മാരുതി സുസുകി, ടൊയോട്ട കൂട്ടുകെട്ടിൽ പുതിയൊരു വാഹനംകൂടി നിരത്തിൽ. ഇത്തവണ മാരുതിയാണ് പുതിയ മോഡൽ പുറത്തിറക്കിയിരിക്കുന്നത്. ഇൻവിക്ടോ എന്നാണ് ഈ എം.പി.വിയുടെ പേര്. ടൊയോട്ട ഹൈക്രോസിന്‍റെ മാരുതി വെർഷനാണ് ഇൻവിക്ടോ. പുതിയ അവതരണത്തോടെ ഇനി ഫോർച്യൂണറും മാരുതി സ്വന്തം പേരിൽ ഇറക്കുമോ എന്ന ആകാംഷ മാരുതി ആരാധകരിൽ ഉടലെടുത്തിട്ടുണ്ട്.
24.79 ലക്ഷം രൂപയാണ് ഇൻവിക്ടോക്ക് മാരുതി നിശ്ചയിച്ചിരിക്കുന്ന എക്സ്ഷോറൂം വില. ടോപ്പ് എൻഡ് വേരിയന്റിനായി 28.42 ലക്ഷം രൂപയാണ് മുടക്കേണ്ടി വരിക. സീറ്റ പ്ലസ് 7 സീറ്റർ, സീറ്റ പ്ലസ് 8 സീറ്റർ, ആൽഫ പ്ലസ് 7 സീറ്റർ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ ഇൻവിക്റ്റോ ലഭ്യമാകും.
ഗ്രാൻഡ് വിറ്റാര, ഹൈറൈഡർ എന്നിവ പോലെ ടൊയോട്ടയുടെ ബിദാദി പ്ലാന്റിലാവും മാരുതി ഇൻവിക്റ്റോ നിർമിക്കുക. മാരുതി സുസുwoയുടെ നെക്‌സ ഡീലർഷിപ്പിലെ എട്ടാമത്തെ ഉൽപ്പന്നമാണ് പുതിയ റീബാഡ്‌ജ്‌ഡ് എംപിവി. ഇനി മുതൽ ബ്രാൻഡിന്റെ ഫ്ലാഗ്ഷിപ്പ് വാഹനമായും ഇൻവിക്റ്റോ അറിയപ്പെടും.
എക്സ്റ്റീരിയർ
ഇൻവിക്റ്റോയ്ക്ക് 4,755 മില്ലീമീറ്റർ നീളവും 1,850 മില്ലീമീറ്റർ വീതിയും 1,795 മില്ലീമീറ്റർ ഉയരവും 2,850 മില്ലീമീറ്റർ വീൽബേസുമാണുള്ളത്. ചില്ലറ പരിഷ്ക്കാരങ്ങൾ മാത്രമാണ് ടൊയോട്ട ഹൈക്രോസിൽ നിന്ന് ഇൻവിക്ടോയിലെത്തുമ്പോൾ വരുത്തിയിരിക്കുന്നത്. അടിസ്ഥാനപരമായ രൂപം ഒന്നാണെങ്കിലും നെക്സയുടെ മറ്റു വാഹനങ്ങളിൽ കാണുന്ന ശൈലി പിന്തുടരാൻ മാരുതി സുസുകി ശ്രമിച്ചിട്ടുണ്ട്. വ്യത്യസ്തമായ ഗ്രില്ലും മെഷ് പാറ്റേണും പുതുമയാണ്. ഹെഡ്‌ലൈറ്റുകളിലേക്ക് നീളുന്ന കട്ടിയുള്ളതും തിരശ്ചീനവുമായ ക്രോം സ്ലാറ്റുകളും നെക്‌സ കാറുകൾക്ക് സമാനമാണ്.
നെക്‌സയുടെ മൂന്ന്-ബ്ലോക്ക് സിഗ്നേച്ചർ ഡേടൈം റണ്ണിങ് ലാമ്പുകളാണ് ഹെഡ്‌ലൈറ്റുകളുടെ സവിശേഷതയായി എടുത്തു പറയേണ്ടത്. വ്യത്യസ്തമായി രൂപകൽപ്പന ചെയ്ത ഫ്രണ്ട് ബമ്പറും ഫോക്സ് സ്കിഡ് പ്ലേറ്റുകളും ഹൈക്രോസിൽ നിന്ന് വാഹനത്തിനെ വേറിട്ടു നിർത്തുന്നു. വശക്കാഴ്ച്ചയിലേക്ക് വരുമ്പോൾ 17 ഇഞ്ച് അലോയ് വീലുകളുടെ ഡിസൈനും ടൊയോട്ട ഹൈക്രോസിൽ നിന്നും ഏറെ പുതുമയോടെ നിലനിർത്താൻ മാരുതിക്കായിട്ടുണ്ട്.ഇൻവിക്റ്റോയുടെ ടെയിൽ ലൈറ്റുകളും നെക്സയുടെ ത്രീ-ബ്ലോക്ക് ഡിസൈൻ പിൻതുടരുന്നുണ്ട്. ബാക്കിയെല്ലാം ടൊയോട്ട എംപിവിയിൽ നിന്നും അതേപടി പകർതിയതാണ്.
