ആലപ്പുഴ: സ്ഥലമില്ലാത്തവർ പരീക്ഷിക്കുന്ന മട്ടുപ്പാവിലെ കൃഷി പുതുമയുള്ളതല്ല. എന്നാൽ, വളഞ്ഞവഴി എസ്.എൻ കവലക്ക് കിഴക്ക് ഹുദാപ്പള്ളിക്ക് എതിർവശത്തെ പതിമൂന്നിൽ റഹ്മാനിയ വീട്ടിൽ മുഹമ്മദ് കബീറിെൻറ നാലു സെൻറ് പുരയിടത്തിലെ 2000 ചരുരശ്രയടി വീടിെൻറ ടെറസിെല കൃഷി വേറിട്ടുനിൽക്കുന്നത് വിവിധ കാരണങ്ങളാലാണ്.
കാൽനൂറ്റാണ്ടായി നടത്തുന്ന റഹ്മാനിയ ഹോട്ടലിലെ ഭക്ഷ്യമാലിന്യം മുഴുവൻ കബീർ ജൈവവളമാക്കി മാറ്റുകയാണ്. കൃഷിയോടുള്ള ഈ 59കാരെൻറ താൽപര്യം കേട്ടറിഞ്ഞ് മാറിമാറി വരുന്ന കൃഷി ഓഫിസർമാരെല്ലാം വീട്ടിലെത്തും. അവർ നൽകുന്ന വിദഗ്ധ ഉപദേശങ്ങളും ചെറുപ്പം മുതൽക്ക് ലഭിച്ച പ്രായോഗിക അനുഭവപാഠങ്ങളും ചേർത്തുള്ള കൃഷിരീതിയിൽനിന്ന് ഇതിനകം 25ൽ ഇനങ്ങൾ വിളയെടുത്തിട്ടുണ്ട്.
സാമ്പത്തിക ബുദ്ധിമുട്ടുകളാൽ കൗമാരത്തിൽ എറണാകുളം കരിമുകളിലെത്തി ഹോട്ടൽ ബിസിനസ് ആരംഭിച്ചു. അത് അവസാനിപ്പിച്ചാണ് നാട്ടിൽ ഹോട്ടൽ തുടങ്ങിയത്. കരിമുകളിൽനിന്ന് വിത്തുകളും കമ്പുകളും കൊണ്ടുവന്ന് നാട്ടിൽ ഉള്ള സ്ഥലത്ത് നട്ടുപിടിപ്പിക്കുക പതിവായിരുന്നു.
ഗ്രോബാഗിനു പുറമെ മീൻ ബോക്സുകളിലും ഓയിൽ കാനുകളിലും മണ്ണ് നിറച്ചാണ് ടെറസ് കൃഷിക്കായി ഉപയോഗിക്കുന്നത്. റോബസ്റ്റ, ഏത്തവാഴകൾക്ക് പുറമെ കപ്പ, ചേന, ചേമ്പ്, ചുരക്ക, മഞ്ഞൾ, ഇഞ്ചി, കറിവേപ്പില, പുതിന തുടങ്ങിയവ കൃഷി ചെയ്യുന്നുണ്ട്. പടവലങ്ങയും കോവക്കയും പീച്ചിങ്ങയുമൊക്കെ മിക്ക ദിവസവും വിളവെടുപ്പിനുണ്ടാകും. താഴെ നട്ട പതിനെട്ടാം പെട്ട തെങ്ങിൽ രണ്ടെണ്ണം കുലച്ചു. മരമാകുന്ന മുരിങ്ങ പറമ്പിലും ചെടിമുരിങ്ങ മുകളിലുമുണ്ട്. ഹൈബ്രിഡ് വെണ്ടക്ക, പാവക്ക, തക്കാളി എന്നിവക്ക് പുറമെ പച്ചമുളകും കുരുമുളകും ചെറിയഉള്ളിയും കൃഷിയുണ്ട്. റെഡ് ലേഡി പപ്പായയാണ് മറ്റൊരു ആകർഷണം. ആടേലാടകം, പനിക്കൂർക്ക, തുളസി തുടങ്ങിയ ഒൗഷധസസ്യങ്ങളും തോട്ടത്തിലുണ്ട്. വീട്ടിൽ വളർത്തുന്ന ലവ് ബേഡ്സിനാവശ്യമായ തിനവരെ ടെറസ് കൃഷിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഹോട്ടലിൽനിന്ന് െകാണ്ടുവരുന്ന മാലിന്യം ഉണക്ക ചാണകപ്പൊടി ചേർത്ത് ചാക്കിൽ കെട്ടിവെച്ചാണ് ജൈവവളം നിർമിക്കുന്നത്. ബിരിയാണിക്കായി ഉപയോഗിക്കുന്ന വിറകിെൻറ ചാരം എല്ലാ ചെടികളിലും ഉപയോഗിക്കാൻ കഴിയില്ല. ഉപയോഗിച്ച ശേഷമുള്ള തേയില വാഴക്ക് നല്ല വളമാണെന്നാണ് കബീറിെൻറ അനുഭവപാഠം.
85 പിന്നിട്ട മാതാവ് ലത്തീഫ ബീവി മകെൻറ കൃഷി കാണാൻ പ്രായാധിക്യം വകവെക്കാതെ ഇടക്ക് ടെറസിലെത്തും. കരുനാഗപ്പള്ളി കോഴിക്കോട് സ്വദേശിയായ ഭാര്യ ജലീലയും മകൻ മുനീറിെൻറ ഭാര്യ എറണാകുളം കലൂർ സ്വദേശി സജ്നയുമാണ് സഹായികൾ. േപരക്കിടാങ്ങളായ ആയിഷയും അസ്നയും കൃഷിത്തോട്ടത്തിെൻറ അനന്തരാവകാശികളാകുമെന്ന് കരുതുന്ന കബീറിന് പുഴയോരത്ത് കുറച്ച് കൃഷിഭൂമിയിൽ അധ്വാനിച്ച് വിളവെടുക്കണമെന്ന അതിയായ ആഗ്രഹമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.