യുവാക്കളെ ലക്ഷ്യമിട്ട് സൂം; ഫീച്ചറുകളാൽ സമ്പന്നമായ പുതിയ സ്കൂട്ടർ അവതരിപ്പിച്ച് ഹീറോ

യുവാക്കളെ ലക്ഷ്യമിട്ട് സൂം; ഫീച്ചറുകളാൽ സമ്പന്നമായ പുതിയ സ്കൂട്ടർ അവതരിപ്പിച്ച് ഹീറോ

കാലങ്ങളായി ഇന്ത്യൻ സ്കൂട്ടർ വിപണി അടക്കിഭരിക്കുന്നത് ഹോണ്ടയും അവരുടെ ചില മോഡലുകളുമാണ്. പഴയ ചങ്ങാതിയായ ഹീറോ കിണഞ്ഞുശ്രമിച്ചിട്ടും എൻട്രി ലെവൽ സ്കൂട്ടർ വിപണി ഹോണ്ടയ്ക്കുമുന്നിൽ തലകുനിച്ചുതന്നെ നിൽക്കുകയാണ്. ഹോണ്ട ആക്ടീവ, ഡിയോ എന്നീ മോഡലുകളാണ് ഇന്നും ഇന്ത്യയിലെ ബെസ്റ്റ് സെല്ലറുകൾ. പ്ലഷർ, മൈസ്ട്രോ എഡ്ജ് തുടങ്ങിയ മോഡലുകൾ ഇറക്കി വിപണി പിടിക്കാൻ ​ശ്രമിച്ചെങ്കിലും വിജയിക്കാൻ ഹീറോയ്ക്ക് കഴിഞ്ഞിരുന്നില്ല. ഇതിന് പരിഹാരമായി പുതിയൊരു 110 സി.സി സ്കൂട്ടർ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി ഇപ്പോൾ. സൂം എന്നാണ് സ്കൂട്ടറിന് പേര് നൽകിയിരിക്കുന്നത്.

ഡിസൈൻ

യുവാക്കളെ ലക്ഷ്യമിട്ടാണ് ഹീറോ സൂം അവതരിപ്പിച്ചിരിക്കുന്നത്. സ്​പോർട്ടി ഡിസൈനുള്ള വാഹനമാണിത്. കോളജ് വിദ്യാർഥികൾക്കും യുവാക്കൾക്കും ഇണങ്ങുന്ന വിധം സ്​ൈറ്റലിഷായാണ് വണ്ടി രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഒറ്റ നോട്ടത്തിൽ ഹീറോയുടെ വിദ വി 1 സ്കൂട്ടറുമായി ഡിസൈനിൽ സാമ്യം തോന്നാം. ഷാര്‍പ്പായ ബോഡി പാനലുകളും, തനത് ശൈലിയില്‍ നിന്ന് വ്യത്യസ്തമായ ഹെഡ്‌ലാമ്പുകളും ഉള്‍പ്പെടെ തികച്ചും ആധുനികമാണ് വാഹനം.

സൂമിന് 1,881 മില്ലീമീറ്റർ നീളവും 731 മില്ലീമീറ്റർ വീതിയും 1,118 മില്ലീമീറ്റർ ഉയരവുമുണ്ട്. വീൽബേസ് 1,300 മില്ലീമീറ്ററാണ്. 155 മീറ്റർ ഗ്രൗണ്ട് ക്ലിയറൻസുമുണ്ട്. 5.2 ലിറ്റർ ആണ് ഫ്യുവൽ ടാങ്ക് ശേഷി.


ഫീച്ചറുകൾ

എച്ച് ആകൃതിയിലുള്ള എൽ.ഇ.ഡി ഹെഡ്‌ലൈറ്റ് മനോഹരമാണ്. സൂമിന്റെ പൊസിഷൻ ലാമ്പ്, സ്‌കൂട്ടറിന്റെ സ്‌പോർടി ഡിസൈനുമായി നന്നായി യോജിക്കുന്നുണ്ട്. ടേൺ ഇൻഡിക്കേറ്ററുകൾ ഹാൻഡിൽബാറിൽ നൽകിയതും വേറിട്ട ഡിസൈനാണ്. മറ്റ് 110 സിസി സ്കൂട്ടറുകളിൽ നിന്ന് സൂമിനെ വേറിട്ടുനിർത്തുന്നത് കോർണറിങ് ലൈറ്റുകളാണ്. ഫ്ലോർബോർഡ് വരെ നീളുന്ന ചാരനിറത്തിലുള്ള ഫെൻഡറുകളുടെ അരികുകളിൽ സ്ഥാപിച്ചിരിക്കുന്ന ഈ ലൈറ്റുകൾ വാഹനം ഒരു വശത്തേക്ക് തിരിയുമ്പോൾ സ്വയം പ്രകാശിക്കുന്നു. ഇത് രാത്രിയിലും വെളിച്ചം കുറവുള്ള സാഹചര്യങ്ങളിലും ഏറെ പ്രയോജനകരമായ ഫീച്ചറാണ്.

