കൃഷി ശാസ്ത്രജ്ഞൻ ആർ. ഹേലി അന്തരിച്ചു

തിരുവനന്തപുരം: കൃഷി വകുപ്പ് മുൻ ഡയറക്ടറും പ്രമുഖ കൃഷി ശാസ്ത്രജ്ഞനുമായ പ്രഫ. ആർ. ഹേലി (87) അന്തരിച്ചു. ആലപ്പുഴയിലെ മകളുടെ വീട്ടിലായിരുന്നു അന്ത്യം.

ഫാം ജേണലിസത്തിന്‍റെ ഉപജ്ഞാതാവായ ഹേലി 1989ലാണ് കൃഷി വകുപ്പ് ഡയറക്ടറായി വിരമിച്ചത്. കൃഷി മേഖലയിൽ കാലോചിത മാറ്റങ്ങൾ വരുത്തിയതും കാർഷിക മേഖലയെ ജനകീയമാക്കിയതും ഇദ്ദേഹത്തിന്‍റെ നേട്ടങ്ങളാണ്. ദൂരദര്‍ശനിലെ നാട്ടിന്‍പുറം, ആകാശവാണിയിലെ വയലും വീടും തുടങ്ങിയ പരിപാടികൾ അവതരിപ്പിച്ചു. ഫാം ഇൻഫർമേഷൻ ബ്യൂറോ ആരംഭിക്കുന്നതും ഹേലിയുടെ കാലത്താണ്.


ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ തലപ്പത്ത് 12 വര്‍ഷം പ്രവര്‍ത്തിച്ചു. കേരള കാര്‍ഷിക നയ രൂപീകരണ സമിതി അംഗമായിരുന്നു. കാര്‍ഷിക സംബന്ധിയായ ലേഖനങ്ങള്‍ നിരവധി ദിനപത്രങ്ങളിലും ആനുകാലികങ്ങളിലും എഴുതിയിരുന്നു. നിരവധി പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.

ബാംഗ്ലൂര്‍ കാര്‍ഷിക കോളജില്‍ നിന്ന് ബിരുദം നേടിയ ശേഷമാണ് കൃഷി രംഗത്തേക്ക് ഇറങ്ങിയത്. ആറ്റിങ്ങലിലെ ആദ്യ എംഎല്‍എ ആയിരുന്ന ആർ പ്രകാശത്തിന്‍റെ അനുജനും ആറ്റിങ്ങൽ കൊല്ലമ്പുഴ തിരുവിതാംകൂർ രാജകൊട്ടാരത്തിന്റെ ഉടമസ്ഥതയിലുള്ള ധർമ്മാശുപത്രിയുടെ മാനേജിംഗ് കമ്മറ്റി അംഗവുമാണ് ആർ ഹേലി.

ഭാര്യ: ഡോ. സുശീല. മക്കൾ: പ്രശാന്ത്, ഡോ. പൂർണിമ. സംസ്കാരം ഇന്ന് വൈകീട്ട് അഞ്ചിന് ആറ്റിങ്ങലിലെ വസതിയിൽ. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.