വീട്ടിൽ നിന്ന് ഓഫിസിലേക്കുള്ള യാത്രക്കിടെ ബീന ജി. നായരുടെ കൈകളിൽ എന്നും ചില പേപ്പർബാഗുകൾ കാണാം. തക്കാളി, വഴുതന, വെണ്ടക്ക, പച്ചമുളക്, ഇഞ്ചി, മഞ്ഞൾ, ചീര, കൂൺ തുടങ്ങി ഒരു കുടുംബത്തിന് വിരുന്നൊരുക്കാനുള്ള പച്ചക്കറിക്കൂട്ടുകൾ കൂടുകളിൽ നിറച്ചാണ് ആ സർക്കാർ ഉേദ്യാഗസ്ഥയുടെ സഞ്ചാരം. അന്നന്ന് പറിച്ചെടുത്ത ‘ഗാർഡൻ ഫ്രഷ്’ പച്ചക്കറികൾ. കൂടൊന്നിന് 50 രൂപ നൽകി അതു സ്വന്തമാക്കാൻ കാത്തിരിക്കുന്നവർ, ഇവർ കയറുന്ന ബസുകളിലും പിന്നെ ഓഫിസിലും ഉണ്ട്. ഇനി കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ കമ്പ്യൂട്ടർ അസിസ്റ്റൻറായ ഇൗ 46കാരിയുടെ കൃഷിയിടം കണ്ടാലോ, ആരും ഒന്നു പറഞ്ഞുപോകും, ‘ഹൗ േഗ്രറ്റ് ആർ യു’ എന്ന്. കാരണം, അഞ്ചുസെൻറ് വീട്ടിലെ മട്ടുപ്പാവിലും ഇത്തിരി മുറ്റത്തുമായാണ് എണ്ണിയാൽ ഒടുങ്ങാത്ത ഇനങ്ങൾ ഇവർ വിളയിക്കുന്നത്.
‘‘അഞ്ചുവർഷം മുമ്പ് മേയ് മാസത്തിലാണ് പച്ചക്കറികൃഷി തുടങ്ങുന്നത്. എൻ.എസ്.എസ് കൂട്ടായ്മയിലെ ഒരു സംരംഭമായിരുന്നു കാരണം. എല്ലാ സ്ത്രീകളും ഒരുമിച്ച് കൃഷിക്കായി േഗ്രാബാഗുകൾ വാങ്ങി. അതിൽ 15 എണ്ണം ഞാനും സ്വന്തമാക്കി. അതിൽ പച്ചമുളകും വഴുതനയും തക്കാളിയും നട്ടു. വിളവുണ്ടായി കണ്ടപ്പോൾ ആവേശമായി. പിന്നെ, േഗ്രാബാഗുകളുടെ എണ്ണം കൂട്ടിക്കൊണ്ടുവന്നു. മിക്കവാറും രണ്ടാം ശനി അവധി ദിവസങ്ങളിൽ ഇരുന്ന് സ്വന്തമായി ബാഗുകളിൽ മണ്ണ് നിറച്ച് വീടിെൻറ മുകളിൽ കൊണ്ടുപോയി വെച്ചു. ഇപ്പോൾ 450 േഗ്രാബാഗുകളിലേക്ക് കൃഷി വളർന്നു’’ –അങ്കമാലി മഞ്ഞപ്ര റൂട്ടിൽ ഒന്നര കിലോമീറ്റർ അകലത്തിലെ പണ്ടാരം അമ്പലത്തിന് അടുത്ത കാക്കനാട്ട് വീട്ടിലെ ടെറസിൽ അടുക്കിവെച്ച േഗ്രാബാഗുകൾ ചൂണ്ടി ബീന ജി. നായർ വിവരിച്ചു.
