കീഴ്മാട്: തരിശുഭൂമികളിൽ വീണ്ടും നെല്ലുവിളയിച്ച് ശ്രദ്ധേയരാവുകയാണ് യുവ കർഷകർ. കാൽനൂറ്റാണ്ടിലധികം തരിശായിക്കിടന്ന കീഴിമാടിന്റെ നെല്ലറകളായിരുന്ന തുമ്പിച്ചാൽ, വട്ടച്ചാൽ പാടശേഖരങ്ങളിൽ കുട്ടമശ്ശേരിയിലെ യുവകർഷകരുടെ നേതൃത്വത്തിൽ 2022ലാണ് നെൽകൃഷി ആരംഭിച്ചത്. ഈ കൃഷി വൻ വിജയമായിരുന്നു. ഈ വർഷം തുമ്പിച്ചാൽ തടാകത്തോട് ചേർന്നുള്ള, വർഷങ്ങളായി തരിശുകിടന്നിരുന്ന തുമ്പിച്ചാൽ പാടത്തെ 10 ഏക്കറിലും വട്ടച്ചാലിലെ 10 ഏക്കറിലും യുവകർഷക ദമ്പതികളായ ശ്രീജേഷ്, ശ്രുതി ശ്രീജേഷ്, കുശൻ, ധന്യ കുശൻ എന്നിവരുടെ നേതൃത്വത്തിലും കൃഷിയിറക്കി.
വട്ടച്ചാൽ പാടത്ത് സൂര്യ പുരുഷസഹായ സംഘം അംഗങ്ങളായ ഷമീർ അനിൽ, കുമാരൻ എന്നിവരുടെ നേതൃത്വത്തിലും കൃഷിയിറക്കി. തുമ്പിച്ചാൽ തടാകത്തോട് ചേർന്നുള്ള പാടങ്ങൾ കൃഷിക്കായി ഒരുക്കുക ഏറെ ബുദ്ധിമുട്ടായിരുന്നുവെന്ന് യുവകർഷരിൽ ഒരാളായ ശ്രീജേഷ് മോഹനൻ പറഞ്ഞു. ട്രാക്ടർ ഉപയോഗിച്ച് നിലമൊരുക്കിയശേഷം ഞാറ് നട്ടാണ് ഇവിടെ കൃഷിയിറക്കിയത്. മഴപെയ്താൽ പെട്ടെന്ന് വെള്ളം കയറുന്ന പ്രദേശം കൂടിയാണ് തുമ്പിച്ചാൽ പാടം.
2022ൽ ജില്ല ഭരണകൂടം ഓപറേഷൻ വാഹിനി പദ്ധതിയിൽപെടുത്തി തുമ്പിച്ചാലും സമീപമുള്ള തോടുമെല്ലാം ശുചീകരിച്ചതിന്റെ ഫലമായാണ് യുവാക്കളുടെ നേതൃത്വത്തിൽ കൃഷി ചെയ്യാൻ മുന്നോട്ടുവന്നത്. കഴിഞ്ഞ പ്രാവശ്യത്തെപ്പോലെ നല്ല രീതിയിൽ കൃഷി ചെയ്യാൻ സാധിച്ചെങ്കിലും ഈ വർഷം ഞാറ് നട്ടയുടനെ പെയ്ത മഴയെത്തതുടർന്നുണ്ടായ വെള്ളക്കെട്ട് ചെറിയ തോതിൽ കൃഷിയെ ബാധിച്ചതായി യുവകർഷകരിൽ ഒരാളായ ഷമീർ പറഞ്ഞു.
കഴിഞ്ഞ തവണത്തെ വിളവെടുപ്പ് നാടിന്റെ കൊയ്ത്തുത്സവമായി മാറ്റിയിരുന്നു. എന്നാൽ, ഇത്തവണ പെട്ടെന്നുള്ള മഴ ഉണ്ടാകുമോ എന്ന ഭയത്താൽ കൊയ്ത്തുത്സവം ഇല്ലാതെതന്നെ വിളവെടുപ്പ് ആരംഭിച്ചിരിക്കുകയാണിവർ. വരുംവർഷങ്ങളിലും കൃഷി തുടരുമെന്നാണ് യുവകർഷകർ പറയുന്നത്. ഇവർക്ക് കീഴ്മാട് പഞ്ചായത്തിന്റെയും കൃഷിഭവന്റെയും പൂർണ സഹകരണവും ലഭിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.