പഠിക്കേണ്ട പ്രായത്തിൽ പഠിക്കണം. ആ സമയത്ത് കളിച്ചു നടന്നിട്ട് പിന്നീട് ഖേദിച്ചിട്ടും കാര്യമുണ്ടാകില്ല. പണ്ടുകാലത്ത് ജീവിത പ്രാരാബ്ദങ്ങൾക്കിടയിൽ പഠിക്കാൻ കഴിയാത്ത ഒട്ടനവധി പേരുണ്ട് നമ്മുടെ കൂട്ടത്തിൽ. കഷ്ടപ്പാടിനിടയിലും പഠനം ഉപേക്ഷിക്കാത്ത ഒരു മിടുക്കനെ കുറിച്ചാണ് പറയാൻ പോകുന്നത്. നോയ്ഡ സ്വദേശിയായ സണ്ണി കുമാറിനെ കുറിച്ച്. വലിയ കഷ്ടപ്പാടായിരുന്നു സണ്ണിയുടെ വീട്ടിൽ. അച്ഛൻ അവരെ സംരക്ഷിക്കാറില്ല. അമ്മയാണ് കുടുംബത്തിന്റെ നെടുംതൂൺ. കുടുംബത്തെ തന്നെ കൊണ്ടാവുന്നത് പോലെ സഹായിക്കാൻ സണ്ണിയും ശ്രമിച്ചു.
ഉച്ചക്ക് രണ്ട് മണിയോടെ സ്കൂൾകഴിയും. അതിനു ശേഷം തന്റെ സമൂസ സ്റ്റാളിലെത്തി സണ്ണി പണി തുടങ്ങും. നാലഞ്ചു മണിക്കൂർ അവിടെയുണ്ടാകും. എന്നാൽ സമൂസ വിൽപനയല്ല തന്റെ ഭാവി തീരുമാനിക്കേണ്ടതെന്നും സണ്ണിക്ക് ദൃഢനിശ്ചയമുണ്ടായിരുന്നു.
രോഗം വന്ന് അമ്മക്കൊപ്പം ആശുപത്രികളിൽ പോവുമ്പോൾ മരുന്നുകളുടെ ലോകം സണ്ണിയെ എല്ലാകാലത്തും ആശ്ചര്യപ്പെടുത്തിയിരുന്നു. ഡോക്ടർമാർ കുറിച്ചുകൊടുക്കുന്ന മരുന്നുകൾ കഴിച്ച് രോഗം മാറുന്നത് അവന് വലിയ കൗതുകമായിരുന്നു. ആളുകളിൽ നിന്ന് രോഗമകറ്റുന്ന വിദ്യ തനിക്കും പഠിച്ചെടുക്കണം എന്നവൻ ആഗ്രഹിച്ചു.
ദാരിദ്ര്യത്തിനിടയിലും നന്നായി പഠിക്കുമായിരുന്നു സണ്ണി. സമൂസ വിൽപന കഴിഞ്ഞ് രാത്രി വൈകും വീട്ടിലെത്താൻ. പിന്നീട് നേരം പുലരും വരെ ഇരുന്ന് പഠിക്കും. അങ്ങനെ പഠിച്ച് സണ്ണിയുടെ കണ്ണിന് വരെ വേദന വന്നു. പഠിക്കുന്ന കാര്യങ്ങളെല്ലാം ചെറിയ നോട്ടുകളാക്കി കുറിച്ച് മുറിയിൽ ഒട്ടിച്ചുവെക്കുന്നതും ഈ മിടുക്കന്റെ ശീലമായിരുന്നു. ഫിസിക്സ് വാലയാണ് സണ്ണിയുടെ കഥ പുറത്തുവിട്ടത്. അവരുടെ ആപ്പ് വഴിയായിരുന്നു സണ്ണിയുടെ നീറ്റ് തയാറെടുപ്പ്. കഷ്ടപ്പെട്ട് പഠിച്ച് സണ്ണി നീറ്റ് പരീക്ഷയിൽ നേടിയെടുത്തത് 700ൽ 664 മാർക്കാണ്. അതും ആദ്യശ്രമത്തിൽ തന്നെ.
.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.