നിരനിരയായി അടുക്കിവെച്ച േഗ്രാബാഗുകളിൽ ഒരു ഭാഗം നിറയെ പലതരം വഴുതനകൾ. മറ്റൊരു ഭാഗത്ത് തക്കാളിച്ചെടികൾ. ചീരയും മുളകും വെണ്ടയും കാന്താരിയും മറ്റനേകം മുളകുതരങ്ങളും. ഇഞ്ചിയും മഞ്ഞളും വരെ നിറഞ്ഞ േഗ്രാബാഗുകൾ. ടെറസിലെ പാരപ്പറ്റിൽവെച്ച േഗ്രാബാഗുകളിൽ കുറ്റിച്ചെടി കുരുമുളക്. താഴെ ഇത്തിരി മുറ്റത്ത് പടർന്നുകയറിയ കോവലും വള്ളിച്ചീരയും. റെഡ് ലേഡി പപ്പായ, നിറയെ കായ്ച്ച് പുളിപ്പൻ ഓറഞ്ച്, പ്ലാസ്റ്റിക് ബക്കറ്റിൽ വളരുന്ന കാച്ചിലും ചേമ്പും തുടങ്ങി കാണാൻ കൗതുകം ഏറെ. ഇതൊക്കെ കണ്ട് ഏതൊരു മലയാളിയെയുംപോലെ ആദ്യം നമ്മൾ ചോദിക്കും: ‘‘ജൈവ പച്ചക്കറികൃഷി ലാഭകരമാണോ?’’ അതിന് ബീന ജി. നായരുടെ മറുപടി ഇങ്ങനെ: ‘‘ജൈവ പച്ചക്കറികൃഷിയിൽനിന്ന് വരുമാനം എന്നത് ഇപ്പോഴും ഞാൻ കാണുന്നില്ല. അങ്ങനെ വേണമെങ്കിൽ ഒന്നോ രണ്ടോ വിളകളിൽ സ്പെഷലൈസ് ചെയ്ത് അതിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. അപ്പോൾ അത് ലാഭകരംതന്നെയാകും. ജൈവ പച്ചക്കറികൾ തേടി എെൻറ അടുത്ത് എത്തുന്നവർ ഏറെയാണ്. വീട്ടിൽ ഗർഭിണികളും കുട്ടികളും ഉള്ളവർ നേരേത്ത അറിയിച്ച് പച്ചക്കറികൾ വാങ്ങി പോകുന്നു. ലാഭത്തേക്കാളുപരി കൃഷി നൽകുന്ന ഒരു പോസിറ്റിവ് എനർജി ഉണ്ട്. വീട്ടിൽ കഴിയുന്ന സ്ത്രീകൾക്ക് അത് ഏറെ സന്തോഷം പകരും.’’
വിളഞ്ഞ പച്ചക്കറികൾക്ക് ഇടയിൽ നിരനിരയായി േഗ്രാബാഗുകളിൽ കുറ്റിമുല്ലകൾ പൂവിട്ടുനിൽക്കുന്നു. അതിൽ ശ്രദ്ധിക്കുന്നത് കണ്ടപ്പോൾ ഈ വീട്ടുകർഷക വിവരിച്ചത് മറ്റൊരു കാര്യം: ‘‘മുല്ലപ്പൂവുകൾ പരത്തുന്ന സുഗന്ധം നമുക്ക് ഉന്മേഷം പകരും. അത് നമ്മൾ അറിയാതെതന്നെ കൃഷിയിടത്തിൽ കൂടുതൽ നേരം നിർത്തും. കൃഷി കാണാൻ ഇവിടെ എത്തുന്നവർക്ക് ആകർഷകമായി തോന്നാനാണ് തറയിൽ ചുവപ്പ് പെയിൻറ് അടിച്ചത്. കൂടാതെ ചുവപ്പ് നിറം കീടങ്ങളെ അകറ്റുകയും ചെയ്യും.’’
