നിസാമുദ്ദീന്‍ എന്ന കര്‍ഷക ആക്ടിവിസ്റ്റ്

പോക്കറ്റ് നിറയെ വിത്തുകള്‍ , കര്‍ഷകര്‍ക്കായി ക്ളാസുകള്‍, പരീശീലന പരിപാടികള്‍, കര്‍ഷകക്കൂട്ടായ്മകള്‍....മുഴുവന്‍ സമയ കര്‍ഷക ആക്ടിവിസ്റ്റാണ് കണ്ണൂര്‍ ചാലാട് പഞ്ഞിക്കല്‍ പള്ളിവളപ്പില്‍ നിസാമുദ്ദീന്‍. മൊബൈല്‍ ഫോണില്‍ സഹായം തേടി പച്ചക്കറി കര്‍ഷകര്‍ എപ്പോഴും വിളിച്ചുകൊണ്ടിരിക്കും.  അവര്‍ക്ക് ഉപദേശവും നിര്‍ദേശവും ആവശ്യമെങ്കില്‍ വീടുകളിലെ സന്ദര്‍ശനവും. കര്‍ഷകനെന്ന നിലയില്‍ നിസാമുദ്ദീന്‍െറ നേട്ടം കാണണമെങ്കില്‍ 50 സെന്‍റിലെ പുരയിടവും പറമ്പും സന്ദര്‍ശിച്ചാല്‍ മതി. മുന്തിരി, കമുക്, അവക്കാട, ചതുരപ്പുളി, മലയന്‍ പേര, റമ്പുട്ടാന്‍, ഞാവല്‍, പാഷന്‍ ഫ്രൂട്ട്, കറപ്പ, കായം, കുവ, ചെമ്പ്,പലതരം നാടന്‍ വാഴകള്‍, റസ്റ്റാലി, സീതപ്പഴം,വിവിധ തരം  പപ്പായ, പ്ളാവ്, ആത്ത, ബിസിളി, അരിനെല്ലി, സപ്പോട്ട, പലതരം മാവുകള്‍, നെയ്പ്പുല്ല്, കറിവേപ്പില, ,ലിച്ചി, മാങ്കോസ്ടിന്‍, പേര, മഞ്ഞള്‍, ഇഞ്ചി, കാന്താരി,മുളക്, പൊതീന, തക്കാളി, ചെറി, വാസന പാക്ക്, സിങ്കപ്പൂര്‍ അടയ്ക്ക എന്നുവേണ്ട ഇവിടെയില്ലാത്ത വിളകള്‍ അപൂര്‍വം. പുതിയ പരീക്ഷണകൃഷികളും ഏറെയുണ്ട്.

കൃഷിക്കമ്പത്തിന്‍െറ നാളുകള്‍

പത്തുവര്‍ഷമേ ആയിട്ടുള്ളൂ നിസാമുദ്ദീന്‍ മുഴുവന്‍ സമയ കര്‍ഷനായിട്ട്. ചെറുപ്പം മുതലേ കൃഷിയോട് താല്‍പര്യമുണ്ടായിരുന്നു. വിദ്യാര്‍ഥിയായിരിക്കത്തേന്നെ പച്ചക്കറികൃഷി നടത്തി ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സഹോദരനുമായി മത്സരിച്ചായിരുന്നു അന്ന് കൃഷിചെയ്തിരുന്നത്.വെണ്ട, വഴുതന, കയ്പ്പ, പച്ചമുളക് എന്നിവ പറമ്പില്‍ സമൃദ്ധമായി വളര്‍ന്നുതുടങ്ങിയപ്പോള്‍ പിന്നെ ആത്മവിശ്വാസമായി , കൃഷി എന്നത് ഹരമായി. വീട്ടുകാരുടെയും നാട്ടുകാരുടെയും ശ്രദ്ധ പിടിച്ചുപറ്റി. സ്കൂളുകളിലും ചര്‍ച്ചയായിരുന്നു. പഠനത്തിനു ശേഷം ബാപ്പയുടെ ബിസിനസ് കൂട്ടായി ബാംഗ്ളൂരിലെക്ക്. ദീര്‍ഘകാലം അവിടെയായിരുന്നു. തുടര്‍ന്ന് ഗള്‍ഫിലും ജോലി ചെയ്തു. ഈ സമയത്തൊക്കെ കാര്‍ഷിക പ്രസിദ്ധീകരണങ്ങളും ബുക്കുകളും വാങ്ങിക്കൂട്ടുമായിരുന്നു. അങ്ങനെയാണ് നാട്ടിലത്തെിയാല്‍ കൂടുതല്‍ സമയം കൃഷിയിലേക്ക് ഇറങ്ങണമെന്ന ചിന്ത വന്നത്. പത്തുവര്‍ഷം മുമ്പാണ് തിരികെ നാട്ടിലത്തെിയത്. വീടുവെക്കാന്‍ സ്ഥലം അന്വേഷിച്ചപ്പോള്‍ പച്ചക്കറികൃഷിക്കുള്ള ഇടവും കണ്ടത്തെി. പരിശ്രമത്തിന് ഭാര്യ ഉമീസുല്‍ പര്‍വേസും കൂട്ടായി. തന്‍്റെ ശിഷ്ട ജീവിതം മുഴുവനായും കൃഷി ഗവേഷണവും വിഷരഹിത പച്ചക്കറിയുടെ നന്മയും പരിചരണവും ലക്ഷ്യമിട്ടാണ് ഇദ്ദേഹത്തിന്‍െറ പ്രവര്‍ത്തനം. 

