എക്സ് 5 എസ്.യു.വിയുടെ പരിഷ്കരിച്ച പതിപ്പ് ഇന്ത്യയിൽ പുറത്തിറക്കി ബി.എം.ഡബ്ല്യു. 93.90 ലക്ഷം മുതൽ 1.07 കോടി രൂപ എക്സ്ഷോറൂം വിലയിലാണ് മുഖം മിനുക്കിയെത്തുന്ന സ്പോർട് യൂട്ടിലിറ്റി വാഹനം കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. എം സ്‌പോർട്ട്, എക്സ് ലൈൻ ട്രിമ്മുകൾക്കൊപ്പം വാഹനം ലഭ്യമാകും.
നിരവധി മാറ്റങ്ങളാണ് പുതിയ വാഹനത്തിന് വരുത്തിയിരിക്കുന്നത്. ഓപ്‌ഷണൽ ഇല്യൂമിനേറ്റഡ് ഗ്രില്ലുള്ള (X5 40i പെട്രോൾ വേരിയന്റിൽ മാത്രം) റീപ്രൊഫൈൽ ചെയ്ത ഫ്രണ്ട് ബമ്പർ, ആരോ ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകളോട് കൂടിയ എൽഇഡി ഹെഡ്‌ലാമ്പുകൾ, പുതിയ ഡിസൈനുള്ള 21 ഇഞ്ച് അലോയ് വീലുകൾ എന്നിവയാണ് പുറത്തെ പ്രധാന മാറ്റങ്ങൾ. പിന്നിലെ ഒരേയൊരു മാറ്റം പുനർരൂപകൽപ്പന ചെയ്ത ടെയിൽ-ലൈറ്റുകളാണ്.
ഉള്ളിലെ ഏറ്റവും വലിയ മാറ്റം 14.9 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനും 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഉൾക്കൊള്ളുന്ന പുതിയ ഇരട്ട സ്‌ക്രീൻ പാനലാണ്. ബിഎംഡബ്ല്യുവിന്റെ iDrive 8 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഇത് പ്രവർത്തിക്കുന്നത്. സമീപകാലത്ത് പല ബിഎംഡബ്ല്യു മോഡലുകളിലും കണ്ടുപരിചയിച്ച ഒരു ഗ്ലാസ് ടോഗിൾ സ്വിച്ചാണ് ഡ്രൈവ് സെലക്ടറായി അവതരിപ്പിച്ചിരിക്കുന്നത്. ഹാർമൺ കാർഡൺ മ്യൂസിക് സിസ്റ്റം, എം സ്‌പോർട്ട് ട്രിമ്മുകളിൽ ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, ആംബിയന്റ് ലൈറ്റിങ് എന്നിവയും അകത്തളത്തെ ഹൈലൈറ്റുകളാണ്.
എക്സ് ലൈൻ ട്രിമ്മുകൾക്ക് ഹീറ്റിങ് ഫംഗ്‌ഷനോടുകൂടിയ സ്‌പോർട് സീറ്റുകൾ ലഭിക്കും. അതേസമയം എം സ്‌പോർട്ടിന് വെന്റിലേഷനോടുകൂടിയ കംഫർട്ട് സീറ്റുകളാണ് ബിഎംഡബ്ല്യു ഒരുക്കിയിരിക്കുന്നത്. ക്രൂസ് കൺട്രോൾ, അറ്റന്റീവ്നസ് അസിസ്റ്റ്, 360-ഡിഗ്രി ക്യാമറയുള്ള പാർക്കിങ് അസിസ്റ്റ്, റിവേഴ്സ് അസിസ്റ്റ്, സ്മാർട്ട്ഫോൺ വഴിയുള്ള റിമോട്ട് പാർക്കിങ്, ഡ്രൈവ് റെക്കോർഡിങ് എന്നിവ ഉൾപ്പെടുന്ന ഡ്രൈവർ സഹായ സംവിധാനങ്ങളും ബിഎംഡബ്ല്യു X5 ഫെയ്‌സ്‌ലിഫ്റ്റ് വാഗ്ദാനം ചെയ്യുന്നു.
പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളോടെ വാഹനം ലഭ്യമാകും. രണ്ടിനും 48V മൈൽഡ്-ഹൈബ്രിഡ് സിസ്റ്റവും ലഭിക്കും. 3.0 ലിറ്റർ, സ്‌ട്രെയിറ്റ്-സിക്സ് പെട്രോൾ എഞ്ചിന് 381 bhp കരുത്തിൽ പരമാവധി 520 Nm ടോർക്ക് ഉത്പാദിപ്പിക്കാൻ കഴിയും. 3.0 ലിറ്റർ, സ്‌ട്രെയിറ്റ്-സിക്സ് ഡീസൽ എഞ്ചിന് 286 bhp പവറിൽ 650 Nm ടോർക്ക് വരെ നൽകാനാവും. രണ്ട് എഞ്ചിനുകളിലും 12 bhp, 200 Nm ടോർക് അധികമായി ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറും എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സും ലഭിക്കും.
പെട്രോൾ എഞ്ചിന് 5.4 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. ഡീസലിന് ഇതേ വേഗത കൈവരിക്കാൻ ഏകദേശം 6.1 സെക്കൻഡ് വേണം. വേരിയന്റ് തിരിച്ചുള്ള എക്സ്ഷോറൂം വിലയിലേക്ക് നോക്കിയാൽ xDrive 40i xLine പതിപ്പിന് 93.90 ലക്ഷം, xDrive 30d xLine മോഡലിന് 95.90 ലക്ഷം, xDrive 40i M Sport വേരിയന്റിന് 1.05 കോടി രൂപ, xDrive 30d M Sport ടോപ്പ് എൻഡിന് 1.07 കോടി രൂപ എന്നിങ്ങനെയാണ് വില വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.