ദുബൈ: നവലോകത്ത് പുത്തൻ അറിവുകളുടെയും അവസരങ്ങളുടെയും അനന്ത സാധ്യതകൾ പങ്കുവെച്ച് ‘ഗൾഫ് മാധ്യമം’ സംഘടിപ്പിക്കുന്ന എജുകഫേ ഒമ്പതാം സീസണിന് ദുബൈയിൽ പ്രൗഢമായ തുടക്കം. ദുബൈ മുഹൈസിനയിലെ ഇത്തിസലാത്ത് അക്കാദമിയിലാണ് ഗൾഫ് മേഖലയിലെ ഏറ്റവും വലിയ ഇന്ത്യൻ വിദ്യാഭ്യാസ-കരിയർ മേളക്ക് ബുധനാഴ്ച സമാരംഭം കുറിച്ചത്. രാജ്യത്തിനകത്തും പുറത്തുമുള്ള 50ഓളം പ്രമുഖ വിദ്യാഭ്യാസ-കരിയർ ഗൈഡൻസ് സ്ഥാപനങ്ങളുടെ പ്രദർശനമൊരുക്കുന്ന മേളയിലേക്ക് ആദ്യ ദിനം ഒഴുകിയെത്തിയത് വിദ്യാർഥികളും അധ്യാപകരുമടക്കം നൂറുകണക്കിനുപേർ.
രണ്ടുദിവസം നീളുന്ന മഹാമേളയുടെ ഉദ്ഘാടനം ‘ഗൾഫ് മാധ്യമം’ ചീഫ് എഡിറ്റർ ഹംസ അബ്ബാസ് നിർവഹിച്ചു. വിജ്ഞാനത്തിന്‍റെയും കരിയർ സാധ്യതകളുടെയും പുതുവഴികൾ തുറന്നിടുന്ന വിദ്യാഭ്യാസ-കരിയർ മേള സംഘടിപ്പിക്കാൻ കഴിഞ്ഞതിൽ ഏറെ അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളെ കൂടുതൽ ശോഭനമായ ഭാവിയിലേക്ക് വഴി നടത്താൻ ഇത്തരം ഉദ്യമങ്ങൾ എന്നും ഗുണകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ ലിജീഷ് കുമാർ (ഡയറക്ടർ, സൈലം) ആശംസകൾ നേർന്നു. മാനസിക സംഘർഷങ്ങൾ ഇല്ലാതെ മികച്ച അന്തരീക്ഷത്തിലുള്ള പഠനക്രമമാണ് പുതിയ കാലത്തെ വിദ്യാർഥികൾ ആഗ്രഹിക്കുന്നതെന്നും അത് നൽകുന്നതാണ് സൈലത്തിന്‍റെ വിജയമെന്നും അദ്ദേഹം പറഞ്ഞു. അഫി അഹമ്മദ് (ചെയർമാൻ, സ്മാർട്ട് ട്രാവൽ ഗ്രൂപ്), പി.എം. സാലിഹ് (‘മാധ്യമം’ സി.ഇ.ഒ), സലിം അമ്പലൻ (ഡയറക്ടർ, ‘ഗൾഫ് മാധ്യമം’ മിഡിൽ ഈസ്റ്റ് ഓപറേഷൻസ്), ഡോ. അഹമ്മദ് (ഡയറക്ടർ, മീഡിയവൺ) എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
രാവിലെ ഇക്വസ്ട്രിയൻ വേൾഡ് എൻഡ്യുറൻസ് ചാമ്പ്യൻഷിപ് ജേതാവ് നിദ അൻജുമിന്‍റെ വിജയ ഗാഥകൾ പങ്കുവെക്കുന്ന ഇന്‍ററാക്ടിവ് സെഷനോടെയാണ് പരിപാടിക്ക് തുടക്കമായത്. വെല്ലുവിളികളെ അതിജീവിച്ച് ജീവിതത്തിൽ മുന്നേറാൻ ലിംഗവ്യത്യാസങ്ങൾ തടസ്സമായിട്ടില്ലെന്നും അതിന് സഹായിച്ചത് സുഹൃത്തുക്കളുടെയും രക്ഷിതാക്കളുടെയും പിന്തുണയാണെന്നും നിദ അൻജും പറഞ്ഞു. ഇഷ്ടമുള്ള കരിയർ തിരഞ്ഞെടുത്ത് മുന്നേറാൻ സ്ത്രീയായതു കൊണ്ട് ഒരു തടസ്സവും ഉണ്ടായിട്ടില്ല. ഭരണാധികാരികളിൽനിന്ന് വലിയ പിന്തുണയാണ് ഇക്കാര്യത്തിൽ തനിക്ക് ലഭിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.
ഡേറ്റ അനലിറ്റിക്സിന്‍റെ പുതു സാധ്യതകൾ പരിചയപ്പെടുത്തുന്നതായിരുന്നു പ്രമുഖ ഡേറ്റ അനലിസ്റ്റ് മുഹമ്മദ് അൽഫാന്‍റെ സെഷൻ. തുടർന്ന് എ.പി.ജെ. അബ്ദുൽ കലാം ഇന്നൊവേഷൻ അവാർഡിനുള്ള നോമിനേഷനുകളുടെ ഒന്നാം റൗണ്ട് മത്സരവും വേദിയിൽ നടന്നു. വ്യാഴാഴ്ച നടക്കുന്ന ഫൈനൽ റൗണ്ടിനുശേഷം എ.പി.ജെ. അബ്ദുൽ കലാം ഇന്നൊവേഷൻ അവാർഡ് പ്രഖ്യാപിക്കും. അതോടൊപ്പം എഴുത്തുകാരിയും മനഃശാസ്ത്ര വിദഗ്ധയുമായ ആരതി സി. രാജരത്നം, പ്രമുഖ മജീഷ്യൻ മാജിക് ലിയോ, ഡോ. അനന്തു (ഫൗണ്ടർ ആൻഡ് സി.ഇ.ഒ, സൈലം), ലിജീഷ് കുമാർ (ഡയറക്ടർ, സൈലം) എന്നിവരും വ്യാഴാഴ്ച വിദ്യാർഥികളുമായി സംവദിക്കും. വൈകീട്ട് അഞ്ചുമണിയോടെയാണ് മേളയുടെ സമാപനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.