കേന്ദ്ര പൊതുമേഖലയിൽപെടുന്ന ചെന്നൈ ആസ്ഥാനമായ ഇന്ത്യൻ ബാങ്ക് വിവിധ സംസ്ഥാന/ കേന്ദ്രഭരണ പ്രദേശങ്ങളിലുള്ള ബ്രാഞ്ചുകളിലേക്ക് അപ്രന്റീസുകളെ തെരഞ്ഞെടുക്കുന്നു. ആകെ 1500 ഒഴിവുകളുണ്ട് (കേരളത്തിൽ 44 പേർക്കാണ് അവസരം). ഏതെങ്കിലും ഒരു സംസ്ഥാനത്തിലേക്കാണ് അപേക്ഷിക്കാവുന്നത്. പ്രാദേശിക ഭാഷയിൽ വായിക്കാനും എഴുതാനും സംസാരിക്കാനും കഴിയണം. അപ്രന്റീസ് ആക്ടിന് വിധേയമായി തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 12 മാസത്തെ ‘ഓൺ ദ ജോബ്’ പരിശീലനം ലഭിക്കും. ഗ്രാമീണ ബ്രാഞ്ചുകളിൽ 12,000 രൂപയും നഗരങ്ങളിലെ ബ്രാഞ്ചുകളിൽ 15,000 രൂപയുമാണ് പ്രതിമാസ സ്റ്റൈപൻഡ്. മറ്റ് അലവൻസുകളൊന്നുമില്ല.
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം. പ്രായപരിധി 1.7.2024ൽ 20-28 വയസ്സ്. എസ്.സി/ എസ്.ടി/ ഒ.ബി.സി/ പി.ഡബ്ല്യു.ബി.ഡി വിഭാഗങ്ങൾക്ക് നിയമാനുസൃത വയസ്സിളവുണ്ട്. അപേക്ഷകർ www.nats.education.gov.in എന്ന അപ്രന്റീസ്ഷിപ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കണം.
അപേക്ഷഫീസ് 500 രൂപ. എസ്.സി/ എസ്.ടി/ പി.ഡബ്ല്യു.ബി.ഡി വിഭാഗങ്ങൾക്ക് ഫീസില്ല. വിശദവിവരങ്ങളടങ്ങിയ അപ്രന്റീസ് വിജ്ഞാപനം www.indianbank.in/careersൽ ലഭിക്കും. 2024 -25 വർഷത്തേക്കുള്ള അപ്രന്റീസ് പരിശീലനത്തിന് ഓൺലൈനായി ജൂലൈ 31 വരെ അപേക്ഷിക്കാം.
സെലക്ഷൻ: ഒബ്ജക്ടിവ് മാതൃകയിലുള്ള ഓൺലൈൻ ടെസ്റ്റ്, പ്രാദേശിക ഭാഷ പരിജ്ഞാന ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഓൺലൈൻ ടെസ്റ്റിൽ റീസണിങ് ആപ്റ്റിറ്റ്യൂഡ് ആൻഡ് കമ്പ്യൂട്ടർ നോളജ്, ജനറൽ ഇംഗ്ലീഷ്, ക്വാണ്ടിറ്റേറ്റിവ് ആപ്റ്റിറ്റ്യൂഡ്, ജനറൽ ഫിനാൻഷ്യൽ അവയർനെസ് എന്നിവയിൽ 100 ചോദ്യങ്ങൾ 100 മാർക്കിന്. പരമാവധി 60 മിനിറ്റ് സമയം അനുവദിക്കും.
കേരളത്തിൽ കൊച്ചി, തിരുവനന്തപുരം, കണ്ണൂർ, കോഴിക്കോട്, തൃശൂർ എന്നിവയും ലക്ഷദ്വീപിൽ കവരത്തിയും പരീക്ഷകേന്ദ്രങ്ങളാണ്. കൂടുതൽ വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.