നിസാമുദ്ദീന്‍ കൃഷിത്തോട്ടത്തില്‍
 

കൃഷി സഹായത്തിന് ഒരു കോള്‍

കൃഷി ചെയ്യാന്‍ താല്‍പര്യവും മനസുമുണ്ടെങ്കില്‍ ഒരു ഫോണ്‍ കോള്‍ മതി. നിസാമുദ്ദീന്‍ അവിടെ ഓടിയത്തെും. കൃഷിയുടെ ബാലപാഠം നിങ്ങള്‍ക്ക് വിവരിച്ച് തരും. എങ്ങിനെ കൃഷി തുടങ്ങണമെന്നും എങ്ങിനെ വളം ചെയ്യണമെന്നും, എങ്ങിനെ കീടങ്ങളുടെയും അക്രമത്തില്‍ നിന്നും പരിരക്ഷ തേടണമെന്നും നിസാമുദ്ദീന്‍ നിങ്ങളെ പഠിപ്പിക്കും. അതിനാല്‍ നിസാമുദ്ദീന്‍ എപ്പോഴും തിരക്കിലാണ്.  മനസില്‍ നന്മയും പ്രതീക്ഷയുണ്ടെങ്കില്‍  ചുരുങ്ങിയ സ്ഥലത്ത് ഒരു കുടുംബത്തിലേക്കാവശ്യമായ പച്ചക്കറികള്‍ വിളയിക്കാമെന്നാണ് അദ്ദേഹത്തിന്‍െറ പക്ഷം. എങ്ങോട്ടു പോയാലും  നിസാമുദ്ദീന്‍െറ പോക്കറ്റില്‍  വിത്ത് പാക്കറ്റുകള്‍  കാണും. അത് കണ്ട് മുട്ടുന്നവര്‍ക്കാണ്. വീട്ടില്‍ വരുന്നവര്‍ തിരിച്ചു പോകുമ്പോള്‍ അവര്‍ക്കും നല്‍കുന്നത് പച്ചക്കറി വിത്തുകളാണ്.
 മലയാളികളുടെ മനസില്‍ കൃഷിയുണ്ട്. അത് മണ്ണിലിറങ്ങണം  ഓരോ വീട്ടിലും അവരുടെ ആവശ്യത്തിന് പച്ചക്കറി കൃഷി നടത്താന്‍ മനസുവെച്ചാല്‍ മാത്രം മതി.  ചുരുങ്ങിയത് ഒരു കാന്താരി, ഒരു പച്ചമുളക്, ഒരു വെണ്ട. ഇങ്ങിനെ തുടങ്ങിയാല്‍ മതി..... നമ്മളറിയാതെ വീടിനുചേര്‍ന്ന ഇടം കൃഷിയിടമാകും . ഓരോ വീട്ടിലും  പച്ചക്കറി തയാറാക്കുന്നതിന് പ്രത്യേക പദ്ധതികള്‍ വേണം. ഗ്രോബാഗ് കൃഷിക്ക് നല്ല പരിഗണന വേണം. വന്‍കിട കൃഷി പദ്ധതികള്‍ക്ക് നല്‍കുന്ന പരിഗണന അടുക്കള തോട്ടത്തിനും നല്‍കണം. ഒരു പുണ്യപ്രവര്‍ത്തി ആയിട്ടാണ് ഞാന്‍ കൃഷിയെ കാണുന്നത്. അത് പ്രചരിപ്പിക്കുന്നതില്‍ സന്തോഷമേ ഉള്ളൂ. അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്ന പച്ചക്കറി ഉല്‍പ്പന്നങ്ങളില്‍ മാരകമായ വിഷമാണ്. അതുകൊണ്ടുതന്നെ അവ ദീര്‍ഘകാലം കേടുകൂടാതെ നില്‍ക്കും. എന്നാല്‍ നാം വിളയിക്കുന്ന പച്ചമുളക് അധിക ദിവസം നില്‍ക്കില്ല . കാരണം അതില്‍ വിഷമില്ല - നിസാമുദ്ദീന്‍ പറയുന്നു.
  