വീട്ടിൽ ചെറിയൊരു വെയ്മെഷീൻ വാങ്ങിവെച്ച് അതിലാണ് ബീന പച്ചക്കറികൾ തൂക്കി കവറിൽ നിറക്കുന്നത്. ‘‘അരക്കിലോ തക്കാളി അല്ലെങ്കിൽ വെണ്ട എന്ന രീതിയിൽ നൽകാൻ ഉണ്ടാകില്ല. പകരം കുറച്ചു തക്കാളി, വെണ്ട, വഴുതന, പച്ചമുളക്, പുതീനയില, വേപ്പില ഒക്കെ ചേർത്താണ് ഒരു പാക്കറ്റിൽ നിറക്കുക. ഒരു വീട്ടിൽ രണ്ടു ദിവസത്തേക്ക് തികയും ഒരു പാക്കറ്റ്, അത് കിട്ടുന്നവർക്ക് ലാഭംതന്നെ. എനിക്ക് അതിലൂടെ കിട്ടുന്ന 50 രൂപയാകെട്ട ഒരു ഉൗർജംകൂടിയാകും. ചിലപ്പോൾ ചിലർ അതൊന്ന് നുറുക്കിത്തരുമോ എന്നുകൂടി ചോദിക്കും. ഞാൻ നുറുക്കി കൊടുക്കും. അതിന് 10 രൂപകൂടി ചാർജ് ചെയ്യും’’ –ചിരിയോടെ അവരുടെ മറുപടി. ഒരുപാട് റെസിഡൻറ്സ് അസോസിയേഷനുകളിൽ ക്ലാസ് എടുക്കുന്നുണ്ട് ബീന. സ്ത്രീകളെ ജൈവകൃഷിയിലേക്ക് ആകർഷിക്കുന്നതാണ് ക്ലാസുകൾ. വെറുതെ പോകുന്ന സമയം വിനിയോഗിച്ചാൽ സ്വന്തം കുടുംബത്തിന് വിഷരഹിത ആഹാരം ലഭിക്കുമെന്ന് മാത്രമല്ല, രോഗങ്ങളും കുറയുമെന്നാണ് അവരുടെ പക്ഷം. സ്ത്രീകളുടെ പലതരം ആരോഗ്യപ്രശ്നങ്ങളും കൃഷിയിലൂടെ മാറ്റിയെടുക്കാം. പോസിറ്റിവ് എനർജിയാണ് കൃഷി പകരുക. വിവാഹമോചനത്തിെൻറ വക്കിൽ നിൽക്കുന്നവർക്കുപോലും ഈ ക്ലാസുകൾ ഗുണം ചെയ്യാറുണ്ടെന്ന് അവർ പറയുന്നു.
ഓഫിസിലും കുടുംബവൃത്തത്തിലും സൽക്കാരങ്ങൾക്ക് ഭക്ഷണം തയാറാക്കി നൽകാറുമുണ്ട് ബീന. ‘‘ജൈവ പച്ചക്കറിയും വീട്ടിൽതന്നെ ഉണ്ടാക്കുന്ന കറിപ്പൊടികളും ഉപയോഗിക്കുന്നതിനാൽ ഓർഡറുകൾ ഏറെയാണ്. ബസിലോ വിവാഹവീടുകളിലോ ഒക്കെ പരിചയപ്പെടുന്നവർക്ക് ഫോണിൽ കൃഷികളുടെ ചിത്രങ്ങൾ കാണിക്കും. അവരിൽ ചിലർ അതിൽ ആകൃഷ്ടരായി കൃഷിയിലേക്ക് വരുന്നത് മറ്റൊരു സന്തോഷം. ഇതൊക്കെ കണ്ട മക്കൾ ചിലപ്പോൾ പറയും, ഈ അമ്മക്ക് വേറെ പണിയൊന്നുമില്ലേന്ന്. പക്ഷേ, അതിെൻറ സംതൃപ്തി അനുഭവിച്ചുതന്നെ അറിയണം. നോൺവെജ് വീട്ടിൽ വെക്കാറുണ്ടെങ്കിലും പച്ചക്കറി അധികമായാൽ മക്കൾ ഇടപെടും. പിന്നെ, ‘ഇതൊക്കെ കളഞ്ഞിട്ട് ചിക്കൻ, മീൻ കൃഷി തുടങ്ങിക്കൂടെ’യെന്ന് വഴക്കാകും’’ ^ബീന പറയുന്നു. ഭർത്താവ് നാരായണപിള്ള ദുൈബയിൽ ഒരു കമ്പനിയിൽ കാൻറീൻ നടത്തുകയാണ്. രണ്ട് മക്കൾ. മകൾ ഗാഥ അങ്കമാലി ഫിസാറ്റിലും മകൻ ഗൗതം പത്താം ക്ലാസിലും വിദ്യാർഥികളാണ്.
