കേരള രാഷ്ട്രീയചരിത്രത്തിലെ അതിനിർണായകമായ നിയമസഭ തെരഞ്ഞെടുപ്പാണ് മൂന്നോ നാലോ മാസത്തിനുള്ളിൽ നടക്കാൻ പോകുന്നത്. സംസ്ഥാന രാഷ്ട്രീയത്തിെൻറ അലകും പിടിയും മാറ്റുന്ന ഒന്നായിരിക്കും അത് എന്നതിൽ സംശയമില്ല. ഭരണം നടത്തുന്ന എൽ.ഡി.എഫിനും പ്രതിപക്ഷത്തിരിക്കുന്ന യു.ഡി.എഫിനും അത് ജീവന്മരണ പോരാട്ടമാണ്; ബി.ജെ.പി നയിക്കുന്ന എൻ.ഡി.എക്ക് ഒരു പരീക്ഷണവും. കിട്ടുന്നതെന്തും അവർക്കു ബോണസാണ്. അവരുടെ നോട്ടം 2026ലേക്കാണ്. ഈ തെരഞ്ഞെടുപ്പിൽ ആരാണ് ജയിക്കുക എന്നതിനെ ആശ്രയിച്ചാണ് ബി.ജെ.പിയുടെ ഭാവി തീരുമാനിക്കപ്പെടുന്നതും.
പിണറായി സർക്കാർ മൂന്നു വർഷം പിന്നിട്ടപ്പോൾതന്നെ ഭരണത്തുടർച്ച എന്ന മുദ്രാവാക്യം സി.പി.എം എടുത്തിട്ടിരുന്നു. പശ്ചിമ ബംഗാളും ത്രിപുരയും കൈവിട്ടുപോയ രാജ്യത്ത് സി.പി.എമ്മിന് അവശേഷിക്കുന്ന തുരുത്താണ് കേരളം. അത് നിലനിർത്തേണ്ടത് അത്യന്താപേക്ഷിതമാണ്. അതിനാൽ, എന്തു വിലകൊടുത്തും ഭരണത്തുടർച്ച കൂടിയേ തീരൂ. മറുഭാഗത്ത്, യു.ഡി.എഫിെൻറ നിലനിൽപുതന്നെ അടുത്ത അഞ്ചുവർഷം സംസ്ഥാനം ഭരിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കെട്ടിപ്പൊക്കിയിരിക്കുന്നത്. ഭരണത്തിലെത്തിയില്ലെങ്കിൽ യു.ഡി.എഫ് ഇന്നത്തെ നിലയിൽ തുടർന്നും ഉണ്ടാകുമോ എന്നുപറയാൻ കഴിയില്ല.
ഇപ്പോൾതന്നെ ഓരോ നേതാവും ഓരോ പാർട്ടിയായി മാറിയ കോൺഗ്രസിൽ ഭരണമില്ലെങ്കിൽ അന്തശ്ഛിദ്രം കൂടും. സി.പി.എമ്മിലേക്കും ബി.ജെ.പിയിലേക്കും പോകാൻ പെട്ടിയെടുത്തിരിക്കുന്ന തലപ്പത്തും താഴത്തുമുള്ളവർ അവരുടെ തീരുമാനം വൈകാതെ നടപ്പാക്കിത്തുടങ്ങും. യു.ഡി.എഫിലെ രണ്ടാമത്തെ ഘടകകക്ഷിയായ മുസ്ലിംലീഗിന് ഭരണമില്ലായ്മ കൂടുതൽ പ്രതിസന്ധിയുണ്ടാക്കും. അഞ്ചു കൊല്ലംകൂടി വെയിലത്തിരിക്കാൻ ലീഗിനു കഴിയില്ല. ഭരണം പിടിക്കുക എളുപ്പമല്ലെന്നും സ്ഥിതിഗതികൾ അത്യന്തം സങ്കീർണമാണെന്നുമുള്ള തിരിച്ചറിവിലാണ് പി.കെ. കുഞ്ഞാലിക്കുട്ടിയെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ലീഗ് തീരുമാനിച്ചത്.
