കേഴിക്കോട് : മണ്ണിലടങ്ങിയിട്ടുള്ള മൂലകങ്ങളുടെ അളവ് ക്രമപ്പെടുത്തുക എന്നതാണ് കൃഷിക്ക് പ്രാഥമികമായി ചെയ്യേണ്ടത്. എന്നാൽ മണ്ണ് പരിശോധിക്കാതെ വളങ്ങൾ യഥേഷ്ടം പ്രയോഗിക്കുന്നത് ദോഷമാണുണ്ടാക്കുക. മണ്ണിലെ മൂലകങ്ങളുടെ കുറവും കൂടുതലും പരിശോധിച്ച് കണ്ടെത്തി വളമിടുക എന്നതാണ് ആദ്യം വേണ്ടത്.
മണ്ണ് സാമ്പിൾ ശേഖരിക്കുന്ന വിധം :
സാമ്പിൾ എടുക്കുന്ന സ്ഥലത്തെ പുല്ലും ഉണക്ക ഇലകളും നീക്കം ചെയ്യുക. മൺവെട്ടി ഉപയോഗിച്ച് വി ആകൃതിയിൽ മണ്ണ് വെട്ടി മാറ്റുക. നെൽപ്പാടങ്ങളിൽ 15 സെ.മീ, മറ്റു ഭാഗങ്ങളിൽ 25 സെ.മീ ആഴത്തിൽ വെട്ടിയെടുക്കുക.
വെട്ടിയുണ്ടാക്കിയ കുഴിയിൽ മുകളറ്റം മുതൽ താഴെ വരെ 5 സെ.മീ വീതിയിൽ മണ്ണ് മുറിച്ചെടുക്കുക. വിസ്തീർണ്ണം അനുസരിച്ച് 8 മുതൽ 16 വരെ സ്ഥലങ്ങളിൽ നിന്നും മണ്ണ് ശേഖരിക്കാം. കല്ലും ചെടികളുടെ അവശിഷ്ടവും നീക്കുക. മണ്ണ് നിരത്തിയിട്ട് നാലായി ഭാഗിക്കുക. കോണോടു കോൺ വരുന്ന ഭാഗങ്ങൾ ശേഖരിക്കുക. അര കി.ഗ്രാം സാമ്പിൾ ലഭിക്കുന്നതുവരെ പ്രക്രിയ തുടരുക.
വരമ്പുകൾ, വളക്കുഴികൾ, സമീപ പ്രദേശങ്ങൾ, വെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിന്ന് സാമ്പിൾ ശേഖരിക്കരുത്. വളം, കുമ്മായം ഇവ പ്രയോഗിച്ച് 3 മാസം കഴിഞ്ഞു മാത്രം സാമ്പിൾ ശേഖരിക്കുക. പരിശോധനയ്ക്കായി ഉദ്ദേശം 500 ഗ്രാം മണ്ണ് അയക്കണം. അയക്കുന്ന സാമ്പിൾ ഒരു ഹെക്ടർ സ്ഥലത്തെ ഏകദേശം 22,40,000 കിലോഗ്രാം മണ്ണിനെയാണ് പ്രതിനിധീകരിക്കുന്നത്.
തിരുവനന്തപുരം ജില്ലയില്‍ പാറോട്ടുകോണത്ത് പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ സോയില്‍ ആൻഡ് പ്ലാന്റ് ഹെല്‍ത്ത് സെന്ററിന്റെ കീഴില്‍ സംസ്ഥാനത്തൊട്ടാകെ 14 ജില്ലാ മണ്ണുപരിശോധനാ ലബോറട്ടറികളും, ഒമ്പത് മൊബെയില്‍ മണ്ണു പരിശോധന ലബോറട്ടറികളും പരിശോധന നടത്താം. കര്‍ഷകര്‍ ശേഖരിക്കുന്ന മണ്ണു സാമ്പിളുകള്‍ നിർദിഷ്ട ഫോറത്തിലുള്ള അപേക്ഷയോടൊപ്പം കൃഷിഭവനിലെത്തിക്കണം. കൃഷിഭവനില്‍ നിന്നും അവ ജില്ലാ മണ്ണ് പരിശോധനാ ലബോറട്ടറിയില്‍ എത്തിച്ച് പരിശോധിക്കുന്നു. സൗജന്യമായിട്ടാണ് മണ്ണ് പരിശോധന നടത്തുന്നത്.
മൊബൈല്‍ മണ്ണു പരിശോധ ലബോറട്ടറികള്‍ കൃഷിഭവന്‍ മുഖേന മുന്‍കൂട്ടി നിശ്ചയിച്ച പരിപാടി അനുസരിച്ച് ഓരോ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും മണ്ണ് സാമ്പിളുകള്‍ സൗജന്യമായി പരിശോധിച്ച് അതേ ദിവസം തന്നെ റിപ്പോര്‍ട്ട് കര്‍ഷകന് നല്‍കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.