തിരൂർ (മലപ്പുറം): ബിറ്റ്കോയിെൻറ (ഡിജിറ്റൽ കറൻസി) പേരില്‍ മറ്റൊരു കമ്പനിയും കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയതായി പരാതി. ബി.ടി.സി ബിറ്റ്സ് മാതൃകയില്‍ ആരംഭിച്ച ബി.ടി.സി സ്പാര്‍ എന്ന കമ്പനിയാണ് ബിറ്റ്കോയിെൻറ (ക്രിപ്റ്റോ കറന്‍സി) പേരില്‍ മലയാളികളില്‍നിന്ന് മാത്രം കോടികള്‍ തട്ടിപ്പ് നടത്തിയത്. ബിറ്റ്കോയിന് ഇടപാടിലെ തര്‍ക്കത്തെത്തുടര്‍ന്ന് ബി.ടി.സി ബിറ്റ്സ്, ബിറ്റ് ജെക്സ് കമ്പനികളുടെ സി.ഇ.ഒ ആയിരുന്ന പെരിന്തല്‍മണ്ണ പുലാമന്തോള്‍ സ്വദേശി അബ്ദുൽ ഷുക്കൂർ കഴിഞ്ഞദിവസം കൊല്ലപ്പെട്ടിരുന്നു.
ഷുക്കൂറിെൻറ കൊലപാതകത്തോടെ ബിറ്റ്കോയിെൻറ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ മറ്റ് കമ്പനികള്‍ക്കെതിരെയും അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമായി. സ്പാറിെൻറ അമരത്തും പെരിന്തല്‍മണ്ണ സ്വദേശിയാണെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 10 പേർ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായി ബിറ്റ്സ് മാതൃകയില്‍ ഏകദേശം ഒരുവര്‍ഷം മുമ്പാണ് ‘സ്പാർ’ ആരംഭിച്ചത്. ബിറ്റ്സ് സി.ഇ.ഒയുടെ അനുയായികളായിരുന്ന ഇവര്‍ കഴിഞ്ഞ ആഗസ്റ്റിലാണ് കമ്പനിക്ക് തുടക്കമിട്ടത്. ബിറ്റ്സ് മാതൃകയിലായിരുന്നു പ്രവര്‍ത്തനം.
പതിനായിരം മുതല്‍ ലക്ഷങ്ങള്‍ വരെ നിക്ഷേപിക്കുന്നവര്‍ക്ക് ഒരുവര്‍ഷം കൊണ്ട് മൂന്നിരട്ടി ലാഭം വാഗ്ദാനം ചെയ്താണ് നിക്ഷേപകരെ ആകര്‍ഷിച്ചിരുന്നത്. മണി ട്രേഡിങ്ങിലൂടെ ആഴ്ചയില്‍ അഞ്ചുദിവസം നിക്ഷേപകര്‍ക്കുള്ള കമ്പനി അക്കൗണ്ടിലേക്ക് ഡിജിറ്റല്‍ പണമായി വരുമാനമെത്തും. പിന്നീട് ബ്ലോക്ക് ചെയിന്‍ ആപ് ഉപയോഗിച്ച് ഡോളര്‍, ഇന്ത്യന്‍ രൂപയിലേക്ക് മാറ്റാന്‍ കഴിയുമെന്നായിരുന്നു വാഗ്ദാനം. ഏതാണ്ട് നാലു മാസത്തോളം കമ്പനി പറഞ്ഞ രീതിയിലായിരുന്നു പ്രവര്‍ത്തനം. എന്നാല്‍, കഴിഞ്ഞ ഡിസംബറോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്.
ബിറ്റ്കോയിെൻറ മൂല്യം കുത്തനെ താഴ്ന്നെന്നും കമ്പനിയുടെ മുന്നോട്ടുപോക്കിനെ ബാധിച്ചെന്നും ‘സ്പാര്‍’ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ ലീഡേഴ്സിനെയും നിക്ഷേപകരെയും അറിയിച്ചു. 10,000 ഡോളറിന് മുകളില്‍ വിലയുണ്ടായിരുന്ന ബിറ്റ്കോയിൻ 3000 ഡോളറിലേക്ക് ഡിസംബറോടെ കൂപ്പുകുത്തി. ഈ സമയത്താണ് ബിറ്റ്സിനു പിറകെ ഷുക്കൂര്‍ പുതുതായി ആരംഭിച്ച ബിറ്റ് ജെക്സിലും പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. ഇതോടെ നിക്ഷേപകര്‍ക്ക് ഡിജിറ്റല്‍ പണം (നിക്ഷേപകരോട് ഡോളര്‍ എന്നാണ് പറഞ്ഞിരുന്നത്) ഇന്ത്യന്‍ രൂപയിലേക്ക് മാറ്റാനായില്ല. പണം ചോദിച്ച് നിക്ഷേപകരും ലീഡേഴ്സും ബന്ധപ്പെട്ടതോടെ ‘സ്പാർ’ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ വിദേശത്തേക്കും മറ്റുമായി മുങ്ങി.
ബിറ്റ്കോയിെൻറ മൂല്യം പഴയ സ്ഥിതിയിലേക്ക് വന്നിട്ടും പണം ലഭിക്കാതെ വന്നതോടെയാണ് വഞ്ചിതരായത് നിക്ഷേപകര്‍ തിരിച്ചറിഞ്ഞത്. പണം തിരിച്ചുനല്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളില്‍നിന്നെല്ലാം ഡയറക്ടര്‍മാര്‍ ഒഴിഞ്ഞുമാറിയതായും നിക്ഷേപകര്‍ ആരോപിച്ചു. തിരുവനന്തപുരം, മലപ്പുറം ജില്ലകളിലെ 10 പൊലീസ് സ്റ്റേഷനുകളില്‍ മാസങ്ങള്‍ക്കുമുമ്പ് തട്ടിപ്പിനെക്കുറിച്ച് പരാതി നല്‍കിയിരുന്നെങ്കിലും അന്വേഷണമുണ്ടായില്ല. തട്ടിപ്പിനെക്കുറിച്ച് രണ്ടുമാസം മുമ്പ് ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു.
ആദ്യം മുങ്ങിയത് ബി.ടി.സി ഗ്ലോബല്‍
ബിറ്റ്കോയിെൻറ പേരില്‍ ചുരുങ്ങിയ മാസംകൊണ്ട് കേരളത്തില്‍നിന്ന് കോടികളുണ്ടാക്കി ആദ്യം മുങ്ങിയത് ബി.ടി.സി ഗ്ലോബല്‍ എന്ന കമ്പനിയായിരുന്നു. ഗ്ലോബലിെൻറ തട്ടിപ്പിനു പിന്നിലെ യഥാര്‍ഥ കണ്ണിയെക്കുറിച്ച് നിക്ഷേപകര്‍ക്കുപോലും ഇപ്പോഴും വ്യക്തമായ ധാരണയില്ല. ഷുക്കൂറിെൻറ കൊലപാതകത്തോടൊപ്പം ബി.ടി.സി ഗ്ലോബൽ, ബി.ടി.സി സ്പാര്‍ കമ്പനികളെക്കുറിച്ചും അന്വേഷണം നടത്തി നടപടി സ്വീകരിച്ചാലേ തട്ടിപ്പിനു പിന്നിലെ യഥാര്‍ഥ അണിയറക്കാരെ വ്യക്തമാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.