പയ്യന്നൂർ: ഏഴിമല നാവിക അക്കാദമിയിൽനിന്ന് പരിശീലനം പൂർത്തിയാക്കിയ 237 കാഡറ്റുകൾ കൂടി ഇന്ത്യൻ നാവികസേനയുടെ ഭാഗമായി. വിദേശികൾ ഉൾപ്പെടെ പരിശീലനം പൂർത്തിയാക്കിയ 253 ഓഫിസർ കാഡറ്റുകളുടെ പാസിങ് ഔട്ട് പരേഡ് ശനിയാഴ്ച അക്കാദമി ഗ്രൗണ്ടിൽ നടന്നു.
'നാവിക അക്കാദമിയിൽനിന്ന് ബി.ടെക് ബിരുദം നേടിയ 114 മിഡ്ഷിപ്മെൻ ഉൾപ്പെടെയുള്ള കാഡറ്റുകളാണ് സേനയുടെ ഭാഗമായത്. ശ്രീലങ്ക, ബംഗ്ലാദേശ്, മഡഗാസ്‌കർ, മൊറീഷ്യസ്, മ്യാന്മർ, സീഷെൽസ്, താൻസനിയ എന്നീ ഏഴ് വിദേശരാജ്യങ്ങളിൽനിന്ന് 16 ഓഫിസർ കാഡറ്റുകളാണുള്ളത്.
ശനിയാഴ്ച രാവിലെ അക്കാദമിയിൽ നടന്ന പാസിങ് ഔട്ട് പരേഡിൽ സി.ഐ.എസ്.സി തലവൻ എയർമാർഷൽ ബലഭദ്ര രാധാകൃഷ്ണ സല്യൂട്ട് സ്വീകരിച്ചു. ഭീകരവാദം, വെറുപ്പിന്റെ പ്രത്യയശാസ്ത്രം, പൈറസി തുടങ്ങി നമ്മുടെ നൂറ്റാണ്ട് നേരിടുന്ന പരമ്പരാഗതവും അല്ലാത്തതുമായ എല്ലാ ഭീഷണികളേയും നേരിടാൻ തയാറാവണമെന്ന് പരേഡ് പരിശോധിച്ചശേഷം നൽകിയ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.
പരിശീലനം പൂർത്തിയാക്കിയ വിദേശരാജ്യങ്ങളിലെ ട്രെയിനികൾ ഇന്ത്യയുമായും ഇന്ത്യൻ നേവിയുമായുള്ള സൗഹൃദം ശക്തമാക്കാൻ പരിശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഓൾറൗണ്ട് മികവ് പുലർത്തിയ ട്രെയിനികൾക്കുള്ള അവാർഡുകൾ മുഖ്യാതിഥി സമ്മാനിച്ചു. ബി.ടെക് ബാച്ചിലെ പ്രസിഡന്റിന്റെ സ്വർണ മെഡൽ അനിവേശ് സിങ് പരിഹാർ ഏറ്റുവാങ്ങി.
വെള്ളി മെഡൽ മനോജ് കുമാർ, വെങ്കല മെഡൽ വിശ്വജിത് വിജയ് പാട്ടീൽ എന്നിവരും നേവൽ ഓറിയന്റേഷൻ ബാച്ച് സ്വർണ മെഡൽ ഗൗരവ് റാവു, വെള്ളി മെഡൽ രാഘവ് സരീൻ, വെങ്കല മെഡൽ ആരോൺ അജിത് ജോൺ എന്നിവർക്കും സമ്മാനിച്ചു.
103ാമത് ഇന്ത്യൻ നേവൽ അക്കാദമി കോഴ്‌സ്, 32, 33, 34, 36 നേവൽ ഓറിയന്റേഷൻ കോഴ്‌സ് എന്നിവയിൽ പരിശീലനം പൂർത്തിയാക്കിയവരാണ് പാസിങ് ഔട്ട് പരേഡിൽ പങ്കെടുത്തത്. 35 പേർ വനിത കാഡറ്റുകളാണ്. 18 പേർ ഇന്ത്യൻ കോസ്റ്റ് ഗാർഡിലെ ഓഫിസർ കാഡറ്റുകളാണ്.
ഇതിനകം 77 സുഹൃദ് വിദേശരാജ്യങ്ങളിലെ കാഡറ്റുകൾക്ക് ഇന്ത്യൻ നാവിക അക്കാദമിയിൽ പരിശീലനം നൽകിയിട്ടുണ്ട്. നാവിക അക്കാദമി കമാൻഡൻറ് വൈസ് അഡ്മിറൽ പുനീത്കുമാർ ബാൽ, വൈസ് അഡ്മിറൽ സൂരജ് ഭേരി, റിയർ അഡ്മിറൽ അജയ് ഡി തിയോഫിലസ്, പ്രിൻസിപ്പൽ റിയർ അഡ്മിറൽ രാജ്‌വീർ സിങ് എന്നിവർ അതിഥികളായി.
വെള്ളിയാഴ്ച നടന്ന ബിരുദദാന ചടങ്ങിൽ ചീഫ് ഓഫ് നേവൽ സ്റ്റാഫ് ട്രോഫികൾ ഡി.ആർ.ഡി.ഒ ഡയറക്ടർ ജനറൽ ഡോ. ടെസ്സി തോമസ് സമ്മാനിച്ചു. ബി.ടെക് അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്ങിൽ ബംഗ്ലാദേശ് നേവിയിലെ റെയ്‌നൂർ റഹ്മാനും ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്ങിൽ വൈഭവ് സിങ്ങും മെക്കാനിക്കൽ എൻജിനീയറിങ്ങിൽ കെ. ഹരിഹരനും ട്രോഫികൾ ഏറ്റുവാങ്ങി. ബി.ടെക് കോഴ്‌സുകൾ ന്യൂഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിലാണ് അഫിലിയേറ്റ് ചെയ്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.