ഇന്‍റീരിയർ
ടൊയോട്ട ഇന്നോവ ഹൈക്രോസിൽ കാണുന്ന സിൽവർ ആക്‌സന്റുകളോട് കൂടിയ ഡ്യുവൽ-ടോൺ ബ്ലാക്ക് ആൻഡ് ബ്രൗൺ തീം ഒഴിവാക്കി ഷാംപെയ്ൻ ഗോൾഡ് ആക്‌സന്റുകളോട് കൂടിയ ബ്ലാക്ക് തീമിലാണ് ഇൻവിക്റ്റോയുടെ ഇന്‍റീരിയർ ഒരുക്കിയിരിക്കുന്നത്. മറ്റ് ഘടകങ്ങളെല്ലാം ഹൈക്രോസിന് സമാനമാണ്. ഫീച്ചറുകളുടെ കാര്യത്തിൽ വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുള്ള 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, 50-ലധികം കണക്റ്റഡ് ഫീച്ചറുകൾ, 360 ഡിഗ്രി ക്യാമറ, റൂഫ് ആംബിയന്റ് ലൈറ്റിംഗുള്ള പനോരമിക് സൺറൂഫ്, പവർഡ് ഡ്രൈവർ സീറ്റ്, പവർഡ് ടെയിൽ ഗേറ്റ്, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകളും കപ്പ് ഹോൾഡറുകളും, 7 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയെല്ലാം ലഭിക്കും. 239 ലിറ്ററിന്റെ ബൂട്ട് സ്പേസാണുള്ളതെങ്കിലും മൂന്നാമത്തെ വരി മടക്കിവെച്ചുകൊണ്ട് ഇത് 690 ലിറ്റർ വരെ വികസിപ്പിക്കാം.
എഞ്ചിൻ
സ്ട്രോംഗ് ഹൈബ്രിഡ് സംവിധാനമുള്ള 2.0 ലിറ്റർ, ഫോർ സിലിണ്ടർ എഞ്ചിനാണ് മാരുതി ഇൻവിക്റ്റോയ്ക്ക് തുടിപ്പേകുന്നത്. ഇലക്ട്രിക് മോട്ടോറുമായി പ്രവർത്തിച്ച് ഇത് പരമാവധി 184 bhp കരുത്ത് വരെ നൽകാൻ പ്രാപ്‌തമാണ്. ഒരു e-CVT ട്രാൻസ്‌മിഷൻ ഓപ്ഷൻ മാത്രമാണ് ഇൻവിക്റ്റോയ്ക്ക് ലഭിക്കുന്നത്. 9.5 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കും. ഈ പ്രീമിയം എംപിവിക്ക് കമ്പനി അവസാശപ്പെടുന്ന മൈലേജ് 23.24 കിലോമീറ്ററാണ്. സ്ട്രോങ് ഹൈബ്രിഡ് ആയതിനാൽ എംപിവി ഒരു ഇലക്ട്രിക്-ഒൺലി മോഡും വാഗ്ദാനം ചെയ്യുന്നുണ്ട്.
സുരക്ഷ
ആറ് എയർബാഗുകൾ, എബിഎസ്, ഇലക്ട്രോണിക് പാർക്കിങ് ബ്രേക്ക്, സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് എന്നിങ്ങനെയുള്ള സുരക്ഷാ സന്നാഹങ്ങളാണ് എംപിവിയിൽ ലഭിക്കുക. ഇന്നോവ ഹൈക്രോസിലുള്ള എഡാസ് ഫീച്ചറുകൾ ഇല്ലാതെയായിരിക്കും മാരുതി പതിപ്പ് വിപണിയിലെത്തുക. നെക്‌സ ബ്ലൂ, മജസ്റ്റിക് സില്‍വര്‍, സ്‌റ്റെല്ലര്‍ ബ്രൗണ്‍, മിസ്റ്റിക് വൈറ്റ് എന്നിവയാണ് കളര്‍ ഓപ്ഷനുകള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.