കാരെൻസ് വാങ്ങാൻ കാരണങ്ങളേറെ

ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ മോട്ടോഴ്സ് ഇന്ത്യയിൽ അവതരിപ്പിച്ച നാലാമത്തെ മോഡൽ കാരെൻസ് എം.പി.വി വാങ്ങാൻ കാരണങ്ങളേറെയാണ്. ഇതുവരെ ബ്രാൻഡ് അവതരിപ്പിച്ച എല്ലാ വാഹനങ്ങളും വൻ ഹിറ്റായതു പോലെ കാരെൻസും വിൽപനയിൽ കുതിക്കുകയാണ്. നിരത്തിലിറങ്ങി ഏതാനും മാസങ്ങൾക്കുള്ളിൽ 50,000 ബുക്കിങ് സ്വന്തമാക്കിയ കാർ ആറു മാസത്തിനകം ഇന്ത്യയിൽ 30,953 യൂനിറ്റുകൾ വിറ്റഴിക്കുകയും ചെയ്തു. 2022 മാർച്ചിൽ സെൽറ്റോസിന് പിന്നിൽ കിയയുടെ ഏറ്റവും മികച്ച രണ്ടാമത്തെ വിൽപനയുള്ള മോഡലായിരുന്ന സോനെറ്റിനെയാണ് കാരെൻസ് ഓവർടേക്ക് ചെയ്തത്.


ഈ വർഷം ഫെബ്രുവരിയിലാണ് കാരെൻസ് ഇന്ത്യയിൽ വിൽപനക്കെത്തുന്നത്. 8.99 ലക്ഷം രൂപ മുതൽ 16.19 ലക്ഷം രൂപ വരെയുള്ള എക്സ്ഷോറൂം വില ജനപ്രീതി വർധിപ്പിച്ചു. ആർ.‌വി അഥവാ റെക്രിയേഷണൽ വെഹിക്കിൾ എന്നാണ് കിയ ഈ വാഹനത്തെ വിശേഷിപ്പിക്കുന്നത്. 7 സീറ്റ് കാറുകൾക്ക് ആവശ്യക്കാരേറുന്ന സാഹചര്യത്തിൽ കിയ എടുത്ത ചുവടുവെപ്പായിരുന്നു കാരെൻസ്. 6 സീറ്റർ ഓപ്ഷനിലും കാരെൻസ് ഒരുക്കിയിട്ടുണ്ട്.

ഡിസൈനിലും ഫീച്ചറുകളിലും പ്രായോഗികതയിലുമൊന്നും കിയ കാറുകൾ ഇന്ത്യക്കാരെ നിരാശപ്പെടുത്തിയിട്ടില്ല. പ്രീമിയം, പ്രസ്റ്റീജ്, പ്രസ്റ്റീജ് പ്ലസ്, ലക്ഷ്വറി, ലക്ഷ്വറി പ്ലസ് എന്നീ അഞ്ച് വേരിയന്റുകളിൽ കാരെൻസ് ലഭിക്കും. 113 ബി.എച്ച്.പി കരുത്തുള്ള 1.5 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ യൂനിറ്റ്, 113 ബി.എച്ച്.പിയിൽ 1.5 ലിറ്റർ ടർബോ-ഡീസൽ, 138 ബി.എച്ച്.പി കരുത്തുള്ള 1.4 ലിറ്റർ ടർബോ-പെട്രോൾ എന്നീ എൻജിൻ ഓപ്ഷനുകളിലാണ് കിയ കാരെൻസിനെ അണിനിരത്തിയിട്ടുള്ളത്. 6-സ്പീഡ് മാനുവൽ ഗിയർബോക്‌സ് മൂന്ന് യൂനിറ്റുകളിലും സ്റ്റാൻഡേർഡ് ആയാണ് നൽകിയിരിക്കുന്നത്.

ടർബോ പെട്രോൾ, ഡീസൽ എന്നിവ യഥാക്രമം 7-സ്പീഡ് ഡി.സി.ടി, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് യൂനിറ്റുകളുടെ ഓപ്ഷനും ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം. മാരുതി സുസുക്കി എർട്ടിഗ, എക്സ്.എൽ 6, മഹീന്ദ്ര മറാസോ എന്നിവയോട് മാറ്റുരക്കുന്ന കാരെൻസ് ടൊയോട്ട ഇന്നോവ ക്രിസ്റ്റ, എം.ജി ഹെക്‌ടർ പ്ലസ്, ടാറ്റ സഫാരി, ഹ്യുണ്ടായ് അൽകസാർ തുടങ്ങിയ വമ്പന്മാരുമായും മത്സരിക്കാൻ പ്രാപ്‌തമാണ്.

ഇന്റീരിയറിൽ ആൻഡ്രോയിഡ് ഓട്ടോ, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, ഫുൾ-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, സിംഗിൾ-പേൻ സൺറൂഫ്, 64 കളർ ആംബിയന്റ് ലൈറ്റിങ്, എയർ പ്യൂരിഫയർ, കണക്റ്റഡ് കാർ ടെക്, എൽ.ഇ.ഡി ഹെഡ്‌ലാമ്പുകൾ എന്നിവയെല്ലാം കിയ ഇന്ത്യ നൽകുന്നുണ്ട്.

സുരക്ഷക്കായി ആറ് എയർബാഗുകൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഓൾ-വീൽ ഡിസ്‌ക് ബ്രേക്കുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ടയർ പ്രഷർ മോണിറ്റർ സിസ്റ്റം, ഡൗൺഹിൽ ബ്രേക്ക് കൺട്രോൾ, വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്‌മെന്റ് എന്നീ സജ്ജീകരണങ്ങളുമുണ്ട്. 

Tags:    
News Summary - There are many reasons to buy Carens

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.