പരപ്പനങ്ങാടി: ജൈവ കർഷക പരിശീലകനും സംസ്ഥാന കർഷക മിത്ര അവാർഡ് ജേതാവുമായ അബ്ദുറസാഖ് മുല്ലപാട്ടിന്റെ ഔഷധ ഉദ്യാനത്തിൽ വളരുന്നത് വ്യത്യസ്ത സ്വഭാവത്തിലുള്ള 56 ഇനം മുളകൾ. ഓടമുള, പെൻസിൽ മുള, പേന മുള, റണ്ണിങ് മുള, അലങ്കാര മുള, ആനമുള, ബുദ്ധ മുള, ലാത്തി മുള, ബ്ലാക്ക് ബാംബു, യുൾഗാരിസ് ബാംബു, ഓക്ളൻഡ്ര, പഗ്യൂക്കോസിൻസ്, മൾട്ടിപ്ലക്സ്, ഗാർഡൻ ബാംബു, ബാംബുഷബാൽഗോവ, ബാംബുഷ കച്ചറൻസിസ് തുടങ്ങിയ വ്യത്യസ്ത ഇനം മുള ചെടികളാണ് ഇവിടെ കഴിഞ്ഞ എട്ട് വർഷമായി റസാഖിന്റെയും കുടുംബത്തിന്റെയും തൊഴിലാളികളുടെയും പരിചരണം ഏറ്റുവാങ്ങി തഴച്ചുവളരുന്നത്. കൊടപ്പാളിയിലെ ഹെർബൽ ഗാർഡനെന്ന പുരയിടത്തോട് ചേർന്ന ഒരു ഏക്കർ വരുന്ന ഔഷധ ഉദ്യാനത്തിലാണ് മുളകൾക്ക് വളരാനും പ്രത്യേകയിടം മുള പൊട്ടിയത്. മുളയുടെ ഇളം തൂമ്പ്, മുള അരി എന്നിവ ഭക്ഷണമായി ഉപയോഗിക്കാം. കാർബൺ ഡൈ ഓക്സൈഡിനെ ഏറ്റവും വേഗതയിൽ പിടിച്ചെടുത്ത് മറ്റേതൊരു ചെടിയേക്കാളധികം ഓക്സിജൻ പ്രസരിപ്പിക്കുന്ന ഇവ മനുഷ്യരുടെ ആരോഗ്യ പരിരക്ഷക്ക് നൽകുന്ന സംഭാവന ഏറെ വലുതാണ്. ആവാസ വ്യവസ്ഥയുടെ സംരക്ഷണത്തിനും മണ്ണൊലിപ്പ് തടയാനും നീരൊഴുക്ക് ക്രമാനുഗതമാക്കാനും ശാസ്ത്രീയമായ മുളകൃഷി പ്രയോജനകരമാണന്നും കൃഷി ലാഭകരമാണെന്നും അബ്ദുറസാഖ് പറഞ്ഞു.
നടീൽ കഴിഞ്ഞ് നാലാം വർഷം മുതൽ തുടർച്ചയായി ആദായം നേടിത്തരുന്ന സസ്യമാണ് മുള. ഓരോ വർഷവും തുടർച്ചയായി വിളവെടുക്കാം. ഏതുതരം കാലാവസ്ഥയിലും നന്നായി വളരും. തൈകൾ നടുന്നിടത്ത് വെള്ളം കെട്ടിനിൽക്കരുത്. എന്നാൽ, വല്ലാതെ വരണ്ട സ്ഥലവും ആകരുത്. നീർവാർച്ചയുടെ കരുതൽ മാത്രമാണ് മുളകൃഷിയിൽ കാര്യമായി ശ്രദ്ധിക്കേണ്ടതെന്നും അബ്ദുറസാഖ് മുല്ലപ്പാട്ട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.