ഫേസ്ബുക്കിലും സജീവം
ഫേസ്ബുക്കിൽ 12 കൃഷി ഗ്രൂപ്പുകളിൽ സജീവമാണ് ബീന. എല്ലാ ദിവസവും വിളവുകളുടെ ഫോട്ടോ പോസ്റ്റ് ചെയ്യുന്നു. ഇത്ര പച്ചക്കറികൾ വിൽക്കാനുണ്ട് എന്നും ചേർക്കും. ഒരു സാമൂഹിക ഉത്തരവാദിത്തമായാണ് ഫേസ്ബുക്കിലെ ഇടപെടലുകളെ അവർ കരുതുന്നത്. പരമാവധി സ്ത്രീകളെ ജൈവ പച്ചക്കറികൃഷിയിലേക്ക് ആകർഷിക്കുകയാണ് ലക്ഷ്യം. കളർഫുൾ ആണെങ്കിലേ നമ്മൾ കേരളീയരുടെ മനസ്സിലേക്ക് എന്തെങ്കിലും കയറൂ എന്നാണ് ബീന പറയുന്നത്. ഓൺലൈനിൽ കൃഷി സംബന്ധിച്ച സംശയങ്ങൾക്ക് മറുപടിയും നൽകുന്നുണ്ട്.
ബെഡ്റൂമിലെ കൂണ്കൃഷി
വീടിെൻറ രണ്ടാംനിലയിൽ ഒഴിഞ്ഞുകിടക്കുന്ന ബെഡ്റൂമിലാണ് കൂൺ കൃഷി. മൊട്ട കൂണും ചിപ്പി കൂണും തൂക്കിയിട്ട കൂടുകളിൽ കൃഷിചെയ്യുന്നു. തികച്ചും ജൈവരീതിയിൽ ചെയ്യുന്ന കൂൺ കൃഷിക്ക് കൂടൊരുക്കുന്നത് മുതൽ സ്വന്തമായാണ്. രണ്ടു ദിവസത്തെ പരിശ്രമമാണ് കൂടൊരുക്കാൻ വേണ്ടത്. ഒരു കൂടിന് മൂന്നു മുടി വയ്ക്കോൽ വേണം. 60 കൂടുകൾ വരെ ഉണ്ടാക്കും. ഇത്രയും വയ്ക്കോൽ പാത്രങ്ങളിൽ വെള്ളത്തിൽ കുതിർത്തിട്ടും. രാത്രി എട്ടുമണിയോടെ വെള്ളത്തിൽ ഇട്ടാൽ 12 മണിക്കൂർ കഴിഞ്ഞ് രാവിലെ എട്ടുമണിക്ക് അതെടുക്കും. എന്നിട്ട് പുതിയ വെള്ളം ഒഴിച്ച് വയ്ക്കോൽ പുഴുങ്ങിയെടുക്കും. തുടർന്ന് ഡെറ്റോൾ ഒഴിച്ച് തുടച്ചെടുത്ത അണുമുക്തമാക്കിയ തറയിൽ വിടർത്തിയിട്ട് വയ്ക്കോൽ ഉണക്കും. അത് ചുറ്റിയെടുത്താണ് കൂൺ കൃഷിക്ക് കവർ ഒരുക്കുന്നത്. ഒരു പാക്കറ്റ് കൂൺ വിത്ത് കാക്കനാട് വി.എഫ്.പി.സി.കെയിൽ 35 രൂപക്ക് കിട്ടും. ഒരു കിറ്റിൽ പാകിയാൽ ഏകദേശം രണ്ടര കിലോ കൂൺ വിളവെടുക്കാം. 200 ഗ്രാം 65 രൂപക്ക് എങ്കിലും ഈ വിളവ് വിൽക്കാം. അതിൽ കൂടുതൽ നൽകി വാങ്ങാൻ ആളുണ്ട്. മാർക്കറ്റിൽ വാങ്ങാൻ കിട്ടുന്ന പല കൂണും വിഷമയമായ ദ്രാവകങ്ങൾ തളിച്ച് അണുമുക്തമാക്കിയ വയ്ക്കോലിലാണ് ഉണ്ടാക്കുന്നതെന്നും അവർ പറയുന്നു.