പാർട്ടിക്ക് അകത്തുനിന്ന്, പ്രത്യേകിച്ച് തങ്ങൾ കുടുംബത്തിൽ നിന്നുവരെ, വിമർശനമുണ്ടായെങ്കിലും കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വം ലീഗിന് അനിവാര്യമാണ്. നിലവിൽ പാർട്ടിയുടെ നിയമസഭകക്ഷി നേതാവായ എം.കെ. മുനീറിനെ മുൻനിർത്തി തെരഞ്ഞെടുപ്പ് നേരിടാനുള്ള ചങ്കുറപ്പ് ആ പാർട്ടിക്കില്ല. രാഷ്ട്രീയക്കളരിയിൽ തഴക്കവും പഴക്കവും മെയ്വഴക്കവും നയതന്ത്രജ്ഞതയുമുള്ള മറ്റൊരു നേതാവിനെ പകരംവെക്കാൻ ഇല്ലാതിരിക്കെ കുഞ്ഞാലിക്കുട്ടിയെ മുസ്ലിംലീഗ് തിരിച്ചുകൊണ്ടുവരുന്നതിൽ പ്രതിഷേധിച്ചിട്ടു കാര്യമില്ല. ആ പാർട്ടിയുടെ ആഭ്യന്തര കാര്യമാണത്. അതിജീവനത്തിെൻറ പ്രശ്നവുമാണ്.
അഞ്ചുവർഷം കൂടുമ്പോൾ ഭരണം മാറി ഇരുമുന്നണികൾക്കും അധികാരം കൈയാളാൻ അവസരം കിട്ടുന്നതിനാലാണ് കേരളത്തിലെ എൽ.ഡി.എഫും യു.ഡി.എഫും അടുത്ത കാലം വരെ വലിയ പരിക്കുകളൊന്നും കൂടാതെ അതേപടി തുടർന്നത്. ഇടക്ക് ചില പൊട്ടലും ചീറ്റലും വരുമ്പോൾ ചെറിയ പാർട്ടികളുടെ കൂറുമാറ്റം ഉണ്ടാകുന്നതല്ലാതെ വലിയ ഓളമൊന്നും മുന്നണിരാഷ്ട്രീയത്തിൽ സംഭവിച്ചിരുന്നില്ല.
എന്നാൽ, പിണറായി ഭരണത്തിൽ അതെല്ലാം മാറ്റിമറിക്കപ്പെട്ടു. ഭരണത്തുടർച്ചക്കുവേണ്ടി മുന്നണി വിപുലീകരിക്കുകയും എൽ.ഡി.എഫ് വിട്ടുപോയവരെ തിരിച്ചുകൊണ്ടുവരുകയും പ്രതിപക്ഷത്തുനിന്ന് കക്ഷികളെ അടർത്തിയെടുക്കുകയും ചെയ്തത് യു.ഡി.എഫിനെ ഉലയ്ക്കുകയും ദുർബലപ്പെടുത്തുകയും ചെയ്തു. മതേതരത്വം തെളിയിക്കാൻ കാൽ നൂറ്റാണ്ട് പുറത്തുനിർത്തിയ ഐ.എൻ.എല്ലിനെ ഇടതുമുന്നണിയിൽ എടുത്തത് ഈ കാലയളവിലാണ്.
ലോക്സഭ സീറ്റ് നിഷേധിച്ചതിെൻറ പേരിൽ യു.ഡി.എഫിലേക്ക് പോയ പഴയ ജെ.ഡി-യു, എസ്.ജെ.ഡി ആയിമാറി എൽ.ഡി.എഫിൽ തിരിച്ചെത്തി. യു.ഡി.എഫിലെ മൂന്നാം കക്ഷിയും ജനപിന്തുണയുള്ള പാർട്ടിയുമായ കേരള കോൺഗ്രസ് മാണിയെ എൽ.ഡി.എഫ് ചുവന്ന പരവതാനി വിരിച്ചു സ്വീകരിച്ചതും മുന്നണിയുടെ ശക്തി വർധിപ്പിച്ചു. ഇതോടെ ഇരുമുന്നണികളുടെയും ബലാബലത്തിൽ സാരമായ മാറ്റങ്ങളുണ്ടായി. ഒരു പരിധിവരെ അത് തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുകയും ചെയ്തു.
കെ.എം. മാണിയെ ബജറ്റ് വിൽപനക്കാരനും വീട്ടിൽ നോട്ടെണ്ണുന്ന യന്ത്രം സൂക്ഷിക്കുന്ന ആളുമായി ചിത്രീകരിച്ച സി.പി.എം, കേരള കോൺഗ്രസിനെ മുന്നണിയിൽ എടുക്കില്ലെന്നും ജോസ് കെ. മാണിക്ക് യു.ഡി.എഫിൽ തുടരുകയല്ലാതെ പോംവഴികളില്ലെന്നുമുള്ള കോൺഗ്രസ് നേതാക്കളുടെ വിവരക്കേടിെൻറ വിലയാണ് അവർക്കു കൊടുക്കേണ്ടിവന്നത്.
