന, കണിക്കൊന്ന, വേപ്പില, ധൃതരാഷ്ട്രപ്പച്ച, കമ്യൂണിസ്റ്റ് പച്ച, തുമ്പ, അരിപ്പൂവില തുടങ്ങി കറയില്ലാത്ത പത്തോളം ഇലകളും നാടൻ ചാണകവും ശർക്കരയും പയർ മുളപ്പിച്ചതും ഉൾപ്പെടെ പ്രത്യേക അനുപാതത്തിൽ ചേർത്ത് 15 ദിവസത്തോളം എടുത്താണ് ഹരിത കഷായം ഉണ്ടാക്കുന്നത്. ഒരു ലിറ്റർ കഷായം ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് കൃഷിയിടത്തിൽ പ്രയോഗിക്കാം. കീടനാശിനിയായും വളമായുംഉപയോഗിക്കാം.

കൊല്ലിക്കര തണ്ണീർത്തടത്തിൽ മത്സ്യകൃഷി നടത്താനുള്ള പദ്ധതിയുണ്ട്. പ്രജിത്ത് കുമാറിന്റെ കാർഷിക സ്വപ്നങ്ങൾക്ക് പിന്തുണയുമായി പിതാവ് കൃഷ്ണനും മാതാവ് പ്രേമലതയും ഒപ്പമുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.