അതിവേഗം പോകാനൊരു വണ്ടി. ആരാധകരുടെ ആഗ്രഹം അറിഞ്ഞാണ് നമ്മുടെ മാരുതി സുസുക്കി സാക്ഷാൽ സ്വിഫ്റ്റിനെ ഇന്ത്യയിലെത്തിച്ചത്. അന്താരാഷ്ട്ര വിപണിയിൽ സൂപ്പർമിനി വിഭാഗത്തിൽപെടുത്തി പല പേരുകളിൽ വിറ്റിരുന്ന ഈ വണ്ടി വലിയ വേഗത്തിലൊന്നും പോകുന്നതല്ലെങ്കിലും വിൽപ്പന കണ്ണഞ്ചിപ്പിച്ച് കുതിച്ചു. ഡീസലും പെട്രോളും ഒഴിക്കുന്ന സ്വിഫ്റ്റുകൾ റോഡുകളിൽ നിറഞ്ഞു. എതിരാളികൾ പുതിയ വെല്ലുവിളികളുമായി എത്തുമ്പോഴൊക്കെ പുതിയ സ്വിഫ്റ്റുകളിറക്കി മാരുതി മന്ദഹസിച്ചു.
റോക്കറ്റ് വിടുമ്പോഴും മൈലേജ് അന്വേഷിക്കുന്നവരുടെ നാട്ടിൽ പെർഫോമൻസിനെക്കാൾ പ്രാധാന്യം ഇന്ധനക്ഷമതക്കാണെന്ന് മാരുതിക്ക് നന്നായി അറിയാം. ഓരോ തവണ പുതുക്കുമ്പോഴും മൈലേജ് പരമാവധി വർധിപ്പിക്കാൻ അവർ ശ്രമിക്കാറുണ്ട്. ഏറ്റവുമൊടുവിൽ ഇറങ്ങിയിരിക്കുന്ന നാലാംതലമുറ സ്വിഫ്റ്റിൽ മൈലേജിന്‍റെ ആറാട്ടാണ്. ഇന്ത്യയിലല്ല ലോകത്തു തന്നെ ഏറ്റവും കൂടുതൽ വിൽക്കാൻ പാകത്തിനാണ് പുതിയ സ്വിഫ്റ്റ് എത്തുന്നത്.
കഴിഞ്ഞ വർഷം അവസാനം ടോക്യോ മോട്ടോർ ഷോയിൽ അവതരിപ്പിച്ചതു മുതൽ ഇവൻ ഇന്ത്യയിലെത്തുന്നത് കാത്തിരിക്കുകയായിരുന്നു സ്വിഫ്റ്റ് പ്രേമികൾ. ജപ്പാനിലും യൂറോപ്പിലും നേരത്തെ എത്തിയതു കൊണ്ട് വലിയ ജിജ്ഞാസയൊന്നും ഇല്ലെന്നുമാത്രം. കുറച്ചു നീളം കൂടിയതും പിന്നിലെ വാതിലിന്‍റെ പിടികൾ സി പില്ലറിൽ നിന്ന് വാതിലിലേക്ക് ഇറങ്ങി വന്നതുമാണ് പുറമെയുള്ള കാര്യമായ മാറ്റം.
88 ബിഎച്ച്പി പവറും 113 എൻ.എം ടോർക്കുമുണ്ടായിരുന്ന നാലു സിലിണ്ടർ കെ12സി എഞ്ചിൻ മാറ്റി പകരം മൂന്ന് സിലിണ്ടർ എഞ്ചിൻ വച്ചതാണ് ഉള്ളിലുള്ള മാറ്റം. ഈ എഞ്ചിന് 80 ബിഎച്ച്പിയും 111.7 എൻഎമ്മും നൽകാനുള്ള ശേഷിയെയുള്ളൂ. വഴികളൊക്കെ അന്താരാഷ്ട്ര നിലവാരത്തിലായതിനാൽ വലിയ ബുദ്ധിമുട്ടൊന്നും ഇതുകൊണ്ട് ഉണ്ടാകാൻ സാധ്യതയില്ല. പക്ഷേ, ഒരു ലിറ്റർ പെട്രോൾ ഒഴിച്ച് മര്യാദക്ക് ഓടിച്ചാൽ ഏതാണ്ട് 25 കിലോമീറ്റർ മൈലേജ് കിട്ടുമെന്നതിൽ ആഹ്ലാദിക്കാനുള്ള വകയുണ്ട്.
ഹ്യൂണ്ടായ് എക്സ്റ്റർ, ഗ്രാന്‍റ് ഐടെൻ, ടാറ്റ പഞ്ച് തുടങ്ങിയവക്കൊന്നും വലിയ സന്തോഷം കണ്ടേക്കില്ല. പുതിയ സ്വിഫ്റ്റിന്റെ ബുക്കിങ് തുടങ്ങിയെങ്കിലും ഔദ്യോഗികമായി മെയ് ഒമ്പതിനായിരിക്കും പ്രത്യക്ഷപ്പെടുക. വില 6.50 ലക്ഷം മുതൽ 10 ലക്ഷം വരെയായേക്കുമെന്നാണ് സൂചനകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.