ജോസ് കെ. മാണിയെ അവർ അണ്ടർ എസ്റ്റിമേറ്റ് ചെയ്യുകയും ഒരുകാലത്ത് മാണിയുടെ നിഴൽ മാത്രമായിരുന്ന പി.ജെ. ജോസഫിനെ പെരുപ്പിച്ചു കാണുകയും ചെയ്തു. കേരള കോൺഗ്രസ് പോകുന്നതോടെ ഒഴിഞ്ഞുകിട്ടുന്ന സീറ്റുകളിൽ തങ്ങൾക്കു മത്സരിക്കാമെന്ന കോട്ടയത്തെ കോൺഗ്രസുകാരുടെ അതിമോഹംകൂടി ചേർന്നപ്പോൾ സംഗതി കുശാലായി.
ഉമ്മൻ ചാണ്ടി ഭരണത്തെ 2016ൽ എൽ. ഡി.എഫ് കടപുഴക്കിയത് ഉയർന്ന ഭൂരിപക്ഷത്തിനാണ് (91 -49). ലോക്സഭ തെരഞ്ഞെടുപ്പിനു ശേഷം അഞ്ചു നിയമസഭ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ അംഗബലം 93 ആയി. അതിനൊപ്പം കേരള കോൺഗ്രസിലെ അഞ്ചു പേർകൂടി ചേർന്നപ്പോൾ 98. ഒറ്റനോട്ടത്തിൽ ഏറെ സുരക്ഷിതമാണ് എൽ.ഡി.എഫ് എന്നു തോന്നാം. എന്നാൽ, ഇൗ കണക്കുകളൊന്നും കേരള രാഷ്ട്രീയത്തിൽ സ്ഥായിയല്ല. 91 സീറ്റ് നേടി ഭരണത്തിൽ വന്നവർ 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ ഒതുങ്ങി കടപുഴകിയത് സംസ്ഥാനം കണ്ടതാണ്.
പ്രതികൂലമായ ഒട്ടേറെ വിഷയങ്ങൾ ഉണ്ടായിട്ടും തദ്ദേശതെരഞ്ഞെടുപ്പിൽ മാന്യമായ വിജയം സി.പി.എം നേടിയതും മുന്നിലുണ്ട്. അതിനാൽ, ഒരു തെരഞ്ഞെടുപ്പിലെ വിജയം അടുത്തതിെൻറ അളവുകോലല്ല. അഴിമതിക്കെതിരെ പടവാളോങ്ങി അധികാരത്തിൽ വന്ന പിണറായി സർക്കാർ ബന്ധുനിയമനത്തിെൻറ പേരിൽ ഗവൺമെൻറിലെ രണ്ടാമനെ പുറത്തേക്കയച്ചപ്പോൾ നേടിയ കൈയടി കുറച്ചൊന്നുമല്ല. രണ്ടു പ്രളയകാലത്തെ അതിജീവിച്ചപ്പോൾ ഇതല്ലാതെ മറ്റേതു സർക്കാർ എന്ന പൊതുബോധം സംസ്ഥാനത്തു രൂപപ്പെട്ടു.
കോവിഡ് പ്രതിരോധത്തിെൻറ ആദ്യനാളുകളിൽ ഭരണത്തുടർച്ച ഉറപ്പായെന്ന് ചാനലുകൾ സർവേ നടത്തി പ്രവചിക്കുകവരെ ചെയ്തു. പ്രശസ്തിയുടെ കൊടുമുടിയിൽനിന്ന് പിന്നീട് സർക്കാർ കാലിടറി വീണത് സ്പ്രിംഗ്ലർ വിവാദത്തോടെയാണ്. തൊട്ടു പിന്നാലെ സ്വർണക്കടത്ത്, ലൈഫ് പദ്ധതിയിലെ കമീഷൻ, ഇ- മൊബിലിറ്റി, കെ.ഫോൺ, വിദേശ കൺസൽട്ടൻസികൾ, സ്വപ്ന സുരേഷിെൻറയും എം. ശിവശങ്കറിെൻറയും അറസ്റ്റ്, സി.എം. രവീന്ദ്രനെതിരെയുള്ള ഇ.ഡി അന്വേഷണം, മന്ത്രി ജലീലിനും സ്പീക്കർ ശ്രീരാമകൃഷ്ണനും എതിരായ ആരോപണങ്ങൾ, കൂനിന്മേൽ കുരുപോലെ മകെൻറ അറസ്റ്റിനെ തുടർന്ന് പാർട്ടി സെക്രട്ടറിയുടെ ഒഴിഞ്ഞുപോകലും. ഇതിെൻറയെല്ലാം നടുവിൽ കടുത്ത പ്രതിരോധത്തിലായ സി.പി.എമ്മും ഇടതുമുന്നണിയും തദ്ദേശതെരഞ്ഞെടുപ്പിൽ തകർന്നടിയുമെന്ന കണക്കുകൂട്ടൽ തകർത്ത് ഉയിർത്തെഴുന്നേറ്റത് ചെറിയ കാര്യമല്ല.
