ഗുൽമോഹർ പൂത്തുലഞ്ഞ് ദുബൈ വീഥികൾ

ദുബൈ തെരുവുകളിലും പാർക്കുകളിലുമെല്ലാം ഇപ്പോൾ ചുവപ്പിന്‍റെ സൗന്ദര്യം നിറഞ്ഞിരിക്കുന്നു. മുനിസിപാലിറ്റി ദീർഘവീക്ഷണത്തോടെ നട്ടുപിടിപ്പിച്ച ഗുൽമോഹർ എന്ന വാകമരങ്ങൾ പൂത്തതോടെയാണ് വേനലിന്‍റെ ചൂടിലും കൺകുളിർമ പകരുന്ന കാഴ്ചകൾ എങ്ങും നിറഞ്ഞത്. ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള മാസങ്ങളിലാണ് യു.എ.ഇയിൽ വാകമരങ്ങൾ പൂക്കുന്നത്. മരം നിറയെ വിരിഞ്ഞു നിൽക്കുന്ന പൂക്കൾ ദിവസങ്ങളോളം കൊഴിയാതെ നിൽക്കുമെന്നതാണ് സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നത്. ദുബൈക്ക് പുറത്തും യു.എ.ഇയിലെ തെരുവീഥികളിൽ ഇവ കാണാവുന്നതാണ്. എന്നാൽ ദുബൈയിലാണ് ഏറ്റവും കൂടുതലായി ഇവ സൗന്ദര്യമായി നിലനിൽക്കുന്നത്.

ചൂടുകാലത്ത് കടുത്ത വേനലിൽ തണലേകുന്ന മരം കൂടിയാണ് ഇലകളും പൂക്കളും നിറഞ്ഞു നിൽക്കുന്ന ഇവ. പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ തുടക്കത്തിൽ മഡഗാസ്കറിൽ സസ്യശാസ്ത്രജ്ഞനായ വെൻസൽ ബോജറാണ് ഈ പുഷ്വവൃക്ഷം കണ്ടെത്തുന്നത്. ഡെലോനിക്സ് റീജിയ എന്നാണിതിന് പേരിട്ടത്. പൂന്തോട്ടങ്ങളും മറും അലങ്കരിക്കുന്നതിന് വ്യാപകമായി ഉപയോഗപ്പെടുത്തുകയായിരുന്നു.

ഗുൽമോഹർ മരങ്ങളടക്കം എല്ലാ ചെടികളെയും സംരക്ഷിക്കുന്നതിന് വിപുലമായ സംവിധാനങ്ങൾ ദുബൈ അധികൃതർ ഒരുക്കിയിട്ടുണ്ട്. അതിനാൽ തന്നെ ഓരോ വർഷം കഴിയുന്തോറും തെരുവുകളിൽ ഇതിന്‍റെ സൗന്ദര്യം ഇരട്ടിക്കുകയാണ്. ദീർഘവീക്ഷത്തോടെ മുനിസിപാലിറ്റി നടപ്പിലാക്കുന്ന പദ്ധതികളാണ് നഗരത്തെ എപ്പോഴും സുന്ദരമായി നിലനിർത്തുന്നത്. നഗരത്തിലെ 42 ദശലക്ഷം ചതുരശ്ര മീറ്ററിലാണ് ഹരിത പദ്ധതി നടപ്പാക്കിയിട്ടുള്ളത്. മരുഭൂമിയിലെ ചൂടിലും വാടാത്ത ചെടികൾക്കും മരങ്ങൾക്കുമായി ദുബൈ മുനിസിപ്പാലിറ്റി സ്വീകരിച്ച നടപടികൾ നിരവധിയാണ്.

ദുബൈയിലെ റോഡുകളിലും പാർക്കുകളിലും ചത്വരങ്ങളിലുമുള്ള പച്ചപ്പിന്‍റെ നീളം 2200കി. മീറ്റർ ദൈർഘ്യം വരും. 25,000 ഈന്തപ്പനകളും 11ലക്ഷം മറ്റ് വൃക്ഷങ്ങളും ചെടികളുമുണ്ട്. എങ്ങിനെയാണ് ഇത്രയേറെ മരങ്ങളും ചെടികളും പൂക്കളും കൃത്യമായി പരിപാലിക്കുന്നതെന്ന് ആശ്ചര്യപ്പെട്ടേക്കാം. വെള്ളം നനക്കുന്നതിനായി 500 പമ്പിങ് സ്റ്റേഷനുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഈ വെള്ളം നഷ്ടപ്പെടാതിരിക്കാൻ റീ സൈക്ക്ൾ ചെയ്തെടുക്കും. ഒരു ചതുരശ്ര മീറ്റർ പൂക്കൾക്ക് പ്രതിദിനം 15ലിറ്റർ വെള്ളമാണ് വേനൽക്കാലത്ത് വേണ്ടത്.

ശൈത്യകാലത്ത് 11ലിറ്റർ വെള്ളം മതി. ജല സേചന ശൃംഖല നിരന്തരം പരിശോധിക്കാൻ പ്രത്യേക സംഘമുണ്ട്. നഗരത്തിന്‍റെ ഏത് മുക്കിലും മൂലയിലും നോക്കിയാലും റോസാപ്പൂവ് കാണാം. വിവിധ നിറത്തിലുള്ള പൂക്കൾ ഉണ്ടാക്കുന്ന ചെടികളുമുണ്ട്. കൃത്യമായ ടൈംടേബ്ൾ നിശ്ചയിച്ചാണ് പൂക്കളും ചെടികളും മാറ്റി സ്ഥാപിക്കുന്നത്. ഓരോ വർഷവും മൂന്ന് സീസണായി തിരിച്ചാണ് പ്രവർത്തനം. അന്താരാഷ് ട്ര നിലവാരമുള്ള സാങ്കേതിക വിദ്യകളും സ്മാർട്ട് ഇറിഗേഷൻ സംവിധാനങ്ങളുമാണ് ചെടി പരിപാലനത്തിന് ഉപയോഗിക്കുന്നത്.

ഓൺലൈൻ വഴി ചെടിപരിപാലനം നിയന്ത്രിക്കാൻ കഴിയുന്നു. ദുബൈ മുനിസിപ്പാലിറ്റിയുടെ വർസാൻ നഴ്സറിയിലാണ് ചെടികളും വിത്തും ഉദ്പാദിപ്പിക്കുന്നത്. നിർമിത ബുദ്ധിയുടെ സഹായത്തോടെ പ്രതി വർഷം 1.2 കോടി തൈകൾ ഉദ്പാദിപ്പിക്കാൻ ശേഷിയുണ്ട്. അവധി ദിവസങ്ങളിലും ചെടികളെയും ഗുൽമോഹർ അടക്കമുള്ള മരങ്ങളെയും പരിപാലിക്കാൻ ജീവനക്കാരുണ്ട്. കൃത്യമായ അളവിൽ വെള്ളവും വളവും നൽകി പരിപാലിക്കുന്നതാണ് രീതി.

Tags:    
News Summary - Gulmohar blossoms the streets of Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.