ടെറസ് കൃഷിക്ക് ബീന ട്രിക്സ്
പുകയില കഷായം വീട്ടില് തന്നെ
പുകയിലക്ക് വലിയ വിലയായതിനാൽ അതിെൻറ ഞെട്ട് മാത്രമായി വാങ്ങാൻ കിട്ടും. അത് വെള്ളത്തിൽ 24 മണിക്കൂർ കുതിർത്തിയിടണം. എന്നിട്ട് അമ്മിക്കല്ലിൽവെച്ച് ഇടിച്ചെടുക്കാം. വീണ്ടും കുറച്ചുനേരം വെള്ളത്തിൽ ഇട്ട് അതിെൻറ സത്ത നന്നായി പിഴിഞ്ഞെടുക്കുക. രണ്ടു കിലോയാണ് പുകയില ഞെട്ട് വാങ്ങിയതെങ്കിൽ ഒരു കട്ട ബാർസോപ്പ് ചെറുതാക്കി അരിഞ്ഞ് അതിൽ ചേർക്കാം. കുറെ നേരം കഴിഞ്ഞ് കൈയിൽ ഗ്ലൗസിട്ട് വീണ്ടും പിഴിഞ്ഞ് എടുക്കണം. തുടർന്ന് കുറച്ച് കാന്താരിയും വെളുത്തുള്ളിയും മിക്സിയിൽ അടിച്ച് അതും ചേർക്കുക. എന്നിട്ട് തുണിയിൽ അരിച്ചെടുക്കണം. വെയിലത്തുവെച്ച് ഉണക്കിയെടുത്ത എയർടൈറ്റായ കുപ്പിയിലേക്ക് ഈ മിശ്രിതം നിറച്ചു സൂക്ഷിക്കണം. കുപ്പിയിൽ വെള്ളത്തിെൻറ അംശമുണ്ടെങ്കിൽ പൂപ്പൽ വരും. ഈ മിശ്രിതം ഒരു ലിറ്റർ വെള്ളത്തിന് 10 മില്ലിലിറ്റർ എന്ന തോതിൽ ലയിപ്പിച്ച് കുറച്ച് വേപ്പെണ്ണയും ചേർത്ത് നന്നായി കുലുക്കി ചെടികളിൽ അടിച്ചാൽ പിന്നെ കീടങ്ങൾ ആക്രമിക്കില്ല.
വളം തേടി ഓടേണ്ട
വളം വീട്ടിൽതന്നെ ഉണ്ടാക്കാം. അതിന് ബയോഗ്യാസ് പ്ലാൻറ് വേണമെന്നുമില്ല. ഒരു ചെറിയ ഡപ്പ വാങ്ങി അതിെൻറ അടിയിൽ ഒരു ടാപ്പ് പിടിപ്പിച്ചാൽ മതി. വീട്ടിലെ പച്ചക്കറി, മീൻ, കഞ്ഞിവെള്ളം തുടങ്ങിയ വേസ്റ്റുകളെല്ലാം അതിൽ ഒഴിക്കുക. അതെല്ലാം അഴുകി വെള്ളം തുള്ളിതുള്ളിയായി ടാപ്പിൽകൂടി വരും. ആ തുള്ളിവെള്ളം മികച്ച വളമാണ്. വീര്യംകൂടിയ വളമായതിനാൽ ലയിപ്പിച്ച് വേണം ചെടിക്ക് ഒഴിച്ചുകൊടുക്കാൻ. സ്ലറി പത്തിരട്ടി വെള്ളം ചേർത്താണ് ഒഴിക്കുന്നത്.
ഗ്രോബാഗുകള് തയാറാക്കുന്നത്
േഗ്രാബാഗുകൾ 10–20 രൂപക്ക് കടകളിൽ ലഭിക്കും. 5:3:3:1 എന്ന അനുപാതത്തിലാണ് ബാഗുകൾ നിറക്കുന്നത്. (5 എന്നത് മണ്ണ്, ആദ്യ 3–ചകിരിച്ചോറ്, അടുത്ത 3–ചാണകം, 1 എന്നത് പകുതി വേപ്പിൻപിണ്ണാക്കും പകുതി എല്ലുപൊടിയും). കാലാവസ്ഥക്ക് അനുസരിച്ച് വേപ്പിൻപിണ്ണാക്കിെൻറ അളവ് കുറക്കുകയും കൂട്ടുകയും ചെയ്യാം. കാരണം വേപ്പിൻപിണ്ണാക്ക് വലിയ ചൂടാണ്. ചൂടുകാലത്താണ് ബാഗ് നിറക്കുന്നതെങ്കിൽ അതിെൻറ അളവ് കുറക്കണം. ഓരോ വിളവ് കഴിയുമ്പോഴും ബാഗുകൾ റീമിക്സ് ചെയ്യണം. മണ്ണിൽ കുറച്ചു കുമ്മായം കലർത്തി നാലുദിവസം വെയിലത്ത് വെക്കണം. അതിനുശേഷം വേപ്പിൻപിണ്ണാക്കും കപ്പലണ്ടി കൊപ്രയും കുറച്ചു എല്ലുപൊടിയും ചേർക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.