താമരശ്ശേരി (കോഴിക്കോട്): നീറ്റ് 2023 ഫലം പ്രസിദ്ധീകരിച്ചപ്പോൾ കേരളത്തിൽ ഒന്നാം സ്ഥാനത്ത് എത്തിയത് താമരശ്ശേരി സ്വദേശിനി ആർ.എസ്. ആര്യ. 711 മാർക്ക് കരസ്ഥമാക്കിയാണ് ആര്യ കേരളത്തിൽ ഒന്നാമതും ഇന്ത്യയിൽ 23ാമതും എത്തിയത്. താമരശ്ശേരി സ്റ്റേഷനിലെ എസ്.എസ്.ബി സബ് ഇൻസ്പെക്ടറായ പള്ളിപ്പുറം വേണ്ടേക്ക്മുക്ക് തുവ്വക്കുന്നുമ്മൽ ടി.കെ. രമേഷ് ബാബു -കെ. ഷൈമ ദമ്പതികളുടെ മകളാണ് ആര്യ.
അർച്ചന സഹോദരിയാണ്. താമരശ്ശേരി അൽഫോൻസ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർഥിനിയായിരുന്നു ആര്യ. വിജയത്തിൽ നിർണായകമായത് ദൃഢമായ ദൈവവിശ്വാസവും കഠിനപരിശ്രമവുമാണെന്ന് ആര്യ പറഞ്ഞു. എല്ലാ ദിവസവും 13 മുതൽ 14 മണിക്കൂർ വരെ പഠനത്തിനായി ചെലവഴിച്ചിരുന്ന ആര്യ, പരീക്ഷക്ക് അടുത്ത നാളുകളിൽ പഠനസമയം 17 മണിക്കൂറായി വർധിപ്പിച്ചു. പഠനത്തിനിടെ അനുഭവിച്ചിരുന്ന ഉത്കണ്ഠ ഇല്ലാതാക്കാൻ നൃത്തവും സംഗീതവും ഒരുപാട് സഹായിച്ചതായി ആര്യ പറഞ്ഞു.
പാല ബ്രില്യന്റ്സ് സ്റ്റഡി സെന്ററിന്റെ ഓൺലൈൻ ബാച്ചിൽ ചേർന്നാണ് നീറ്റ് പരീക്ഷക്ക് ഒരുങ്ങിയത്. ഓൾ ഇന്ത്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ തുടർപഠനം നടത്താനാണ് ആഗ്രഹം. പഠനത്തിൽ മാത്രമല്ല പാഠ്യേതര വിഷയങ്ങളിലും ആര്യ സ്കൂളിൽ മുൻപന്തിയിലായിരുന്നുവെന്ന് അധ്യാപകർ അനുസ്മരിച്ചു.
പഠനത്തോടൊപ്പം സംഗീത നൃത്തവാസനകളെ നന്നായി ഉപയോഗിച്ചുമാണ് ആര്യ മുന്നോട്ടുപോയത്. സ്നേഹത്തോടും വിനയത്തോടുംകൂടി അധ്യാപകരിൽനിന്ന് പഠിക്കാനുള്ള ആര്യയുടെ എളിമയുള്ള മനസ്സാണ് ഈ വിജയത്തിൽ എത്തിച്ചതെന്ന് അൽഫോൻസ സ്കൂൾ പ്രിൻസിപ്പൽ ഫാ. ജിൽസൺ ജോസഫ് പറഞ്ഞു. പ്ലസ് ടുവിന് ഉന്നത വിജയം നേടിയ ആര്യ നർത്തകിയും ഗായികയുമാണ്. സഹോദയ സ്കൂൾ കലോത്സവത്തിന് മോഹിനിയാട്ടത്തിൽ വിജയം നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.