പ്രീമിയം ബൈക്കുകളിൽ മാത്രം കണ്ടുവന്നിരുന്ന കോർണറിങ് ലാമ്പുകൾ സൂമിന്റെ ഉയർന്ന വേരിയന്റിൽ മാത്രമേ ലഭിക്കൂ. സിംഗിൾ-പീസ് ഗ്രാബ് ഹാൻഡിലാണ് സ്കൂട്ടറിന്. പിന്നിലും എച്ച് ആകൃതിയിലുള്ള ടെയിൽലൈറ്റാണ് കാണാനാവുന്നത്. ഇൻഡിക്കേറ്ററുകൾ അതിന് താഴെയായി നൽകിയിരിക്കുന്നു. വീതിയേറിയ പിൻ ടയർ സൂമിന്റെ സ്പോർട്ടിനെസ് ഉയർത്തുന്നു. സീറ്റും വിശാലമാണ്.

പൂർണമായും ഡിജിറ്റലായ ബ്ലൂടൂത്ത് കണക്ടിവിറ്റിയുള്ള ഡിസ്‌പ്ലേയാണ് അടുത്ത ശ്രദ്ധാകേന്ദ്രം സ്പീഡ്, മൈലേജ്, സമയം, ഫ്യുവൽഗേജ് തുടങ്ങി എല്ലാ വിവരങ്ങളും ഇവിടെ അറിയാം. ഡിസ്‌പ്ലേയെ ഫോണുമായി കണക്റ്റ് ചെയ്യാനുമാകും. മിസ്‌ഡ് കോളുകൾ, ഇൻകമിങ് മെസേജുകൾ, ഫോൺ ബാറ്ററി നില എന്നിവയെകുറിച്ചും ഡിസ്‌പ്ലേ റൈഡർമാർക്ക് വിവരം നൽകും.


എഞ്ചിൻ

പ്ലഷർ, മൈസ്ട്രോ എന്നിവയില്‍ ഉപയോഗിച്ചിരിക്കുന്ന 110.9 സിസി ഫ്യൂവൽ ഇഞ്ചക്ടഡ്, സിംഗിൾ സിലിണ്ടർ എഞ്ചിൻ തന്നെയാണ് പുതിയ സൂമിനും നലകിയിരിക്കുന്നത്. ഇത് 7,250 rpm-ൽ 8.05 bhp കരുത്തും 5,750 rpm-ൽ 8.70 Nm ടോർക്കും ഉത്പാദിപ്പിക്കും. ഹീറോയുടെ പേറ്റന്റ് നേടിയ i3S സ്റ്റാർട്ട്-സ്റ്റോപ്പ് സാങ്കേതികവിദ്യയും മോഡലിനെ കൂടുതൽ കാര്യക്ഷമമാക്കുന്നുണ്ട്.

സി.വി.ടി ഓട്ടോമാറ്റിക് ഗിയർബോക്സാണ് സ്കൂട്ടറിൽ. മുന്നിൽ ടെലിസ്‌കോപിക് ഫോർക്കും പിന്നിൽ മോണോഷോക്കുമാണ് സസ്​പെൻഷനായി കമ്പനി ഘടിപ്പിച്ചിരിക്കുന്നത്. ഇവ കൂടുതല്‍ യാത്രാസുഖം വാഗ്ദാനം ചെയ്യുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. VX, ZX വേരിയന്റുകളില്‍ 100/80 12 വീതിയേറിയ പിന്‍ ടയര്‍ ലഭിക്കുമ്പോള്‍ LX വേരിയന്റിന് 90/90 12 ആണ് ടയര്‍ സൈസ്.

മാറ്റ് അബ്രാക്സ് ഓറഞ്ച്, ബ്ലാക്ക്, സ്പോർട്സ് റെഡ്, പോൾസ്റ്റാർ ബ്ലൂ, പേൾ സിൽവർ വൈറ്റ് എന്നിങ്ങനെ അഞ്ച് നിറങ്ങളിൽ പുത്തൻ സ്‌കൂട്ടർ വാങ്ങാം. 68,599, 71,79, 76,699 എന്നിങ്ങനെയാണ് വിവിധ വേരിയന്റുകളുടെ വില. ഫെബ്രുവരി ഒന്നുമുതൽ സ്കൂട്ടറിന്റെ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. 

Tags:    
News Summary - Hero Xoom: things to know - price, features and more

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.