ഇടതുമുന്നണിയുടെ വിജയത്തിന് ഇരട്ടിമധുരത്തിെൻറ പ്രതീതി വന്നത് കണക്കുകൂട്ടലുകളെ പൊളിച്ചതുകൊണ്ടാണ്. സൂക്ഷ്മമായി വിലയിരുത്തുമ്പോൾ മുന്നണികൾ തമ്മിലെ വോട്ടുവ്യത്യാസത്തിൽ അത്രവലിയ വിടവില്ല. എന്നാൽ, മൊത്തം സീറ്റുകളിൽ എൽ.ഡി.എഫിനു വർധനവുണ്ടായി.
ജനക്ഷേമ പ്രവൃത്തികളും നാടിെൻറ വികസനവും ഒരളവുവരെ അതിനു കാരണമായിട്ടുണ്ട്. അതോടൊപ്പം ശ്രദ്ധേയമായ ഒരു വസ്തുത ന്യൂനപക്ഷ വോട്ടുകളിലെ വ്യതിയാനമാണ്. മുസ്ലിം- ക്രൈസ്തവ വോട്ടുകൾ കുത്തകയാണെന്നു ധരിച്ചുവെച്ച യു.ഡി.എഫിന് വലിയ തിരിച്ചടിയാണ് തദ്ദേശ തെരഞ്ഞെടുപ്പ് നൽകിയത്. ക്രൈസ്തവ വോട്ടർമാർ ഭൂരിപക്ഷമുള്ള ഇടങ്ങളിൽ മുമ്പില്ലാത്തവിധം ഇടതുപക്ഷത്തിന് വോട്ടും സീറ്റും ലഭിച്ചു. കേരള കോൺഗ്രസിന് ശക്തിയുള്ള മധ്യ തിരുവിതാംകൂർ മാത്രമല്ല, ഉത്തര കേരളത്തിലെ ക്രൈസ്തവ കേന്ദ്രങ്ങളിലും കോൺഗ്രസിന് തിരിച്ചടി നേരിട്ടു.
നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനും യു.ഡി.എഫിനും വിനയായി മാറുന്നത് ഈ സാമുദായിക പ്രതിഭാസമാണ്. സഭാതർക്കം തീർക്കുന്നതിന് മുൻകൈയെടുത്ത പ്രധാനമന്ത്രിയോട് ഓർത്തഡോക്സ് വിഭാഗവും മുഖ്യമന്ത്രിയോട് യാക്കോബായ വിഭാഗവും നന്ദി കാണിക്കുകയും പ്രത്യുപകാരം നൽകാൻ തീരുമാനിക്കുകയും ചെയ്താൽ കോൺഗ്രസിെൻറ കാര്യമാണ് കട്ടപ്പുകയാകുക.
അങ്ങനെ സംഭവിച്ചാൽ നിയമസഭ തെരഞ്ഞെടുപ്പ് അവർക്കൊരു അഗ്നിപരീക്ഷയാകും. ബി.ജെ.പിക്ക് വോട്ടുചെയ്യുന്നതിൽ വിമുഖതയില്ലെന്ന് ക്രൈസ്തവ വോട്ടർമാർ തദ്ദേശ തെരഞ്ഞെടുപ്പിൽ ചിലേടങ്ങളിൽ തെളിയിച്ചതാണ്. മുെമ്പാക്കെ രാഷ്ട്രീയമായി ഒരു ചേരിയിലായിരുന്ന ന്യൂനപക്ഷസമുദായങ്ങൾക്കിടയിൽ അകൽച്ച രൂപപ്പെട്ടിട്ടുണ്ട്.
അതുതീർക്കാൻ ഉമ്മൻ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും പാടുപെടുകയാണ്. അവർക്കതിനു കഴിയാതെപോയാൽ ഈ ലാസ്റ്റ് ബസ് കോൺഗ്രസിനു മിസ്സാകും. അതേ, ഇതു കോൺഗ്രസിെൻറ ലാസ്റ്റ് ബസ്തന്നെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.