നിസാമുദ്ദീന്‍ തിരക്കിലാണ്

കൃഷിഭവനില്‍ നിന്ന് നല്ല പിന്തുണയാണ് നിസാമുദ്ദീന്‍െറ പ്രവര്‍ത്തനങ്ങള്‍ക്ക് കിട്ടിയത്. കൃഷി ആഫീസറായ പി.കെ. രാധാകൃഷ്ണന്‍. കൃഷിവിജ്ഞാന്‍ കേന്ദ്രത്തിലെ കോഡിനേറ്റിങ്ങ് ഡയറക്ടറായ ഡോ.ജനാര്‍ദ്ദനന്‍ ,ഡോ. ജയരാജന്‍ , സി.പി. സി.ആര്‍. ഐയിലെ പ്രിന്‍സിപ്പലായ ഡോ. തമ്പാന്‍. ഡോ സുരേഷ്, പടന്നക്കാട് കാര്‍ഷിക കേളേജ് ഡീന്‍ ഡോ. ഗോവിന്ദന്‍, ഡോ. മമ്മൂട്ടി എന്നിവരുടെ ഉപദേശവും പിന്തുണയും കൂട്ടായി. കണ്ണൂരില്‍ ഫാര്‍മേഴ്സ് എക്സ്റ്റന്‍ഷന്‍ ഓര്‍ഗനൈസേഷന്‍ സെക്രട്ടറിയാണ് നിസാമുദ്ദീന്‍. പള്ളിക്കുന്ന് സോണല്‍ പച്ചക്കറി വികസന സമിതി സെക്രട്ടറി, പള്ളിക്കുന്ന് വില്ളേജ് ലീഡ് ഫാര്‍മര്‍ എന്നീ സ്ഥാനങ്ങളില്‍ ഇരുന്നിട്ടുണ്ട്. നാഗ്പൂരില്‍ നടന്ന കൃഷി വസന്ത് മേള, എറണാകുളത്ത് നടന്ന ഗ്ളോബല്‍ അഗ്രോമീറ്റ് തുടങ്ങി ഒട്ടനവധി  കാര്‍ഷിക മേളകളില്‍ പങ്കെടുത്തിട്ടുണ്ട്. അങ്ങനെ പുതിയ കാര്‍ഷിക ഉപകരണങ്ങളും സാങ്കേതിക വിദ്യകളും കാണാനും  പഠിക്കാനും  കഴിഞ്ഞു. ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപിലെ തെങ്ങ്  നമ്മുടെ നാട്ടില്‍ അതുല്‍പാദനക്ഷമതയോടെ കൃഷി ചെയ്യാന്‍ പറ്റുമെന്ന് തെളിയിച്ചു. വീട്ടാവശ്യത്തിനുള്ള ഉള്ളി ഉള്‍പ്പെടെ  സ്വന്തം പുരയിട കൃഷിയില്‍ വിളവെടുക്കുന്നു. 25 ഫാം സ്കൂള്‍ കര്‍ഷകര്‍ക്കും  നാട്ടുകാര്‍ക്കും ഗ്രോബാഗ് പച്ചക്കറി, ജൈവ പച്ചക്കറി തയാറാക്കല്‍ എന്നിവയില്‍ പരിശീലനം നല്‍കി. 2011 ലെ കാര്‍ഷിക ദിനത്തില്‍ ജില്ലാഭരണകൂടം നിസാമുദ്ദീനെ  ആദരിച്ചു.  സ്വന്തം പറമ്പില്‍ വിളയിച്ച കാര്‍ഷിക ഉല്പന്നങ്ങളുടെ ഫോട്ടോ പ്രദര്‍ശനം നടത്തി. 
 

നിസാമുദ്ദീന്‍െറ മൊബൈല്‍ നമ്പര്‍: 95673 30440
 

Tags:    
News Summary - http://54.186.233.57/node/add/article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.